'ഗള്‍ഫില്‍ ജോലി കിട്ടിയതോടെ മറ്റൊരു യുവതിയുമായി വിവാഹം ഉറപ്പിച്ചു; ഇതോടെ സോന ജീവനൊടുക്കാന്‍ ശ്രമിച്ചു'; റിജിനെതിരെ ബന്ധുക്കള്‍ Family Accuses Husband in Kerala Pregnant Woman's Car Fire Fatality
Mail This Article
കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് റിജിന്‍ലാലിനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം. കാറിന്റെ പിറകില്‍ നിന്നാണ് തീ പടര്‍ന്നതെന്നും, അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്നും ഫോറന്‍സിക് വിഭാഗം കണ്ടെത്തിയിരുന്നു. ഇതോടെയാണ് മരണപ്പെട്ട സോനയുടെ കുടുംബം അപകടത്തില്‍ സംശയം പ്രകടിപ്പിച്ചത്.
സോനയുടെയും റിജിന്‍ലാലിന്റെയും വിവാഹത്തിന് റിജിന്റെ കുടുംബത്തിന് താല്‍പര്യമില്ലായിരുന്നു. മൂന്നു വര്‍ഷത്തെ പ്രണയത്തിനു ശേഷം രജിസ്റ്റര്‍ വിവാഹമായിരുന്നു ഇവരുടെത്. പ്രണയിക്കുന്ന കാലത്ത് റിജിന്‍ ഗള്‍ഫിലേക്ക് ജോലി തേടി പോയിരുന്നു. ഇതിനിടെ മറ്റൊരു യുവതിയുമായി റിജിന്റെ വിവാഹം ഉറപ്പിച്ചു. ഇതറിഞ്ഞതോടെ സോന ആത്മഹത്യശ്രമം നടത്തി. സോനയെ അന്ന് രക്ഷിച്ചത് റെയില്‍വേ പൊലീസാണ്.
പിന്നീട് റിജിനെതിരെ സോന പരാതി നല്‍കി. കേസായതോടെ ഗള്‍ഫിലേക്കുള്ള റിജിന്റെ യാത്ര മുടങ്ങി. ഇതോടെ റിജിന്‍ വീണ്ടും സോനയുമായി അടുപ്പത്തിലായി, കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി. കേസ് പിന്‍വലിച്ചതോടെ 2023 ല്‍ ഇരുവരും കുടുംബങ്ങള്‍ അറിയാതെ ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായി.
അച്ഛന്‍ മരിച്ചതോടെ അമ്മയും അനിയനും മാത്രമാണ് സോനയുടെ കുടുംബം. വിവാഹശേഷം സോന ഭര്‍തൃവീട്ടില്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ കുടുംബം എണ്ണിപ്പറഞ്ഞു. രജിസ്റ്റര്‍ വിവാഹം ചെയ്തതോടെ വീട്ടുകാരുമായുള്ള ബന്ധം റിജിന്റെ കുടുംബം വിലക്കിയിരുന്നു. ഗര്‍ഭിണിയായതോടെയാണ് സോന വീണ്ടും കുടുംബവുമായി അടുത്തത്.
പല തവണ ഭര്‍തൃവീട്ടില്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ സോന ബന്ധുവായ പെണ്‍കുട്ടിയെ വിളിച്ചറിയിച്ചിട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കാറിലെ തീപിടിത്തം ആസൂത്രിതമായി സോനയെ കൊലപ്പെടുത്താന്‍ വേണ്ടിയുള്ളതാണെന്ന് കുടുംബം ആരോപിക്കുന്നത്.