‘എനിക്ക് ഡാൻസ് അറിയില്ലെന്ന് പറഞ്ഞ് പലരും കളിയാക്കി; അത് വിശ്വസിച്ചിരുന്നെങ്കിൽ ‘ഡെലുലു’ ആവാൻ കഴിയില്ലായിരുന്നു’: റിയ ഷിബു
Mail This Article
തൃശൂരിലെ സംസ്ഥാന സ്കൂൾ കലോത്സവ ഉദ്ഘാടന വേദിയിൽ തിളങ്ങി നടി റിയ ഷിബു. ‘സർവം മായ’ ലുക്കിലാണ് താരം ഉദ്ഘാടന വേദിയിൽ വിശിഷ്ടാതിഥിയായി എത്തിയത്. സിനിമയിൽ ‘പുതുമഴ’ എന്ന പാട്ടില്‍ ധരിച്ച ലാവണ്ടർ നിറത്തിലുള്ള ചുരിദാറിട്ടാണ് റിയ എത്തിയത്. നീലയിൽ ലാവണ്ടർ പൂക്കളുള്ള ചുരിദാർ ധരിച്ച സിനിമയുടെ പോസ്റ്ററും വൈറലായിരുന്നു.
ഉദ്ഘാടന വേദിയിൽ റിയ നടത്തിയ പ്രസംഗവും ശ്രദ്ധേയമായി. ‘ഇവിടെ നിങ്ങൾ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ തന്നെ എല്ലാവരും വിജയിച്ചിരിക്കുകയാണ്. കാരണം നിങ്ങൾ നിങ്ങളുടെ കഴിവിനെ വിശ്വസിക്കുന്നുണ്ട്. അതാണ് എല്ലാ ബഹുമതികൾക്കും മുകളിലുള്ളത്. കല ഹൃദയത്തിനുള്ളിൽ നിന്നു വരുന്നതാണ്. അത് ഒരു വികാരമാണ്.
‘സർവം മായ’എന്ന സിനിമയിൽ അഭിനയിക്കുന്നതിനു മുൻപ് എനിക്ക് ഡാൻസ് കളിക്കാൻ അറിയില്ലെന്ന് പറഞ്ഞ് എന്നെ പലരും കളിയാക്കിയിരുന്നു. ഞാൻ അത് വിശ്വസിച്ചിരുന്നെങ്കിൽ എനിക്ക് നിങ്ങളുടെ ‘ഡെലുലു’ ആവാൻ കഴിയില്ലായിരുന്നു. ഒരു തോൽവി ഉണ്ടായാലും അത് നിങ്ങളെ നിർവചിക്കാൻ അനുവദിക്കരുത്. കല നിങ്ങളുടെ ഹൃദയത്തിലുള്ളതാണ്. നിങ്ങളുടെ ഉള്ളിലുള്ള കലയെ ലോകത്തിന് കാണിച്ചു കൊടുക്കാൻ വേണ്ടി കല അവതരിപ്പിക്കുക’- റിയ പറയുന്നു.
വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി റിയയ്ക്കൊപ്പമുള്ള ചിത്രവും സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ‘ഡെലുലുവുമൊത്ത്. റിയ ഷിബു കലോത്സവ ഉദ്ഘാടന സമ്മേളനത്തിൽ വിശിഷ്ട അതിഥിയായിരുന്നു’ എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി റിയക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്.