പതിനാറുകാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിൽ; സഹപാഠി അറസ്റ്റില്‍, കൊലപാതകമെന്ന് സംശയം
Mail This Article
മലപ്പുറം വണ്ടൂർ വാണിയമ്പലം തൊടികപുലത്ത് പതിനാറുകാരിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ കണ്ടെത്തി. കരുവാരകുണ്ട് ഹയർസെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ചത്. ഇതേ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പെൺകുട്ടിയെ കാണാനില്ലെന്ന് രക്ഷിതാവ് കരുവാരകുണ്ട് പൊലീസ് സ്റ്റേഷനിൽ ഇന്നലെ പരാതി നൽകിയിരുന്നു. തുടർന്നാണ് ആൺ സുഹൃത്തിനെ കസ്റ്റഡിയിൽ എടുത്തത്. ആൺസുഹൃത്ത് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇന്ന് 11 മണിയോടെയാണ് വാണിയമ്പലത്തിനും തൊടികപുലത്തിനും ഇടയിൽ റെയിൽവേ പുറമ്പോക്ക് സ്ഥലത്തെ കുറ്റിക്കാട്ടിൽ നിന്നു കൊല്ലപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ആൺസുഹൃത്ത് കുറ്റം സമ്മതിച്ചതായി സൂചനയുണ്ട്. ഇവർ നേരത്തേ അടുപ്പത്തിലായിരുന്നതായാണ് ലഭിക്കുന്ന വിവരം. പെൺകുട്ടിയെ ശല്യപ്പെടുത്തുന്നു എന്ന് കാണിച്ച് മാതാവ് പരാതി നൽകിയിരുന്നതായും തുടർന്ന് ആൺ സുഹൃത്തിനെ പൊലീസ് താക്കീത് ചെയ്തിരുന്നതായും പറയുന്നുണ്ട്.
ഇന്നലെ വൈകിട്ട് ഇരുവരും വാണിയമ്പലത്ത് വാഹനത്തിൽ എത്തിയതാണെന്നാണ് പൊലീസ് കരുതുന്നത്. ട്രെയിൻ മാർഗ്ഗം ഇറങ്ങി പുള്ളിപ്പാടത്ത് എത്തിയതാണോ എന്നും പരിശോധിക്കുന്നു. കസ്റ്റഡിയിലുള്ള ആൺസുഹൃത്തിന് പുറമേ മറ്റാർക്കെങ്കിലും സംഭവവുമായി ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.