അച്ഛൻ നൽകിയ ബിസ്കറ്റിൽ വിഷാംശമില്ല, കുഞ്ഞിന്റെ കയ്യിൽ 3 പൊട്ടൽ; പരുക്കുണ്ടായത് അറിയില്ലെന്ന് മാതാപിതാക്കളുടെ മൊഴി!
Mail This Article
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒരു വയസുകാരന്റെ മരണത്തിൽ ദുരൂഹത. മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. അച്ഛൻ നൽകിയ ബിസ്കറ്റിൽ വിഷാംശമില്ലെന്ന് സ്ഥിരീകരിച്ചു.
നെയ്യാറ്റിൻകര കാഞ്ഞിരംകുളം സ്വദേശി ഷിജിലിന്റേയും കൃഷ്ണപ്രിയയുടേയും ഒരു വയസ്സുള്ള മകൻ അപ്പുവെന്ന് വിളിക്കുന്ന ഇഹാനാണ് വെള്ളിയാഴ്ച രാത്രി മരിച്ചത്. ഷിജിൽ കൊടുത്ത ബിസ്ക്കറ്റും മുന്തിരിയും കഴിച്ച് അരമണിക്കൂറിനകം ആയിരുന്നു കുഞ്ഞിന് അസ്വസ്ഥത ഉണ്ടായതെന്ന് കൃഷ്ണപ്രിയയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു.
ഷിജിലിനും കൃഷ്ണപ്രിയക്കുമിടയിൽ ദാമ്പത്യ പ്രശ്നങ്ങൾ ഉണ്ടെന്നും ബന്ധുക്കൾ പറഞ്ഞതോടെ ഇരുവരെയും വിശദമായി ചോദ്യം ചെയ്തു. എന്നാൽ കുഞ്ഞിന്റെ ഉള്ളിൽ വിഷാംശം ചെന്നിട്ടില്ല എന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിന്റെ കയ്യിൽ 3 പൊട്ടൽ സംഭവിച്ചിരുന്നു. ഇതേപ്പറ്റി ചോദിച്ചപ്പോൾ ചികിത്സ തേടിയിരുന്നെന്നും എങ്ങനെയാണ് പരുക്കുണ്ടായത് എന്ന് അറിയില്ലെന്നും ആണ് മാതാപിതാക്കളുടെ മൊഴി.
ബനിയൻ ഇട്ടുകൊടുക്കാന്‍ കൈപൊക്കിയപ്പോൾ കുഞ്ഞു വേദന കൊണ്ട് കരഞ്ഞെന്നും അങ്ങനെയാണ് പരുക്കു പറ്റിയത് അറിഞ്ഞത് എന്നുമാണ് അമ്മ പറയുന്നത്. വീഴ്ചയിൽ തലയ്ക്കോ ആന്തരിക അവയവങ്ങൾക്കോ പരുക്കു പറ്റിയിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
കുഞ്ഞിന്റെ തൊണ്ടയിൽ ബിസ്ക്കറ്റ് കുടുങ്ങിയിട്ടുണ്ടോ എന്ന സംശയത്തിനും അടിസ്ഥാനമില്ല. ഇതോടെ മാതാപിതാക്കളെ വിട്ടയച്ചു. കുഞ്ഞിന്റെ മരണകാരണം സ്ഥിരീകരിക്കാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനും ഡോക്ടർമാരുടെ വിദഗ്ധ അഭിപ്രായത്തിനും കാത്തിരിക്കുകയാണ് പൊലീസ്.