ADVERTISEMENT

ഒറ്റപ്പാലം തോട്ടക്കരയിൽ ദമ്പതികളെ അരുംകൊല ചെയ്ത കേസിൽ മരുമകൻ അറസ്റ്റിൽ. ദമ്പതികളുടെ വളർത്തുമകൾ സുൽഫിയത്തിന്റെ ഭർത്താവ് പൊന്നാനി വെളിയങ്കോട് വലിയകത്ത് മുഹമ്മദ് റാഫിയെ (30) ആണ് ഒറ്റപ്പാലം പൊലീസ് പിടികൂടിയത്. തോട്ടക്കരയിലെ വീടിനോടു ചേർന്നു കട നടത്തിയിരുന്ന നാലകത്ത് നസീർ (72), ഭാര്യ സുഹറ (55) എന്നിവരെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയും സുൽഫിയത്തിന്റെ മകൻ മുഹമ്മദ് ഇഷാനെ (3) പരുക്കേൽപ്പിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്.

വെട്ടേറ്റു തോളിനു സാരമായി പരുക്കേറ്റ ഇഷാനെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. കഴിഞ്ഞ ദിവസം അർധരാത്രിയാണു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. റാഫിയും സുൽഫിയത്തും 8 മാസത്തോളമായി അകന്നുകഴിയുകയാണ്. മകൻ മുഹമ്മദ് ഇഷാന്റെ അവകാശത്തെച്ചൊല്ലി കേസുണ്ട്. ഇതിനിടെയാണു ഞായറാഴ്ച രാത്രി റാഫി തോട്ടക്കരയിലെത്തിയത്. ആയുധങ്ങളുമായാണു പ്രതി വന്നതെന്നാണു പൊലീസിന്റെ സംശയം.

ADVERTISEMENT

വാതിൽ തുറന്നയുടൻ ദമ്പതികളെ ആക്രമിച്ചെന്നാണു പുറത്തുവരുന്ന വിവരം. ഇതിനിടെ പിതാവിനെ കണ്ട സന്തോഷത്തിൽ റാഫിക്ക് അരികിലെത്തിയ മകൻ ഇഷാനും ആക്രമിക്കപ്പെട്ടു. വീണ്ടും ദമ്പതികളെ ആക്രമിക്കാൻ തുനിഞ്ഞ ഘട്ടത്തിൽ സുൽഫിയത്ത് മകനുമായി മറ്റൊരു വാതിലിലൂടെ പുറത്തേക്ക് ഓടി. സുൽഫിയത്താണ് ഉമ്മയും ഉപ്പയും ആക്രമിക്കപ്പെട്ട വിവരം നാട്ടുകാരെ അറിയിച്ചത്. ഇതിനിടെ രക്തസ്രാവം കണ്ടപ്പോഴാണു കുട്ടിക്കും വെട്ടേറ്റ വിവരം സുൽഫിയത്ത് തിരിച്ചറിഞ്ഞത്. 

കൈഞരമ്പു മുറിച്ച നിലയിൽ പുറത്തിറങ്ങിനിന്നിരുന്ന റാഫി പൊലീസിനെ കണ്ടയുടൻ  ഓടിരക്ഷപ്പെ‌ട്ടു. പുലർച്ചെ നാലോടെ സമീപത്തെ കബർസ്ഥാനിൽ നിന്നാണു റാഫിയെ പിടികൂടിയത്. താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ കോടതി റിമാൻഡ് ചെയ്തു. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു കൈമാറി.

ADVERTISEMENT
Son-in-law Arrested in Ottapalam Double Murder Case:

Ottapalam double murder case: Son-in-law arrested for the brutal murder of his wife's parents in Thottakkara. The accused, Muhammed Rafi, is also accused of injuring his three-year-old son during the attack, stemming from a family dispute.

ADVERTISEMENT
ADVERTISEMENT