വണ്ടിയിടിച്ച കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ പോലും നിൽക്കാതെ വഴിയിൽ ചിതറിയ മീൻ വാരിയെടുത്തോടിയ കരുണയില്ലാക്കൂട്ടം Tragic Accident in Bihar: Humanity Lost?
Mail This Article
മനുഷ്യത്വത്തിന്റെ കണിക പോലും നിങ്ങളിൽ ബാക്കിയില്ലേ? എന്നു കേട്ടവരെ കൊണ്ട് ചോദിപ്പിച്ച സംഭവമാണ് കഴിഞ്ഞ ദിവസം ബീഹാറിൽ നടന്നത്. ബീഹാറിലെ ഝാജീഹട്ട് ഗ്രാമത്തിലൂടെ രാവിലെത്തെ കോച്ചിങ്ങ് ക്ലാസിലേക്ക് പോയ പതിനൊന്നാം ക്ലാസ് വിദ്യാർഥിയെ അലക്ഷ്യമായി പാഞ്ഞു വന്ന ട്രക്ക് ഇടിച്ചിടുന്നു.. എന്നാൽ റോഡിലേക്ക് മറിഞ്ഞു വീണ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിനോ പോലീസിനെ വിളിക്കുന്നതിനോ പകരം ആളുകളുടെ ശ്രദ്ധ മറ്റൊന്നിലായിരുന്നു– ട്രക്ക് മറിഞ്ഞ് റോഡിലേക്ക് വീണ മീനിലേക്ക്.!!
അപകടത്തിൽ പെട്ട് രക്തം വാർന്നു കിടക്കുന്ന ആ കുട്ടിയെ തിരിഞ്ഞു നോക്കാതെ അവർ ചാക്കുകളും പാത്രങ്ങളുമായി വന്ന് മീൻ വാരിയെടുക്കുന്ന കാഴ്ച്ചയാണ് ഇപ്പോൾ സാമൂഹ്യമാധ്യങ്ങളിലാകെ ചർച്ചയാകുന്നത്.
പതിനേഴു വയസുകാരൻ ഗോലു എന്നു വിളിക്കുന്ന റിതേഷ് കുമാറാണ് സംഭവസ്ഥലത്ത് തന്നെ മരിച്ചു വീണത്. ചുറ്റും നിൽക്കുന്നയാളുകൾ പോലും പേടിച്ച് അലറി വിളിച്ചത്ര ഭീകരമായിട്ടായിരുന്നു ട്രക്ക് ഇടിച്ചത്. എന്നിട്ടു പോലും ചുറ്റുമുള്ളവർ ഇത്തരമൊരു നീചമായ പ്രവൃത്തി ചെയ്തതാണ് പലർക്കും അവശ്വസനീയമായി തോന്നുന്നത്.
വാർത്തയറിഞ്ഞ് കുട്ടിയുടെ മാതാപിതാക്കളരികിലെത്ത ി നിലവിളിക്കുന്നതു പോലും വക വെയ്ക്കാതെയാണ് പലരും മീനെടുക്കാനുള്ള ധൃതി കാട്ടിയത്!
‘നമ്മൾ പുറകിലേക്കാണ് പരിണമിക്കുന്നത്’, ‘ മതം, രാഷ്ട്രീയം, രാജ്യ സ്നേഹം ഒക്കെ പറഞ്ഞ് തമ്മിൽ തല്ലുന്നതിനിടെ നമുക്ക് മനുഷ്യത്വം നഷ്ടപ്പെടുന്നു’ എന്നൊക്കെയാണ് പലരും കമന്റു ചെയ്യുന്നത്.
വിവരമറിഞ്ഞ് എത്തിയ പോലീസ് ആളുകളെ മാറ്റി, കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.. അപകടമുണ്ടാക്കിയ ട്രക്ക് പിടിച്ചെടുത്ത് അന്വേഷണവും തുടങ്ങി.