ADVERTISEMENT

ഏറ്റുമാനൂർ മോനിപ്പള്ളി ആച്ചിക്കലിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച നീണ്ടൂർ കുറുപ്പുംപറമ്പിൽ കെ.കെ. സുരേഷ് കുമാർ (52), ഭാര്യ അമ്പിളി സുരേഷ് (45) എന്നിവരുടെ സംസ്കാരം ഇന്നലെ വീട്ടുവളപ്പിൽ നടത്തി. പൊതുദർശനത്തിന് വൻ ജനാവലിയാണ് എത്തിയത്. കൊല്ലം വേണാട് സ്വദേശി സൂരജിന്റെ മകൻ അർജിത്ത് സൂരജിന്റെ (7) സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് കൊല്ലം കിളികൊല്ലൂരിലെ പൊതുശ്മശാനത്തിൽ നടക്കും.

ഇന്നലെ രാവിലെ കോട്ടയം മെഡിക്കൽ കോളജിൽ നിന്നു പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ അർജിത്തിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. തുടർന്ന് അർജിത്ത് പഠിച്ചിരുന്ന കൈപ്പുഴ സെന്റ് മാർഗരറ്റ് എൽപി സ്കൂളിൽ പൊതുദർശനം നടത്തി. ഇവിടുത്തെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു അർജിത്ത്.

ADVERTISEMENT

പൊതു ദർശനത്തിനു ശേഷം മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 7.30ന് മൃതദേഹം പിതാവിന്റെ കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടു പോകും.ഇതേസമയം, അപകടത്തിൽ പരുക്കേറ്റ സൂരജ്, ഭാര്യ രാഖി എന്നിവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവർക്കും വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്. സൂരജിന്റെ വാരിയെല്ല് പൊട്ടി കരൾ ഭാഗത്ത് ക്ഷതമേറ്റിട്ടുണ്ടെന്നും എന്നാൽ, ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. ഇരുവരെയും ഇന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും. സുരേഷ്– അമ്പിളി ദമ്പതികളുടെ മകൻ ഗോകുൽ എസ്.കുമാർ (13) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. ഇതേസമയം, മാതാപിതാക്കളുടെ സംസ്കാര ചടങ്ങുകളിൽ ഗോകുലിനെ എത്തിച്ചില്ല. മന്ത്രി വി.എൻ.വാസവൻ ഉൾപ്പെടെയുള്ളവർ അന്ത്യോപചാരം അർപ്പിച്ചു. തിങ്കളാഴ്ച രാവിലെ 11ന് മോനിപ്പള്ളി ആച്ചിക്കൽ ലിറ്റിൽ ഫ്ലവർ വിദ്യാ നികേതൻ സ്കൂളിനു സമീപം എംസി റോഡിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. തിരുവൈരാണിക്കുളം ക്ഷേത്രദർശനത്തിനു ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു അയൽവാസികളായ 2 കുടുംബങ്ങളിലെ ആറുപേരടങ്ങുന്ന സംഘം. അപകടത്തിൽ 3 പേർ മരിക്കുകയും 3 പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.

ADVERTISEMENT

ശിൽപം പൂർത്തിയാക്കി ശിൽപി മടങ്ങി

കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിക്കു മുൻപിൽ സ്ഥാപിക്കുന്ന പുതിയ ശിൽപത്തിന്റെ സമർപ്പണം നടത്തും മുൻപേ ആണ് ശിൽപിയായ സുരേഷ് യാത്രയായത്. അമ്മയുടെ കൈക്കുമ്പിളിൽ കിടന്നുറങ്ങുന്ന കുഞ്ഞിന്റെ ശിൽപമാണ് ആശുപത്രിക്കായി സുരേഷ് രൂപകൽപന ചെയ്തു നിർമിച്ചത്. 5 അടി ഉയരത്തിൽ 2 ലക്ഷം രൂപ മുടക്കിയാണ് സിമന്റുപയോഗിച്ച് ശിൽപം പൂർത്തിയാക്കിയത്. 2025 ഓഗസ്റ്റിലാണ് പണി ആരംഭിച്ചത്. ശിൽപത്തിന്റെ പണികൾ പൂർത്തിയായിരുന്നു. ചുവടെയുള്ള അലങ്കാരപ്പണികൾ മാത്രമാണ് പൂർത്തിയാക്കാനുണ്ടായിരുന്നത്.

ADVERTISEMENT

അടുത്തു തന്നെ സമർപ്പണം നടത്താൻ നിശ്ചയിച്ചിരുന്നതായി ആശുപത്രി സൂപ്രണ്ട് ഡോ.കെ.പി. ജയപ്രകാശ് പറഞ്ഞു. മുൻപ് ഇവിടെയുണ്ടായിരുന്ന, ഭൂഗോളത്തിന്റെ മുകളിൽ ഇരിക്കുന്ന കുട്ടിയുടെ ശിൽപം കാലപ്പഴക്കത്താൽ കേടുപാടു സംഭവിച്ചതിനെ തുടർന്നാണ് പുതിയത് സ്ഥാപിച്ചത്. ഒരു സ്വകാര്യ സ്ഥാപനം സ്പോൺസർ ചെയ്താണ് ശിൽപം നിർമിച്ചത്. കുടുംബത്തിൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുമ്പോഴും ശിൽപത്തിന്റെ നിർമിതിയിൽ സുരേഷ് കുമാർ വീഴ്ച വരുത്തിയില്ല. വായ്പ കുടിശിക വന്ന് വീടും ജപ്തി ഭീഷണിയിലാണെന്ന് ബന്ധുക്കൾ പറയുന്നു. സുരേഷിന്റെ മകൻ ഗോകുൽ (12) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മകൾ ഗൗരി അനാരോഗ്യം മൂലം വീട്ടിലായിരുന്നതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

Tragic Accident Claims Three Lives in Ettumanoor:

Ettumanoor accident claims three lives. The tragic accident near Ettumanoor resulted in the death of Suresh Kumar, Ambili Suresh, and Arjith Sooraj, with others injured and receiving treatment.

ADVERTISEMENT