‘പ്രസവശേഷം ദുര്‍ഗന്ധവും കടുത്ത വയറുവേദനയും, 75ാം ദിനം കട്ടത്തുണി തനിയെ പുറത്തുവന്നു!’: ദുരനുഭവം വെളിപ്പെടുത്തി യുവതി
Mail This Article
പ്രസവം കഴിഞ്ഞതിനു പിന്നാലെ ശരീരത്തിനുള്ളില്‍ കോട്ടണ്‍ തുണി കണ്ട സംഭവത്തില്‍ ദുരനുഭവം വെളിപ്പെടുത്തി യുവതി. രക്തസ്രാവം തടയാന്‍ വച്ച തുണി പുറത്തെടുത്തില്ലെന്നാണ് ഡോക്ടര്‍മാര്‍ക്കെതിരായ ആരോപണം. മാനന്തവാടിയിലെ വയനാട് മെഡിക്കല്‍ കോളജിന്റെ ചികില്‍സാപ്പിഴവാണ് സംഭവത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. സംഭവത്തില്‍ മന്ത്രി ഒ.ആര്‍. കേളുവിനും പൊലീസിനും കുടുംബം പരാതി നല്‍കിയിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്ന് യുവതി പറയുന്നു.
സംഭവം ഇങ്ങനെ;
‘പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയതിനു പിന്നാലെ കടുത്ത വയറുവേദനയും ദുര്‍ഗന്ധവും അനുഭവപ്പെട്ടു. ഉള്ളിലെന്തോ ഇരിക്കുന്നതായി തോന്നുന്നുവെന്ന് പലതവണ വീട്ടുകാരോട് പറഞ്ഞു. 20 ദിവസത്തിനു ശേഷം ആശുപത്രിയിലെത്തിയും ഇക്കാര്യം പറഞ്ഞു. ഉള്ള് പരിശോധിച്ചെങ്കിലും ഒന്നുമില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ മറുപടി.
വെള്ളം കുടിക്കാത്തതു കൊണ്ടാണ് ദുര്‍ഗന്ധം എന്നായിരുന്നു ഡോക്ടറുടെ മറുപടി. തിരിച്ചു വീട്ടിലെത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വേദനയും അസ്വസ്ഥതയും ദുര്‍ഗന്ധവും മാറിയില്ല, 75ാം ദിവസം ഒരു കട്ടത്തുണി തനിയെ പുറത്തുവരുകയായിരുന്നു. ഇത്രയും ദിവസം ഭക്ഷണം കഴിക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. ശരീരമാകെ ശോഷിച്ചു പോയി. സംഭവം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കാര്യമുണ്ടായില്ല.’- യുവതി പറഞ്ഞു.
ഒക്ടോബര്‍ 20 നാണ് മാനന്തവാടി പാണ്ടക്കടവ് സ്വദേശിയായ ഇരിപത്തിയൊന്നുകാരിയുടെ പ്രസവം നടന്നത്. 25ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. സാധാരണ പ്രസവമായിരുന്നു യുവതിയുടേത്. ഡിസംബര്‍ 29 നാണ് തുണി പുറത്തുവന്നത്. ഈ സമയവും കടുത്ത ദുര്‍ഗന്ധമാണ് അനുഭവപ്പെട്ടത്. രക്തസ്രാവം തടയാന്‍ വയ്ക്കുന്ന തുണി പുറത്തെടുക്കാത്തതാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.