‘മനഃപൂർവം കുഞ്ഞിനെ തറയിലേക്കിടും, ചുമരിലേക്ക് എടുത്തടിക്കും; ഒന്നു പിടഞ്ഞു, പിന്നെയവൾ അനങ്ങിയില്ല’; ഒന്നര വയസ്സിനുള്ളിൽ ശിവാനി അനുഭവിച്ചത്! A Mother's Betrayal: The Tragic Story of Shivani
Mail This Article
കഴിഞ്ഞ ലക്കത്തിൽ നിന്ന്- ഭർത്താവിന്റെ ക്രൂരപീഡനത്തിൽ നിന്നും രക്ഷപ്പെടാൻ ഗൊരഖ്പൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രെയിനിൽ കയറിയ പൂജാത്രിപാഠിയെ കംപാർട്മെന്റിനുള്ളിൽ വച്ച് മദ്യം നൽകി ഒരു കൂട്ടം ചെറുപ്പക്കാര്‍ ക്രുരമായി ബലാത്സംഗം ചെയ്യുന്നു. ബോധം വന്നപ്പോൾ ആ ട്രെയിനിൽ ഉണ്ടായിരുന്ന സുനിൽ ശർമ അവൾക്ക് തുണയായി. കായംകുളത്തെ ഒരു മൊത്തവ്യാപാരക്കടയിലെ ജീവനക്കാരനായിരുന്നു അയാൾ. അവളെ അയാൾ കൂടെക്കൂട്ടി. സുനിലിന് ഭാര്യയും മക്കളും ഉണ്ടായിരുന്നെങ്കിലും അവർ ഭാര്യാഭർത്താക്കന്മാരെ പോലെയാണ് താമസിച്ചത്. എന്നാൽ സുനിലിന്റെ കൂട്ടുകാരൻ അമീർഖാനും പൂജയും അടുപ്പത്തിലായി. വിവാഹം കഴിക്കാമെന്നു തീരുമാനമെടുത്തപ്പോഴേക്കും പൂജ ഗർഭിണിയായി. ശിവാനിയെന്ന കുഞ്ഞിന് ജന്മം നൽകി.
എന്നാൽ ശിവാനിയെ ക്രൂരമായി ഉപദ്രവിച്ചു കൊലപ്പെടുത്തി കൊല്ലം അഴീക്കൽ പുലിമുട്ടിൽ ഉപേക്ഷിക്കുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ആദ്യം അമീർഖാൻ പിടിയിലായി. പിന്നാെല ഗൊരഖ്പൂരിലക്ക് രക്ഷപ്പെടാൻ ശ്രമിച്ച സുനിലും പൂജാത്രിപാഠിയും
പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്താന്‍ മാത്രം പക പ്രതികൾക്ക് എങ്ങനെയുണ്ടായി ? ഇൻസ്പെക്ടർ കെ. എസ്. ഉദയഭാനു തയാറാക്കിയ അന്വേഷണ റിപ്പോർട്ട് ഞെട്ടിക്കുന്നതായിരുന്നു. തുടർന്നു വായിക്കുക)
ആ കുഞ്ഞിനോട് ചെയ്ത ക്രൂരതകൾ അക്കമിട്ട് അന്വേഷണ റിപ്പോർട്ടിൽ എഴുതിയിട്ടുണ്ട്. ശലഭങ്ങളെ പോലെ പാറി നടക്കുന്ന ഒരുപാടു കുഞ്ഞുങ്ങളുള്ള നാട്ടിൽ ഒന്നര വയസ്സിനുള്ളിൽ അവൾ അനുഭവിക്കേണ്ടി വന്ന എല്ലാ വേദനകൾക്കും മനുഷ്യനെന്ന നിലയിൽ ഞാൻ മാപ്പു പറഞ്ഞു പോയി.
മദ്യലഹരിയിൽ പൂജയും സുനിലും ചെയ്തത് അത്രയും കഠിനമായ ദേഹോപദ്രവങ്ങളായിരുന്നു. മനഃപൂർവം കുഞ്ഞിനെ തറയിലേക്കിടും. ചുമരിലേക്ക് എടുത്തടിക്കും. ശരീരമാസകലം മുറിവുകളായിരുന്നു. സുനിൽ ഒരു ദിവസം കട്ടിലിൽ നിന്നും കുഞ്ഞിനെ ചവിട്ടി തറയിലേക്കിട്ടു. തെറിച്ചു വീണ കുഞ്ഞിന്റെ വലതു കയ്യിലെ അസ്ഥിക്കു പൊട്ടലുണ്ടായി. വേദന സഹിക്കാൻ വയ്യാതെ രണ്ടു ദിവസമാണു കുഞ്ഞു കരഞ്ഞത്. ഒടുവിൽ കായംകുളം സർക്കാർ ആശുപത്രിയിൽ കാണിച്ചു. കട്ടിലിൽ നിന്നു വീണെന്നാണു പൂജ ഡോക്ടറോടു പറഞ്ഞത്.
ആ ഡോക്ടർമാർ
എല്ലാ മുറിവുകളും അങ്ങനെയുണ്ടായതാണെന്നു ഡോക്ടർ വിശ്വസിച്ചില്ല. വലതുകയ്യിനേറ്റ പരിക്കും ശരീരത്തിലെ മറ്റു മുറിവുകൾക്കും തമ്മിൽ ദിവസങ്ങളുടെ വ്യത്യാസമുണ്ട്. സംശയം തോന്നിയപ്പോൾ ആലപ്പുഴ സർക്കാർ മെഡിക്കൽ കോളജിലേക്ക് റഫര്‍ ചെയ്തു.
ആലപ്പുഴ മെഡിക്കൽ കോളജിലെ അസ്ഥിരോഗ വിഭാഗത്തിലെ ഉത്തരേന്ത്യക്കാരനായ ഡോക്ടറുടെ മുന്നിലേക്കാണു ശിവാനി എത്തിയത്. കുഞ്ഞു നിർത്താതെ കരയുന്നതു കണ്ട് ആശുപത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ പൂജയെ വിളിച്ചു കാര്യം അന്വേഷിച്ചു. അയാളുടെ കുഞ്ഞിന്റെ പേരും ശിവാനിയെന്നായിരുന്നു. അതോടെ പൊലീസുകാരനു കുഞ്ഞിനോടു വാത്സല്യമായി. അസുഖവിവരം പറയാൻ ഭാഷ പ്രശ്നമായാലോ എന്നോർത്ത് ആ ഉദ്യോഗസ്ഥൻ അവരെ ഹിന്ദി സംസാരിക്കുന്ന ആ ഡോക്ടറിനു മുന്നിലേക്ക് എത്തിച്ചു
രോഗവിവരങ്ങളുടെ വിശദീകരണം ആ ഡോക്ടറിലും സംശയമുളവാക്കി. എത്രയും വേഗം എക്സ്റേ എടുക്കാൻ നിർദേശിച്ചു. അപകട സൂചന കണ്ട് ആശുപത്രിയിൽ നിന്നു രക്ഷപ്പെടാൻ തുടങ്ങിയ പൂജ പിന്നെയും ആ പൊലീസുകാരന്റെ കണ്ണിൽപെട്ടു. എക്സ്റേ എടുക്കാൻ പണമില്ലെന്നു പറഞ്ഞതോടെ അദ്ദേഹം സ്വന്തം പോക്കറ്റിൽ നിന്നു പണം നൽകി. എന്നാൽ, അവിടെ നിന്നു പൂജ രക്ഷപ്പെട്ടു. എക്സ്റേയുമായി കുഞ്ഞിനെക്കാണിക്കാന്‍ എത്താത്തത് ഡോക്ടർക്കു സംശയമുളവാക്കി. അദ്ദേഹം രോഗിയെ തിരഞ്ഞു. എക്സ്റേ എടുക്കാതെയാണ് ആശുപത്രിയിൽ നിന്നു പോയതെന്നു മനസ്സിലായി. ഡോക്ടർ പൊലീസിൽ റിപ്പോർട്ട് ചെയ്തു. അതും തെളിവായി മാറി.
മരണത്തിലേക്ക്
വീട്ടിലെത്തിയ പൂജ ത്രിപാഠിയും സുനിലും ഇത്രയൊക്കെ കഠിന പീഡനങ്ങൾ ഏൽപിച്ചിട്ടും കുഞ്ഞു മരിക്കുന്നില്ലല്ലോ എന്ന കടുത്ത നിരാശയിലായിരുന്നു! അന്നു ശിവാനിയെ കാലിൽ പിടിച്ചു തൂക്കിയെടുത്തു സുനിൽ നിലത്തടിക്കാൻ ശ്രമിച്ചു. കയ്യിൽ നിന്ന് ഊർന്നു പോയ കുഞ്ഞിന്റെ തല മുറിയിലെ മരക്കട്ടിലിന്റെ വക്കിൽ ഇടിച്ചു. ഒന്നു പിടഞ്ഞു. പിന്നെയവൾ അനങ്ങിയില്ല.
മദ്യലഹരിയിലായിരുന്ന ഒന്നും രണ്ടും പ്രതിക ൾ കുഞ്ഞു മരിച്ചെന്നു കരുതി ശരീരം ചാക്കിലാക്കി കട്ടിലിനടിയിൽ ഒളിപ്പിച്ചു. പക്ഷേ, അവൾക്കു ജീവനുണ്ടായിരുന്നു. പിറ്റേന്ന് ഉച്ചയോടെ അമീർഖാന്റെ സഹായത്തോടെ ഒാട്ടോറിക്ഷയിൽ ഉറുമ്പരിക്കുന്ന ആ ചാക്കു കെട്ടു കയറ്റി പ്രതികൾ പുലിമുട്ടിലെ വെള്ളക്കെട്ടിലേക്കു വലിച്ചെറിഞ്ഞു. അപ്പോഴും അവൾക്കു ജീവനുണ്ടായിരുന്നു. ഒടുവിൽ ശ്വാസകോശത്തിൽ വെള്ളം കയറി കുഞ്ഞു മരിച്ചു. ഇതായിരുന്നു പ്രോസിക്യൂഷൻ കേസ്. ഇത്രയും വായിച്ചപ്പോൾ അവസാന ദിവസങ്ങളിലെ വേദനയെങ്കിലും അവൾ അറിഞ്ഞിട്ടുണ്ടാകല്ലേയെന്നു ഞാൻ പ്രാർഥിച്ചു
പ്രതികളുടെ വക്കീൽ വിചിത്രമായ വാദം ഉന്നയിച്ചു–കുഞ്ഞു മരിച്ചെന്നും അവരുടെ നാട്ടിലെ മതപരമായ ആചാരങ്ങളുടെ ഭാഗമായി ശരീരം കടലിൽ ഉപേക്ഷിച്ചെന്നുമായിരുന്നു ആ വാദം. പക്ഷേ, അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിൽ കൃത്യമായ തെളിവുകളുണ്ടായിരുന്നു. കുഞ്ഞിന്റെ മൃതദേഹം കാണപ്പെട്ട കടൽ വെള്ളക്കെട്ടിൽ നിന്നും ശേഖരിച്ച സാംപിൾ ‘ഡയറ്റോംസ്’ പരിശോധനയ്ക്കു വിധേയമാക്കി. മുങ്ങിമരിക്കുന്നയാള്‍ മരണത്തിനു മുൻപ് ആ വെള്ളത്തില്‍ തന്നെ മുങ്ങിയാണോ മരിച്ചതെന്നു നിർണയിക്കാൻ ഉപയോഗിക്കുന്ന ഫൊറൻസിക് രീതിയാണു ഡയാറ്റോംസ് ടെസ്റ്റ്. ജലത്തിൽ കാണപ്പെടുന്ന സൂക്ഷ്മ ആൽഗകളായ ഡയാറ്റമുകളുടെ സാന്നിധ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പരിശോധന. പോസ്റ്റ്മോർട്ടം നടത്തിയ ഫൊറൻസിക് വിഭാഗത്തിലെ സീനിയര്‍ അസിസ്റ്റന്റ് പ്രഫസർ & അസിസ്റ്റന്റ് പൊലീസ് സർജൻ ഡോ.ഷാരിജ കുഞ്ഞിന്റെ ശ്വാസകോശത്തിൽ വെള്ളം കയറിയതാണു മരണ കാരണം എന്നു കണ്ടെത്തിയിരുന്നു. ആ സാമ്പിളും അന്വേഷണ ഉദ്യോഗസ്ഥൻ സംഭവസ്ഥലത്തു നിന്നും ശേഖരിച്ച വെള്ളത്തിന്റെ സാമ്പിളും സമാനമായിരുന്നു. അഡീഷ്നൽ പബ്ലിക് പ്രോസിക്യൂട്ടർ സി. വിധു പ്രോസിക്യൂഷൻ തെളിവുകൾ ചിട്ടയായും ക്രമമായും ഹാജരാക്കി.
പെൺകുഞ്ഞുങ്ങളോടുള്ള വെറുപ്പും തന്റെ കുടുംബത്തിലേക്കു മടങ്ങിപ്പോകാൻ കുഞ്ഞു തടസ്സമാവുമോ എന്ന ഭയവുമായിരുന്നു സുനിലിനു കുഞ്ഞിനോടുള്ള വിരോധകാരണമെന്നു പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു ട്രെയിനിൽ വച്ചു കൂട്ടബലാത്സംഗത്തിനു പൂജ ഇരയായിരുന്നല്ലോ. കുഞ്ഞു തന്റേതു തന്നെയാണോ എന്ന കാര്യത്തിൽ ഈ സംഭവം അയാൾക്കൊരു സംശയമുണ്ടാക്കി.
പൂജയ്ക്കു കുഞ്ഞിനോടുണ്ടായിരുന്ന ദേഷ്യം മറ്റൊന്നായിരുന്നു. മൂന്നു പെൺകുഞ്ഞുങ്ങളുടെ അമ്മയായതിന്റെ പീഡനം മുൻഭർത്താവിൽ നിന്ന് അനുഭവിച്ച് അതിൽ നിന്നു രക്ഷപ്പെട്ടു വന്നപ്പോൾ നാലാമതൊരു പെൺകുഞ്ഞുണ്ടായി. അതും അമീർഖാനെ വിവാഹം കഴിക്കാൻ പദ്ധതിയൊരുക്കി കാത്തിരിക്കുമ്പോൾ. അതിനു കുഞ്ഞു തടസ്സമാവുമോ എന്ന ഭയമായിരുന്നു അവൾക്ക്. തെളിവു നശിപ്പിച്ച കുറ്റമായിരുന്നു മൂന്നാം പ്രതി അമീർഖാനു മേൽ ചാർത്തിയത്.
ഒന്നും രണ്ടും പ്രതികൾക്കു ജീവപര്യന്തം ശിക്ഷ വിധിച്ചു. അമീർഖാനു മൂന്നു വർഷത്തെ കഠിനതടവും. ഇവർക്കൊക്കെ വധശിക്ഷയല്ലേ നൽകേണ്ടതെന്ന ചോദ്യം വായനക്കാർക്കുണ്ടാകും. പക്ഷേ, സിനിമയിൽ കാണുന്നതുപോലെയല്ലല്ലോ കോടതി. നിയമം അനുശാസിക്കുന്ന കാര്യമാണ് ചെയ്യേണ്ടത്. അപൂർവങ്ങളിൽ അപൂർവമായ കേസ് എന്ന പരിധിയിൽ ഇതു വരില്ല.
ശിവാനി ഒരു രക്തസാക്ഷിയാണ്. മകളായി പിറന്നതു കൊണ്ടു ക്രൂരതയനുഭവിക്കുന്ന ഒരുപാടു കുഞ്ഞുങ്ങളുടെ പ്രതിനിധി. പെൺമക്കളെ ഭാരമായി കാണുന്ന ചിന്ത എന്നാണ് ഇവിടെ നിന്നു മാഞ്ഞുപോകുക?
എന്റെ കുഞ്ഞേ, എനിക്ക് ഒാർമ ഉള്ളിടത്തോളം കാലം നീ എന്റെ മനസ്സിലെ നിത്യ നൊമ്പരമാണ്. ഇതെഴുതി നിർത്തുമ്പോഴും നെഞ്ചുനീറി കണ്ണു നിറഞ്ഞു പോവുന്നു.
അവസാനിച്ചു
(ലേഖനത്തിൽ പറഞ്ഞിരിക്കുന്ന പേരുകൾ സാങ്കൽപികമാണ് )