ADVERTISEMENT

കണ്ണൂർ പയ്യാവൂരിൽ സ്‌കൂൾ കെട്ടിടത്തിൽനിന്നു ചാടി മരിച്ച പതിനേഴുകാരിയുടെ വൃക്ക അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. കണ്ണൂരിൽ നിന്ന് ഇൻഡിഗോ വിമാനത്തിലാണ് വൃക്ക തിരുവനന്തപുരത്തേക്കു കൊണ്ടുവന്നത്. രാവിലെ 10.42ന് വൃക്ക തിരുവനന്തപുരം എയർപോർട്ടിലും 11 മണിയോടെ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലും എത്തിച്ചു. പൊലീസിന്റെ സഹായത്തോടെയാണ് അവയവം റോഡ് മാർഗം അതിവേഗമെത്തിച്ചത്.

ആദ്യം ഹെലികോപ്റ്ററിൽ കൊണ്ടുവരാനാണ് തീരുമാനിച്ചതെങ്കിലും സാങ്കേതിക പ്രശ്‌നങ്ങൾ കാരണം യാത്ര ഇൻഡിഗോ വിമാനത്തിലേക്ക് മാറ്റി. ഇതാദ്യമായാണ് യാത്രാവിമാനത്തിൽ അവയവം കൊണ്ടുവരുന്നതെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ കെ സോട്ടോ നോഡൽ ഓഫിസർ ഡോക്ടർ നോബിൾ പറഞ്ഞു. കണ്ണൂർ മെഡിക്കൽ കോളജിലെ ട്രാൻസ്പ്ലാന്റ് കോ-ഓർഡിനേറ്റർ നമിതയാണ് വൃക്കയുമായി വിമാനത്തിൽ തിരുവനന്തപുരത്തേക്ക് വന്നത്.

ADVERTISEMENT

ചികിത്സയിൽ തുടരവേ ഇന്നലെ രാത്രിയോടെയാണ് മസ്തിഷ്ക മരണം സംഭവിച്ചത്. തുടർന്നാണ് അയോണ മോൺസന്റെ രണ്ട് വൃക്കകളും കരളും കോർണിയയും ദാനം ചെയ്തത്. തലശ്ശേരിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തും ചികിത്സയിലുള്ള നാലുപേർക്കാണ് അയോനയുടെ അവയവങ്ങൾ ദാനം ചെയ്തത്. വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കും കോഴിക്കോട് ആസ്റ്റർ മിംസിലേക്കും കരൾ കോഴിക്കോട് മെയ്ത്ര ആശുപത്രിയിലേക്കും കോർണിയ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്കുമാണ് നൽകിയത്.

തിങ്കളാഴ്ചയാണ് പയ്യാവൂർ ഇരൂഡ് സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ മൂന്നാം നിലയിൽനിന്ന് പ്ലസ്ടു വിദ്യാർഥിനിയായ അയോണ മോൻസൺ (17) ചാടിയത്. തുടർന്ന്, ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിനി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലാബ് പരീക്ഷയടക്കം നടക്കാനിരിക്കെയായിരുന്നു വിദ്യാർഥിനി ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. 

ADVERTISEMENT

അയോണയുടെ അമ്മ വിദേശത്തേയ്ക്കു പോകാനിരിക്കുകയായിരുന്നുവെന്നും ഇക്കാരണത്താൽ കുട്ടി സങ്കടത്തിലായിരുന്നെന്നും വിവരമുണ്ട്. രാവിലെ സ്‌കൂളിലെത്തിയ കുട്ടി ക്ലാസ് മുറിയിൽ നിന്നിറങ്ങിയതിനു ശേഷം കെട്ടിടത്തിനു മുകളിലേയ്ക്ക് പോയി താഴേക്ക് ചാടുകയായിരുന്നു. ബാസ്കറ്റ് ബോൾ കോർട്ടിലേക്കാണ് വിദ്യാർഥിനി വീണത്. സംഭവത്തിൽ പയ്യാവൂർ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം പയ്യാവൂർ മേഴ്സി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. സംസ്കാരം വെള്ളിയാഴ്ച നടത്തും.

Kidney Transported for Emergency Transplant:

Kidney transplant was carried out after the student's death. A kidney harvested from a 17-year-old girl who died after falling from a school building in Kannur was transported to Thiruvananthapuram Medical College for transplant.

ADVERTISEMENT
ADVERTISEMENT