‘ഇനി നഷ്ടപ്പെടാന്‍ ഒന്നുമില്ല, ഇങ്ങോട്ട് തന്ന ഓരോരുത്തര്‍ക്കും അതേ നാണയത്തില്‍ തിരിച്ചുകൊടുക്കും’; രാഹുലിന്റെ ഭീഷണി സന്ദേശം പുറത്ത്...
Mail This Article
മൂന്നാമത്തെ പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ യുവതിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകള്‍ പുറത്തുവന്നു. ‘നീ എന്തുചെയ്താലും അതിന്റെ ബാക്കി ഞാൻ ചെയ്യു’മെന്നായിരുന്നു രാഹുലിന്റെ ഭീഷണി. ‘നീ ചെയ്യുന്നത് ഞാൻ താങ്ങും എന്നാല്‍ നീ താങ്ങില്ല. നാട്ടിൻ വന്നാൽ ആളുകളുമായി ഞാൻ നിന്റെ വീട്ടിൽ വരും’- രാഹുല്‍ യുവതിക്കു അയച്ച ഭീഷണി സന്ദേശത്തില്‍ പറയുന്നു. ടെലഗ്രാമില്‍ നടത്തിയ ചാറ്റിന്റെ സ്ക്രീന്‍ഷോട്ടുകളാണ് പുറത്തുവിട്ടിരിക്കുന്നത്.
‘‘എനിക്കും എന്റെ കുടുംബത്തിനും ഇനി നഷ്ടപ്പെടാന്‍ ഒന്നുമില്ല. ഇങ്ങോട്ട് തന്ന ഓരോരുത്തര്‍ക്കും അവരുടെ കുടുംബത്തിനും അതേ നാണയത്തില്‍ തിരിച്ചുകൊടുക്കും. ആരെയാണ് നീ പേടിപ്പിക്കുന്നത്? പേടിപ്പിക്കാന്‍ നീ എന്നല്ല, ഈ ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട, പേടിക്കാന്‍ ഉദ്ദേശമില്ല. ഞാന്‍ മാത്രം മോശവും ബാക്കിയുള്ളവര്‍ പുണ്യാളത്തികളും ആയിട്ട് ഉള്ള ഒരു പരിപാടിയും ഇനി നടക്കില്ല.
ഈ പേടിപ്പിക്കുന്ന പരിപാടി ഒരു മാസം മുന്‍പ് വരെയൊക്കെ നടത്തിയെങ്കില്‍ അല്‍പം എങ്കിലും ഞാന്‍ മൈന്‍ഡ് ചെയ്യുമായിരുന്നു. ഇപ്പോ എല്ലാത്തിന്റെയും എക്സ്ട്രീം കഴിഞ്ഞു നില്‍ക്കുകയാണ്. ഇത് ഇമേജ് തിരിച്ചുപിടിക്കല്‍ ഒന്നുമല്ല, അത് നിന്റെ തോന്നലാണ്. നീ എല്ലാം ചെയ്തിട്ടു വാ. എന്നിട്ട് പിന്നെ നന്നായി ജീവിക്കണേ...’’- രാഹുല്‍ ചാറ്റില്‍ പറയുന്നു. പ്രസ് മീറ്റ് നടത്താനുള്ള വെല്ലുവിളിയും ചാറ്റിലുണ്ട്.
അടുത്തിടെ നടത്തിയ ചാറ്റുകളാണ് പുറത്തുവന്നത്. പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത കാര്യങ്ങളെല്ലാം അതിജീവിത രാഹുലിനോട് പറയുന്നതായി ചാറ്റില്‍ കാണാം. ‘ഈ സസ്പെൻഷൻ എങ്ങനെയെങ്കിലും പിൻവലിപ്പിച്ച് പാർട്ടിയിൽ തിരിച്ചുവന്ന് നിന്റെ ഇമേജ് തിരിച്ചുപിടിക്കാനുള്ള ശ്രമമുണ്ടല്ലോ അത് കാണാം, അതൊന്നും അനുവദിക്കില്ല, ഞങ്ങളുടെയൊക്കെ ജീവിതം നശിപ്പിച്ച് നീ നിന്റെ ഇമേജ് തിരിച്ചുപിടിച്ച് പൊളിറ്റിക്കൽ കരിയർ തിരിച്ചുപിടിക്കാനുള്ള ശ്രമം ഞങ്ങൾ അനുവദിക്കില്ല എന്നും വളരെ കൃത്യമായി അതിജീവിത പറയുന്നുണ്ട്.
അതേസമയം രാഹുലിന്റെ ജയിൽ വാസം നീളും. ഇന്ന് ജാമ്യാപേക്ഷ നൽകുമെങ്കിലും വാദത്തിലേക്ക് കടക്കില്ല. പൊലീസ് കസ്റ്റഡി അപേക്ഷയും ഇന്ന് നൽകുന്നതു കൊണ്ടാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് വൈകുന്നത്. അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസിന്റെ ആവശ്യം. കസ്റ്റഡി അപേക്ഷ സാധാരണഗതിയിൽ കോടതി അനുവദിക്കും. അങ്ങിനെയെങ്കിൽ ജാമ്യാപേക്ഷ പരിഗണിക്കാൻ ഈ ആഴ്ച അവസാനമായേക്കും. അതുവരെ ജയിലിലും പൊലീസിന്റെ കസ്റ്റഡിയിലുമായി രാഹുൽ കഴിയേണ്ടിവരും.