‘അവിവാഹിതനായ അമീർഖാനുമായി അടുപ്പം, ഗർഭഛിദ്രം ചെയ്യാന്‍ പൂജ തയാറായില്ല’; ശിവാനിയുടെ ജനനം, ഭാഗം രണ്ട് The Dark Past of Pooja Tripathi and Her Escape
Mail This Article
കഴിഞ്ഞ ലക്കത്തിൽ നിന്ന് – കൊല്ലം ആലപ്പാട് ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറേക്കര അഴീക്കൽ പുലിമുട്ടിൽ നിന്ന് ഒരു കുഞ്ഞിന്റെ മൃതദേഹം കിട്ടുന്നു.
ഈ സംഭവത്തിന് വർഷങ്ങൾക്കു മുൻപ് ഭർത്താവിന്റെ ക്രൂരപീഡനത്തിൽ നിന്നും രക്ഷപ്പെടാൻ പൂജാത്രിപാഠി എന്ന മുപ്പതുവയസ്സുകാരി വീടുവിട്ടിറങ്ങി. രക്ഷപ്പെട്ടോടിയ അവൾ തിരുവനന്തപുരത്തേക്കുള്ള ട്രെയിനിൽ കയറിപ്പറ്റുന്നു. അവൾ കയറിയ കോച്ചിൽ ഒരു കൂട്ടം ചെറുപ്പക്കാർ മാത്രമാണുണ്ടായിരുന്നത്. അവർ അവൾക്കു ഭക്ഷണവും വെള്ളവും നൽകി. പക്ഷേ, അതൊരു ചതിയായിരുന്നു. മദ്യം കലർത്തിയ വെള്ളമാണു കുടിക്കാൻ നൽകിയത്. ബോധം കെട്ടുറങ്ങിയ അവളെ അവർ ക്രൂരമായി ബലാത്സംഗം ചെയ്തു. ചെറുപ്പക്കാർ ഏതോ സ്റ്റേഷനിലിറങ്ങി.
നേരം പുലർന്നു. ബോധം വന്നപ്പോൾ ദേഹത്ത് ഒരു ഷാൾമാത്രം പുതച്ച നിലയിലായിരുന്നു അവൾ. ആ ട്രെയിനിൽ ഉണ്ടായിരുന്ന സുനിൽ ശർമ അവൾക്കു തുണയായി. കഥയെല്ലാം കേട്ട് അവളെ അയാൾ ഒപ്പം കൂട്ടി. കായംകുളത്തെ മൊത്തവ്യാപാരക്കടയിലെ ജീവനക്കാരനായിരുന്നു സുനിൽ. കായംകുളം റെയിൽവേസ്റ്റേഷനിലിറങ്ങി. അതേ കടയിലെ ജീവനക്കാരനും കൂട്ടുകാരനുമായ അമീർഖാനോടു നടന്നതെല്ലാം പറഞ്ഞു. വർഷങ്ങൾക്കു ശേഷം. ജഡ്ജി പഞ്ചാപകേശന്റെ മുന്നിൽ ഒരു കൊലക്കേസ് എത്തുന്നു. ഒന്നാം പ്രതി സുനിൽ ശർമ. പൂജാത്രിപാഠിയും അമീർഖാനും രണ്ടും മൂന്നും പ്രതികൾ. തുടർന്നു വായിക്കുക...
വെളിച്ചമായ ഫോൺകോൾ
കുഞ്ഞിന്റെ അസ്വാഭാവിക മരണത്തിന് ഒാച്ചിറ പൊലീസ് കേസ് എടുത്തു. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും സംഭവ വിവരം അറിയിച്ചു. മുൻപു റജിസ്റ്റർ ചെയ്ത, കുഞ്ഞുങ്ങളെ കാണാതായ പരാതികളെല്ലാം പരിശോധിച്ചു സമഗ്ര അന്വേഷണത്തിനു പൊലീസിന്റെ തലപ്പത്തുനിന്നു നിർദേശം വന്നു. മാധ്യമങ്ങളില്‍ ഇതു വലിയ വാർത്തയായി. പലരും പലതരത്തിലുള്ള സംശയങ്ങൾ ഒാച്ചിറ സ്റ്റേഷനിലേക്കു വിളിച്ച് അറിയിക്കാന്‍ തുടങ്ങി. പലതും അതുമായി ബന്ധമില്ലാത്തതായിരുന്നു.
വളരെ ശ്രദ്ധയോടെയാണു പൊലീസ് ഒാരോ ചുവടും വച്ചത്. ഒാരോ ഫോൺവിളികളും അവർ ഇഴകീറി പരിശോധിച്ചു. ഒടുവിൽ പ്രതികളിലേക്കു വഴിതുറക്കുന്ന വെളിച്ചത്തിന്റെ കുഞ്ഞു കഷണം അവർക്കു മുന്നിൽ വന്നു വീണു. അതൊരു ഫോൺകോളിന്റെ രൂപത്തിലായിരുന്നു. കായംകുളം മാർക്കറ്റിനു സമീപം താമസിക്കുന്ന അബൂബക്കർ മുസലിയാർക്ക് ഒരു സംശയം. അദ്ദേഹം അത് പൊലീസ് കൺട്രോൾ റൂമിലേക്കു വിളിച്ചു പറഞ്ഞു.
‘‘സാറെ, കഴിഞ്ഞ രണ്ടു വർഷമായി എന്റെ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന അന്യഭാഷാ തൊഴിലാളി സുനിൽ ശർമയ്ക്ക് ഒരു വയസ്സുള്ള ശിവാനിയെന്ന പെൺകുഞ്ഞുണ്ടായിരുന്നു. ആ കുഞ്ഞിനെ കഴിഞ്ഞ രണ്ടു മൂന്നു ദിവസമായിട്ടു സുനിലിന്റെ ഭാര്യയുടെ കയ്യിൽ കാണുന്നില്ല. ഞാനത് അവരോടു ചോദിച്ചു. കുഞ്ഞിനെ ഏ തോ ബന്ധുവിന്റെ കയ്യിൽ നാട്ടിലേക്കു കൊടുത്തു വിട്ടു എന്നാണ് അവർ പറഞ്ഞത്.
എന്തോ ഒളിപ്പിക്കുന്ന പോലെ എനിക്കു തോന്നി. പത്രത്തിലെ ഫോട്ടോ കണ്ടപ്പോൾ സംശയം കൂടി. മാത്രമല്ല, ഞാനിതു ചോദിച്ചു കഴിഞ്ഞതോടെ സുനിലിനെയും ഭാര്യയെയും കാണാതായി. ആ വീട് അടഞ്ഞു കിടക്കുകയാണ്. സുനിലിന്റെ കൂട്ടുകാരൻ അമീർഖാൻ ഒന്നു രണ്ടു പ്രാവശ്യം അവിടെ വന്നു നോക്കിയിട്ടു തിരിച്ചു പോകുന്നതും കണ്ടു. ഇതൊക്കെ കൂട്ടിവായിച്ചപ്പോഴാണു വിളിക്കാൻ തോന്നിയത്.’’
ഇതിനപ്പുറം പൊലീസിന് ഒരു തെളിവു ലഭിക്കാനുണ്ടോ? ഫോൺ കട്ട് ചെയ്തു മിനിറ്റുകൾക്കുള്ളിൽ അബൂബക്കർ മുസലിയാറിന്റെ വീട്ടുമുറ്റത്തു പൊലീസെത്തി. അവർക്കറിയേണ്ടത് അമീർഖാൻ എവിടെ എന്നായിരുന്നു. അമീർഖാനും സുനിൽശർമയും അന്യഭാഷാ തൊഴിലാളികളാണെന്നും അവർ കായംകുളത്തെ പ്രമുഖ ചരക്കുകടയിലെ തൊഴിലാളികളാണെന്നുമുള്ള വിവരം പൊലീസിനു കിട്ടി. ആ കടയിലേക്കു പൊലീസ് പാഞ്ഞു. അമീർഖാനെ ചോദ്യം ചെയ്തപ്പോൾ സുനിലും പൂജാത്രിപാഠിയും റെയിൽവെസ്റ്റേഷനിലേക്കു പോയെന്നും കേരളം വിടാനുള്ള പദ്ധതിയാണെന്നും മനസിലായി.
പൊലീസ് കായംകുളം റെയിൽവേസ്റ്റേഷനിലേക്കു കുതിച്ചു. എല്ലാ സംഭവങ്ങൾക്കും തുടക്കം കുറിച്ച അതേ ട്രെയിനിൽ,രപ്തിസാഗർ എക്സ്പ്രസിൽ ഗൊരഖ്‌പൂരിലേക്കു പോവാനുള്ള വെപ്രാളത്തിലായിരുന്നു സുനിലും പൂജയും. പ്ലാറ്റ്ഫോമിലേക്ക് ട്രെയിൻ എത്തുന്നതിനു തൊട്ടു മുൻപു രണ്ടു പേരും പൊലീസ് വലയിലായി.
കായംകുളത്തെ രണ്ടു വർഷം
സുനിലും പൂജയും താമസിച്ചിരുന്നത് കായംകുളം പൊലീസ് പരിധിയിൽ ആയതിനാൽ ഒാച്ചിറ സ്റ്റേഷനില്‍ നിന്ന് കേസ് അങ്ങോട്ടു മാറി. അങ്ങനെയാണ് പൊലീസ് സർക്കിൾ ഇൻസ്പെക്ടർ കെ. എസ്. ഉദയഭാനു കേസന്വേഷണം ഏറ്റെടുത്തത്. തെളിവുകൾ മാഞ്ഞുപോകാതെ കൃത്യമായി ഒാരോന്നോരോന്ന് അദ്ദേഹം എടുത്തു വച്ചു തുടങ്ങി. മൂന്നുപേരെയും ഒറ്റയ്ക്കിരുത്തിയും ഒരുമിച്ചിരുത്തിയുമൊക്കെയുള്ള ചോദ്യം െചയ്യലിൽ പ്രതികൾക്ക് അധികനേരം പിടിച്ചു നിൽക്കാനായില്ല.
ആ കുഞ്ഞിനെ ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ച കഥയാണു തെളിഞ്ഞു വന്നത്. മൊഴികൾ വായിച്ചപ്പോൾ പാവം കുഞ്ഞിനെ ഒാർത്തു പലപ്പോഴും എന്റെ കണ്ണു നിറഞ്ഞു. മനസ്സു നീറി.
ഗൊരഖ്പൂരിൽ നിന്നു തുടങ്ങി അന്നത്തെ ദിവസം വരെയുള്ള കാര്യങ്ങൾ ഒന്നു പോലും വിട്ടുപോകാതെ കൃത്യമായി ആ റിപ്പോർട്ടിലുണ്ടായിരുന്നു. ട്രെയിനില്‍ വച്ചു പൂജ അനുഭവിക്കേണ്ടി വന്ന ക്രൂരപീഡനം പൊലീസിൽ അറിയിക്കാൻ അവൾ തയാറായില്ല എന്നാണു സുനിൽ പറഞ്ഞത്. കായംകുളത്ത് എത്തിയ ശേഷം ഒരാഴ്ചയോളം സുനിലും അമീർഖാനും താമസിച്ചിരുന്ന അന്യഭാഷാ തൊഴിലാളികളുടെ ക്യാംപിലാണ് പൂജയും താമസിച്ചത്. അതിനു ശേഷമാണ് അമീറിന്റെ ഏർപ്പാടിൽ അവർക്ക് ആ വാടകവീടു കിട്ടിയത്. സുനിലിന്റെ ഭാര്യ എന്ന് കള്ളം പറഞ്ഞാണ് രണ്ടുപേരും താമസിക്കാൻ തുടങ്ങിയത്. പൂജയ്ക്കു കെട്ടിടനിർമാണ കോൺട്രാക്ടറുടെ കീഴിൽ ചെറിയ ജോലിയും തരപ്പെടുത്തിക്കൊടുത്തു.
പൂജ തന്റെ ഭാര്യയാണെന്നു സുനിൽ എല്ലാവരോടും പറഞ്ഞെങ്കിലും അവർ തമ്മിൽ ഇരുപതു വയസ്സിലേറെ പ്രായവ്യത്യാസമുണ്ടായിരുന്നു. അയാൾക്കു നാട്ടിൽ ഭാര്യയും അഞ്ചു മക്കളുമുണ്ട്. അതിൽ മൂന്നു പെൺമക്കളുടെ വിവാഹം കഴിഞ്ഞതും ഒരാൾക്കു വിവാഹപ്രായം ആയിട്ടുമുണ്ടായിരുന്നു. എന്നിട്ടും പൂജയെ സ്വന്തം ഭാര്യയെ പോലെയാണ് അയാൾ താമസിപ്പിച്ചിരുന്നത്.
അത്തരമൊരു സാഹചര്യത്തിൽ പൂജയ്ക്ക് അയാൾക്കൊപ്പം കഴിയുകയല്ലാതെ മറ്റു വഴികളുണ്ടായിരുന്നില്ല. ദിവസങ്ങൾ കടന്നു പോയപ്പോൾ സുനിൽ അറിയാതെ അവിടെ മറ്റൊരു ബന്ധം വേരുപൊട്ടി വളർന്നു തുടങ്ങിയിരുന്നു.
അവിവാഹിതനായ അമീർഖാനും പൂജയും തമ്മിൽ അടുപ്പത്തിലായി. സുനിലിന്റെ അസാന്നിധ്യത്തില്‍ പലപ്പോഴും അമീർ ആ വീട്ടിൽ വരാറുണ്ടായിരുന്നു. അവർ തമ്മിൽ കാണാറുണ്ടായിരുന്നു. ആ ബന്ധം മറ്റു പല രീതിയിലേക്കും വഴിമാറി. അതുകൊണ്ടു തന്നെ അവർ ചിലതു തീരുമാനിച്ചിട്ടുമുണ്ടായിരുന്നു.
ആ സമയത്താണു പൂജ നാലുമാസം ഗർഭിണിയാണെന്ന വിവരം സുനിലും അമീറും അറിയുന്നത്. ഗർഭഛിദ്രം ചെയ്യാനായി സുനിൽ പറഞ്ഞെങ്കിലും പൂജ അതിനു തയാറായില്ലത്രെ. അങ്ങനെയാണു ശിവാനി ജനിച്ചത്. പൊലീസ് റിപ്പോർട്ട് പ്രകാരം സുനിൽ ശർമയും പൂജാ ത്രിപാഠിയുമാണ് കുഞ്ഞിന്റെ അച്ഛനും അമ്മയും.
ഇവിടെ പ്രസക്തമായ ചോദ്യം, പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്താന്‍ മാത്രം അതികഠിനമായ പക പ്രതികൾക്ക് എങ്ങനെയുണ്ടായി എന്നതാണ്. ഒരച്ഛന് എങ്ങനെ അതിനു സാധിച്ചു? പാൽമണം മായാത്ത കുഞ്ഞിനെ അത്രമേൽ ക്രൂരമായി ഉപദ്രവിക്കുന്നതു കണ്ടുനിൽക്കാൻ ഒരമ്മയ്ക്ക് എങ്ങനെ കഴിഞ്ഞു? അതിന് ഉത്തരം ഇൻസ്പെക്ടർ കെ. എസ്. ഉദയഭാനു തയാറാക്കിയ ആ അന്വേഷണ റിപ്പോർട്ടിൽ ഉണ്ടായിരുന്നു.
അടുത്ത ലക്കത്തിൽ തുടരും...
(ലേഖനത്തിൽ പറഞ്ഞിരിക്കുന്ന പേരുകൾ സാങ്കൽപ്പികമാണ്. )