വളർത്തു നായ്ക്കളെ വഴിയിലുപേക്ഷിച്ചാൽ ഇനി ജയിലിൽ കിടക്കാം അയ്യായിരം രൂപ പിഴയും കൊടുക്കാം: നിയമങ്ങൾ ശക്തമാക്കി കേരളം Stricter Penalties for Pet Abandonment in Kerala
Mail This Article
വെറുതേയൊരു രസത്തിനും കുട്ടികൾക്കുള്ള കളിക്കോപ്പായും ബ്രീഡിങ്ങിനായും ഒക്കെ നായ്ക്കളെ വാങ്ങി പിന്നെ വഴിയിലുപേക്ഷിച്ച് കടന്നു കളയുന്നവർ ധാരാളമുണ്ട്. അരുമ മൃഗം ആരോഗ്യത്തോടെ ഇരുന്നപ്പോഴും കളിചിരികളിൽ കൂടെ നിന്നപ്പോഴും ചേർത്തു പിടിച്ചിട്ട് അതിനൊരു അസുഖം വന്നതോടെ വഴിയിലേക്ക് എറിയുന്നവരുടേ കഥകളും ഇഷ്ടം പോലെ കേൾക്കാം... അരുമ മൃഗത്തെ ഉപേക്ഷിച്ച് ‘എങ്ങാനും’ പിടിക്കപ്പെട്ടാൽ വെറും 50 രൂപ മാത്രമായിരുന്നു പിഴ എന്നതാണ് ഇത്തരം ക്രൂരതകൾക്ക് വളം വച്ച് കൊടുത്തിരുന്നത്.
എന്നാൽ ഇനി കുറ്റകൃത്യം ചെയ്തിട്ട് അത്ര എളുപ്പത്തിൽ രക്ഷപെടാമെന്ന് ഓർക്കേണ്ട. ഉത്തരവാദിത്വമുള്ള വളർത്തുനായ വളർത്തൽ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലോക്കൽ സെൽഫ് ഗവൺമെന്റ് ഡിപ്പാർട്ട്മെന്റും(എൽഎസ്ജിഡി) സംസ്ഥാന മൃഗസംരക്ഷണ വകുപ്പും ചേർന്ന് ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നു. വളർത്തു മൃഗങ്ങളുടെ ലൈസൻസിങ്ങ് ശക്തമാക്കാനും വളർത്തു മൃഗങ്ങളെ ഉപേക്ഷിക്കുന്നതു തടയാനുമുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ട്.
തെരുവിൽ നായ്ക്കളുടെ എണ്ണം വർദ്ധിക്കുന്നതിന് നായ്ക്കളുടെ ശാസ്ത്രീയ വന്ദ്യകരണ നടപടികളായ എബിസി പോലുള്ള പദ്ധതികൾ കൃത്യമായി നടപ്പിലാക്കാത്തതിനു പുറമേ ആളുകൾ ഉപേക്ഷിക്കുന്ന നായ്ക്കളുടെ എണ്ണം കുടുന്നതും കാരണമാണ്.
പുതിയ നിയമ ഭേദഗതി പ്രകാരം വളർത്തു നായയെ ഉപേക്ഷിക്കുന്നർ ഇനി മുതൽ5000 രൂപ പിഴയും ആറു മാസം ജയിൽ വാസവും അനുഭവിക്കേണ്ടതായി വരും. പഞ്ചായത്ത് രാജ് ആക്റ്റിലും കേരള മുൻസിപ്പാലിറ്റി ആക്റ്റിലും ഈ മാറ്റങ്ങൾ ഉടന്‍ വരും. മൃഗങ്ങളോട് ക്രൂരത കാട്ടുന്നതിനെ ചോദ്യം ചെയ്യുന്ന ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 291ഉം ഇതോടൊപ്പം ചേർത്ത് വയ്ക്കപ്പെടും..
ഇത് നടപ്പിലാക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചു വരികയാണെന്നും ഉടൻ തന്നെ അവ നിലവിൽ വരുമെന്നും സംസ്ഥാന മൃഗസംരക്ഷണ വിഭാഗം അംഗം ആർ. വേണുഗോപാൽ പറഞ്ഞു.
വളർത്തു മൃഗങ്ങളുടെയും ഉടമസ്ഥരുടേയും വിവരങ്ങൾ ഘടിപ്പിക്കുന്ന മൈക്രോചിപ്പിങ്ങും വളർത്തു നായ്ക്കൾക്ക് കൃത്യമായി വാക്സീനുകൾ കൊടുക്കുന്നതിനുള്ള രേഖകൾ ഏകീരിക്കാനും ലൈസൻസിങ്ങ് നിർബന്ധമാക്കാനും ഉള്ള വഴികളും ഇതിലടങ്ങിയിട്ടുണ്ട്.
മൃഗങ്ങളെ വിൽക്കുന്ന കടകൾക്കും ബ്രീഡർമാർക്കും ലൈസൻസിങ്ങും രജിസ്ട്രേഷനും നിർബന്ധമാക്കുന്ന നടപടികളും ശക്തിപ്പെടുത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.