സ്വര്‍ണ്ണമാല നൈസായി താഴേക്കിട്ടു, പകരം മറ്റൊരു മാല വച്ചു; തട്ടിപ്പ് മനസ്സിലായതോടെ സ്വര്‍ണ്ണവുമായി ഓട്ടം, പിടികൂടി നാട്ടുകാരും!
Mail This Article
പെരുമ്പാവൂരില്‍ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണ്ണമാല മോഷ്ടിച്ച് ഓടിയ പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി മുഹമ്മദ് അനസാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി എട്ടുമണിക്ക് സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരത്ത് പ്രവർത്തിക്കുന്ന വള്ളൂരാൻ സംഗീത ജ്വല്ലറിയിലായിരുന്നു മോഷണം.
മാല വാങ്ങാനാണെന്ന വ്യാജേന കടയിലെത്തിയ പ്രതി ഒന്നര ലക്ഷം വരുന്ന സ്വര്‍ണമാല തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. ജ്വല്ലറി ഉടമ നൽകിയ മാല ഫോട്ടോയെടുക്കാൻ എന്ന വ്യാജേന താഴേക്കിട്ട ശേഷം തന്റെ കൈവശം ഉണ്ടായിരുന്ന മറ്റൊരു മാല പകരം നൽകി.
തട്ടിപ്പ് മനസ്സിലായ സ്ഥാപന ഉടമ ഇത് ചോദ്യം ചെയ്യുന്നതിനിടെ ഇയാൾ യഥാര്‍ഥ മാലയുമായി കടന്നു. ഉടമ പിന്നാലെ ഓടുന്നത് കണ്ട് നാട്ടുകാരും ഒപ്പം കൂടി.
തൊട്ടടുത്ത കെട്ടിടത്തിന്റെ മുകളിലേക്ക് ഓടി കയറിയ പ്രതിയെ അവിടെവച്ച് പിടികൂടി. കോതമംഗലം പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ മൊബൈൽ ഫോൺ തട്ടിയെടുത്തതിന് കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.