‘നീ കറുത്തവളല്ലേ... ഒരു ഡോക്ടറാകാനുള്ള അര്‍ഹതയുണ്ടോ?’; അധ്യാപകരുടെ അധിക്ഷേപം, ഡന്റല്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി
Mail This Article
ബെംഗളൂരുവില്‍ ഡന്റല്‍ വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ പ്രിന്‍സിപ്പലിനും 5 കോളജ് അധ്യാപകര്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്. നിറത്തിന്റെ പേരില്‍ മകള്‍ പലതവണ ക്രൂരമായി അപമാനിക്കപ്പെട്ടിരുന്നുവെന്ന് അമ്മ പരിമള വെളിപ്പെടുത്തി. കഴിഞ്ഞയാഴ്ചയാണ് യശസ്വിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
ക്ലാസ്മുറിയില്‍ വച്ച് മറ്റെല്ലാ വിദ്യാര്‍ഥികള്‍ക്കും മുന്നില്‍വച്ച് മകള്‍ അപമാനിക്കപ്പെട്ടെന്നും വലിയ മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നുവെന്നും പരിമള പറയുന്നു. ‘നീ കറുത്തവളല്ലേ... ഒരു ഡോക്ടറാകാനുള്ള അര്‍ഹതയുണ്ടോ?’ എന്ന് അധ്യാപകര്‍ യശസ്വിനിയോട് ചോദിച്ചിരുന്നുവെന്ന് അമ്മ പൊലീസിനു മൊഴി നല്‍കി.
അക്കാദമിക് കാര്യങ്ങളിലും മകള്‍ തീര്‍ത്തും അവഗണിക്കപ്പെട്ടിരുന്നു. വളരെ വേദനിച്ചാണ് പല ദിവസങ്ങളിലും മകള്‍ കോളജില്‍ നിന്നും വീട്ടിലെത്തിയിരുന്നതെന്നും പരിമള. നിറത്തിന്റെ പേരില്‍ കോളജിലെ പല ചടങ്ങുകളിലും അവള്‍ക്ക് പ്രവേശനം നിഷേധിച്ചതായും കോളജിന്റെ ഒരു പിന്തുണയും വിദ്യാര്‍ഥിനിക്ക് ലഭിച്ചില്ലെന്നും ആരോപണമുണ്ട്.
മകളുടെ മരണത്തിനു കാരണക്കാരായ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരിമള ആവശ്യപ്പെട്ടു. ചില വിദ്യാര്‍ഥി സംഘടനകളും പരിമളയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. കോളജ് കേന്ദ്രീകരിച്ചുള്ള തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണസംഘം. ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികളില്‍ നിന്നും ജീവനക്കാരില്‍ നിന്നും പൊലീസ് മൊഴിയെടുക്കുകയാണ്.