ADVERTISEMENT

കണ്ണൂർ തയ്യിലിൽ ഒന്നര വയസുകാരനായ മകനെ കടലിലെറിഞ്ഞു കൊന്ന കേസിൽ ഒന്നാം പ്രതിയായ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി. രണ്ടാം പ്രതിയും ശരണ്യയുടെ കാമുകനുമായിരുന്ന നിധിനെ വെറുതെ വിട്ടു. ഗൂഢാലോചന, കുറ്റകൃത്യം ചെയ്യാനുള്ള സഹായം, പ്രേരണ എന്നീ കുറ്റങ്ങൾ തെളിയിക്കാനായില്ലെന്ന് കോടതി കണ്ടെത്തി. ഇക്കാര്യത്തിൽ പ്രോസിക്യൂഷനും പൊലീസിനും വീഴ്ച പറ്റിയെന്നും കോടതി വിലയിരുത്തി. പൊലീസ് സദാചാര പൊലീസ് ചമഞ്ഞതായും കോടതി വിമർശിച്ചു. തളിപ്പറമ്പ് അഡീഷനൽ സെഷൻസ് ജഡ്ജി കെ.എൻ. പ്രശാന്താണ് ശരണ്യ കുറ്റക്കാരിയാണെന്ന് വിധിച്ചത്. ശിക്ഷ പിന്നീട്.

എന്തെങ്കിലും പറയാനുണ്ടോ എന്ന് ശരണ്യയോട് കോടതി ചോദിച്ചു. 27 വയസ്സ് മാത്രമാണുള്ളതെന്നും സഹായിക്കാൻ ആരുമില്ലെന്നും ശരണ്യ പറഞ്ഞു. മറ്റൊരു കേസിലും പ്രതിയല്ല. മാനസിക പിരിമുറുക്കം ഉൾപ്പെടെ നേരിടുന്നുണ്ട്. കോടതി ദയ കാണിക്കണമെന്നും ശരണ്യ പറഞ്ഞു. 

ADVERTISEMENT

2020 ഫെബ്രുവരി 17നാണു വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന ഒന്നര വയസ്സുകാരൻ വിയാനെ കാണാതായതും, തിരച്ചിലിൽ കടപ്പുറത്തു മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. അറസ്റ്റ് നടന്ന് തൊണ്ണൂറാം ദിവസമാണു പൊലീസ് കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കൊലപാതക പ്രേരണയിലും ഗൂഢാലോചനയിലുമുള്ള കാമുകൻ നിധിന്റെ പങ്കും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

കഥ മാറി, അമ്മ പ്രതിയായി; കേസിന്റെ നാള്‍വഴികള്‍

ADVERTISEMENT

2020 ഫെബ്രുവരി 17നാണ് ശരണ്യ, മകൻ തയ്യിൽ കൊടുവള്ളി ഹൗസിൽ വിയാനെ (ഒന്നര) തയ്യിൽ കടൽത്തീരത്തെ പാറയിൽ എറിഞ്ഞു കൊലപ്പെടുത്തിയത്. നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിനൊടുവില്‍ ശരണ്യയുടെ വീട്ടില്‍ നിന്നും 50 മീറ്റര്‍ അകലെയുള്ള കടല്‍ ഭിത്തിയില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. 

മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന വിയാന്‍ കടൽത്തീരത്തെ പാറക്കൂട്ടത്തിനിടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ ശരണ്യ കുറ്റം സമ്മതിച്ചത് 2 ദിവസം തുടർച്ചയായി ചോദ്യം ചെയ്ത ശേഷമാണ്. കുഞ്ഞിനെ കാണാതായപ്പോൾ ശരണ്യ ധരിച്ച വസ്ത്രത്തിൽ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യമുണ്ടായതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. കല്ലിൽ ശക്തിയായി തലയിടിച്ചുണ്ടായ പരുക്കാണു കുഞ്ഞിന്റെ മരണകാരണമെന്നു പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു. 

ADVERTISEMENT

ഭർത്താവ് പ്രണവുമായി അകന്ന് സ്വന്തം മാതാപിതാക്കൾക്കൊപ്പമായിരുന്നു ശരണ്യയുടെ താമസം. എന്നാൽ ഞായറാഴ്ച പ്രണവിനെ വിളിച്ചുവരുത്തി വീട്ടിൽ താമസിപ്പിക്കുകയും പിറ്റേന്നു പുലർച്ചെ മൂന്നരയ്ക്കും നാലരയ്ക്കുമിടയിൽ കൃത്യം നടത്തുകയുമായിരുന്നു. കുറ്റം പ്രണവിൽ ചുമത്തിയ ശേഷം, കാമുകനൊപ്പം ജീവിക്കാനായിരുന്നു ശരണ്യയുടെ പദ്ധതി. ഫോൺ കോളുകൾ പരിശോധിച്ചപ്പോഴാണ് ഫെയ്സ്ബുക് വഴി പരിചയപ്പെട്ട കാമുകനെക്കുറിച്ചു വിവരം ലഭിച്ചത്. 

രണ്ടു ദിവസം തുടർച്ചയായ ചോദ്യം ചെയ്യലിൽ പൂർണസമയവും ഭർത്താവ് പ്രണവിനെ കുറ്റപ്പെടുത്തുകയായിരുന്നു ശരണ്യ. പുലർച്ചെ മൂന്നരയ്ക്ക് ഉണർന്ന് ചുമച്ച കുഞ്ഞിനു വെള്ളം കൊടുത്തശേഷം ഭർത്താവിന്റെ അടുത്തു കിടത്തിയെന്ന മൊഴിയിൽ ശരണ്യ ഉറച്ചുനിന്നു. തന്നെയും കുഞ്ഞിനെയും നോക്കാത്ത ഭർത്താവു തന്നെയാണ് കൊലപാതകിയെന്ന് ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു.

ഇത്രയും നാൾ അമ്മയ്ക്കൊപ്പമാണു കുഞ്ഞു കഴിഞ്ഞിരുന്നത് എന്നതിനാൽ ആദ്യഘട്ടത്തിൽ സംശയമുന ശരണ്യയ്ക്കു നേരെ നീങ്ങിയില്ല. അതേസമയം, ഭർത്താവിനെ സംശയിക്കാൻ കാരണങ്ങൾ പലതായിരുന്നു. സ്വമേധയാ വീട്ടിൽ ചെല്ലുകയും നിർബന്ധം ചെലുത്തി അവിടെ താമസിക്കുകയും ചെയ്തതിലെ അസ്വാഭാവികത ആദ്യം സംശയിക്കപ്പെട്ടു. ശരണ്യയുടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും മൊഴി മുഴുവൻ പ്രണവിനെതിരായിരുന്നു. 

കുഞ്ഞിനെ കാണാതായതിനു പിന്നാലെ പ്രണവിന്റെ ചെരിപ്പുകൾ കാണാതായത് സംശയം ഇരട്ടിപ്പിച്ചു. അതു ശ്രദ്ധയിൽപെട്ട പൊലീസ്, കുഞ്ഞിനെ അപായപ്പെടുത്താനുള്ള ശ്രമത്തിനിടെ പ്രണവിന്റെ ചെരിപ്പുകൾ കടലിലോ മറ്റോ പോയിരിക്കാമെന്നു സംശയിച്ചു. എന്നാൽ, കുഞ്ഞിനെ കാണാതായ വിവരമറിഞ്ഞു വീട്ടിൽ പലരും വന്നു പോയതിനിടെ ചെരിപ്പു കാണാതെ പോയതാണെന്നു പിന്നീടു ബോധ്യപ്പെട്ടു.

സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ പ്രണവിനെതിരെ ശരണ്യയുടെ ബന്ധു പൊലീസില്‍ പരാതി നല്‍കി. ശരണ്യക്കെതിരെ പ്രണവും പൊലീസിനെ സമീപിച്ചു. ഇതോടെ ഇരുവരേയും കസ്റ്റഡിയിലെടുത്ത പൊലീസ് ചോദ്യം ചെയ്യലിനൊടുവിലാണ് ശരണ്യയാണ് കൊലയാളിയെന്ന് കണ്ടെത്തിയത്. 

രാവിലെ ആറരയ്ക്ക് അമ്മ വിളിച്ചുണർത്തുമ്പോഴാണു കുഞ്ഞിനെ കാണാനില്ലെന്നു മനസ്സിലായതെന്നും മൊഴി നൽകി. എന്നാൽ കാമുകനുമായി നടത്തിയ ഫോൺവിളികളുടെ വിശദാംശങ്ങളും പിന്നാലെ ഫൊറൻസിക് പരിശോധനാഫലത്തിലെ സൂചനകളും പുറത്തുവന്നതോടെ മറച്ചുവച്ച സത്യങ്ങൾ ഓരോന്നായി ശരണ്യ ഏറ്റു പറഞ്ഞു. 

കസ്റ്റഡിയിൽ പൊലീസിന്റെ ചോദ്യം ചെയ്യൽ നേരിട്ട ആദ്യ ദിവസം മാത്രം ശരണ്യയുടെ മൊബൈൽ ഫോണിലേക്കു കാമുകന്റെ 17 മിസ്ഡ് കോൾ വന്നിരുന്നു. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് മകനെ കൊന്നതെന്നാണ് ശരണ്യ പറഞ്ഞത്.

Mother Convicted in Kannur Child Murder Case:

Kannur child murder case: Saranya, the mother, has been convicted of murdering her infant son. The focus keyword 'Kannur child murder case', details the court's verdict in the tragic incident where a mother was found guilty of killing her child in Thayyil, while the alleged accomplice was acquitted due to lack of evidence.

ADVERTISEMENT