ഈ ഗ്രാമത്തിൽ ജനിച്ചവരെല്ലാം ഗായകരാണ്: ലോകം പാട്ടുഗ്രാമത്തിലേക്കു വിരുന്നെത്തുന്ന നാളുകൾ അകലെയല്ല keralas first music village keep its songs alive
Mail This Article
ഒറ്റക്കാതിൽ കമ്മലിട്ട് ഹെഡ് റിബൺ ചുറ്റിയ അഭി രാവിലെ ജിമ്മിൽ പോകുന്നതിനു മുൻപ് തത്തച്ചേച്ചിയോടൊപ്പം ഇത്തിരി നേരം പാട്ടുപാടാനിരുന്നു. ആദ്യവരി മൂളിയപ്പോഴേക്കും സിനിമയിലൊക്കെ കാണാറുള്ളതു പോലെ ഓരോ വീടുകളിൽ നിന്നും ഓരോരുത്തരായി അവിടേക്കു വന്നു. പക്കമേളവും പിന്നണി സംഗീതവുമില്ലാതെ വീട്ടുമുറ്റമൊരു സംഗീതസഭയായി മാറി. നേരം പുലർന്ന് അന്തിയാകും മുൻപ് ഒരു നേരമെങ്കിലും ഇങ്ങനെ ചേർന്നിരുന്നു പാടിയില്ലെങ്കിൽ ഈ ഗ്രാമത്തിലുള്ളവർക്ക് സ്വസ്ഥമായി ഉറങ്ങാനാവില്ല.
ഒരൽപ്പം ചരിത്രം മനസ്സിലാക്കിയാലേ വാൽമുട്ടി എന്ന ഗ്രാമത്തിന്റെ ചിത്രം വ്യക്തമാകൂ. തുയിലുണർത്തുപാട്ടും പൊറാട്ടു നാടകവുമായിരുന്നു ഈ ഗ്രാമത്തിന്റെ പുരാതന കലാസംഗീതം. ജന്മസിദ്ധമായി കിട്ടിയ ഈണങ്ങളാണ് അവർ പാടിയിരുന്നത്. അതു കേട്ടുപഠിച്ച പുതുതലമുറ പാട്ടു തുടർന്നപ്പോൾ ഈ ഗ്രാമത്തിന്റെ ഹൃദയത്തുടിപ്പിലേക്കു ജീവാമൃതം പ്രവഹിച്ചു.
പണ്ട് കിഴക്കൻ പാലക്കാടിന്റെ സിനിമയും മേളയുമൊക്കെ പൊറാട്ടു നാടകമായിരുന്നു. പാട്ടുപാടാനും വേഷം കെട്ടാനും പോയിരുന്ന പൂർവികരുടെ പെരുമയിൽ അവരിപ്പോൾ അഭിമാനിക്കുന്നു.
ഈണങ്ങളും വരികളും കൈമാറി കടന്നു പോയ മുത്തച്ഛന്മാരുടെ കഥ പറയാൻ പത്തിലേറെ മുത്തശ്ശിമാരുണ്ടു വാൽമുട്ടിയിൽ. ഈ അവധിക്കാലത്തു പാട്ടു പാടി പരിശീലിക്കാൻ വീടിന്റെ ഇറയത്ത് അവർ ഒത്തുചേർന്നു. വിഷുപ്പക്ഷി പാടിയിരുന്ന പാടവരമ്പും നാവേറുപാട്ടിന്റെ ഈ ണം മുഴങ്ങിയിരുന്ന നടവഴികളും ഒരു കാലത്ത് ഈ ഗ്രാമത്തിന്റെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് ആയിരുന്നു. താരാട്ടിന്റെ ഈണത്തിൽ വിശപ്പു മറന്ന സ്മരണയുടെ ചില്ലകളിലിപ്പോൾ നൊസ്റ്റാൾജിക് റീൽസ് വസന്തകാലം ഒരുക്കുന്നു.
‘‘ആണുങ്ങൾ മുളംകമ്പു കൊണ്ട് കുട കെട്ടും. പെണ്ണുങ്ങൾ പനയോല നെയ്തു കുടയ്ക്കു ശീലയുണ്ടാക്കും. കാലൻകുടയും വലിയ കുടയും തൊപ്പിക്കുടയും ചന്തയിൽ വിൽക്കും. പകലന്തിയോളം പണിയെടുത്താലും കുടുംബം പുലർത്താൻ കഷ്ടപ്പാടായിരുന്നു.’’ പഴയകാലത്തിലേക്കു നടക്കുകയാണ് വാൽമുട്ടിയിലെ മുത്തശ്ശി – തത്തമ്മ.
അച്ഛനും ചെറിയച്ഛനും വലിയച്ഛന്മാരുമൊക്കെ വട്ടമണഞ്ഞിരുന്നു പാട്ടു പാടും. മൂളിപ്പാട്ടു പാടാൻ പോലും സ്ത്രീകൾക്ക് അനുമതി ഉണ്ടായിരുന്നില്ല.
‘‘പൊന്നില്ലം കെട്ടിയമ്മ
കെട്ടിച്ചമച്ചോർ നാളിൽ
പൊലിപോലെ ശ്രീകൃഷ്ണൻ
പിറന്ന നാളിൽ...’’
ആയില്യം – മകത്തിനു പാടിയിരുന്ന തുയിലുണർത്തു പാട്ടിന്റെ വരികൾ തത്തച്ചേച്ചി ഓർത്തു. വാൽസല്യത്തിന്റെ കഥകൾ കെട്ടിപ്പിടിച്ചുറങ്ങിയ മുൻഗാമികളുടെ ഹൃദയഗീതങ്ങളിലൊന്നാണിത്. വാൽമുട്ടിയിലെ ജെൻസി യുവത്വത്തിന്റെ അഭിപ്രായത്തിൽ ക്ലാസിക് ഗാനങ്ങൾ. പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ അവയിൽ ചിലതു സൈബർ പ്ലാറ്റ്ഫോമുകളിൽ കൊയ്ത്തുകാലം പുനരവതരിപ്പിക്കുന്നു!
പൊന്നാടയണിഞ്ഞു പാരമ്പര്യം
പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിലെ തത്തമംഗലം മു നിസിപ്പാലിറ്റിയിൽ അണിക്കോടിനു സമീപത്താണു വാൽമുട്ടി ഗ്രാമം. കോൺക്രീറ്റ് റോഡ് പാടശേഖരത്തിനരികിലൂടെയാണു കടന്നു പോകുന്നത്. പണ്ട് നെൽകൃഷി ചെയ്തിരുന്ന കൃഷി പ്രദേശത്തിനു വാൽമുട്ടിയെന്നു പേരു കിട്ടിയതിനു പിന്നിലൊരു ഐതിഹ്യമുണ്ടെന്നു പറയുന്നു പൊതുപ്രവർത്തകനും അധ്യാപകനുമായ എം.ശിവകുമാർ.
‘സീതയെ രക്ഷിക്കാൻ ലങ്കയിലേക്കു പറന്ന ഹനുമാന്റെ വാൽ നിലത്തു മുട്ടിയ സ്ഥലമാണത്രേ വാൽമുട്ടിയായത്. ഐതിഹ്യകഥയോളം പഴക്കമുള്ള സാംസ്കാരിക പൈതൃകം അവകാശപ്പെടുന്ന പാണൻ സമുദായക്കാരാണ് വാൽമുട്ടിയിലെ താമസക്കാരേറെയും.
രണ്ടായിരം വർഷം പഴക്കമുള്ള സംഘകാല കൃതികളിൽ പാണൻ സമുദായത്തിന്റെ പാട്ടുരീതികൾ പറയുന്നുണ്ട്: ‘‘പൂർവകാല സംസ്കൃതിയിലെ കമ്യൂണിക്കേറ്റേഴ്സ് ആയിരുന്നു പാണന്മാർ. കാതങ്ങൾ നടന്നു രാജസദസ്സുകളിൽ കഥ പറയുകയും പാട്ടുപാടുകയും ചെയ്തിരുന്നു. പുതിയ ദേശങ്ങളെക്കുറിച്ചും ആളുകളെക്കുറിച്ചും വർണിക്കുന്നതിൽ കേമന്മാരായിരുന്നു. ദൈവികമായ ഈണങ്ങളിൽ കാര്യങ്ങൾ പാടി ഫലിപ്പിക്കുന്നതിൽ അവർ പ്രഗത്ഭരുമായിരുന്നു.’’
സംഘകൃതികളിൽ വിവരിക്കുന്ന ഗാനപൈതൃകം വാൽമുട്ടിക്കാർ രണ്ടായിരം വർഷത്തിനിപ്പുറവും പിന്തുടരുന്നു. ഇവിടെ ജീവിക്കുന്ന ആറു വയസ്സുകാരും അറുപതു താണ്ടിയവരും ഈണത്തിൽ പാടുന്നവരാണ്. കലോത്സവ വേദികളിൽ ഒന്നാം സമ്മാനം നേടുന്നവരും ശാസ്ത്രീയ സംഗീതം പരിശീലിച്ച് ഗാനഭൂഷണം സ്വന്തമാക്കിയവരും കഥകളി സംഗീത അധ്യാപകനും വാൽമുട്ടിയിലുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യം അംഗീകരിച്ചുകൊണ്ട് ത ത്തമംഗലം മുനിസിപ്പാലിറ്റി വാൽമുട്ടിക്കു ‘പാട്ടുഗ്രാമം’ പദവി നൽകി. അതോടെ തനതു കല അഭിമാനത്തിന്റെ പൊന്നാണടയണിഞ്ഞു.
വാൽമുട്ടിയിലെ വൈറ്റ് കോളർ
‘ഇവിടെ ജനിക്കുന്നവർ കുട്ടിക്കാലം തൊട്ടു പാട്ടു കേട്ടാണു വളരുന്നത്’ തത്തമ്മയേക്കാൾ മൂന്നു വയസ്സു മുതിർന്ന ദൈവാനി പറയുന്നു. ഫോക്‌ലോർ അവാർഡ് നേടിയ പാട്ടുകാരിയാണു ദൈവാനി.
‘ഞാനും തത്തയുമൊന്നും ഒരു സ്കൂളിലും പോയിട്ടല്ല പാട്ടു പഠിച്ചത്’ – പ്രായം അഴകു ചാർത്തിയ ചുണ്ടിൽ ദൈവാനി പുഞ്ചിരി വിടർത്തി. അതു കാണേണ്ട താമസം, പാട്ടുഗ്രാമത്തിനു ജീവൻ തുടിച്ചു. ‘താരക പെണ്ണാളെ’ പാടിക്കൊണ്ട് ചിറ്റൂർ മോഹനനാണു തുടക്കമിട്ടത്. മറ്റുള്ളവർ ചുറ്റുമിരുന്നു കോറസ് പാടി.
സിനിമയിലും മ്യൂസിക് ആൽബങ്ങളിലും പാടിയിട്ടുള്ള മോഹനന്റെ ശബ്ദം ഗാനമേളകളിൽ സ്ഥിരസാന്നിധ്യമാണ്. ശാസ്ത്രീയ സംഗീതം പരിശീലിച്ചതിന്റെ പിൻബലം സിനിമയിൽ അവസരമൊരുക്കിയെന്നു പറയുമ്പോഴും നാട്ടുപാട്ടിന്റെ ഈണങ്ങളോടാണ് മോഹനന്റെ മനസ്സു ചേർന്നു നിൽക്കുന്നത്. കോമുത്തൻ, കേശവേട്ടൻ, കാശുവേട്ടൻ, ആറുച്ചാമി, ചെല്ലമ്മ, പൊന്നമ്മ, വള്ളിയമ്മ, ചിന്നക്കുട്ടി, ദൈവാനിയമ്മ, തത്തമ്മ എന്നിങ്ങനെ മുതിർന്നവരുടെ പേരുകളിൽ ഗുരുസ്ഥാനം തിരിച്ചറിയുന്നു പാട്ടുഗ്രാമത്തിലെ ചെറുപ്പക്കാർ.
‘‘പാട്ടുകാർ മാത്രമല്ല, സർക്കാർ ജോലിക്കാരും ഇവിടെയുണ്ട്’’ സഹകരണ ബാങ്ക് ജീവനക്കാരനായ ദിനനാഥ് സ്വന്തം ഗ്രാമത്തിനുണ്ടായ ഉന്നതി ചൂണ്ടിക്കാട്ടി. പഠിക്കാനും ജോലി നേടാനും മത്സരിക്കുന്ന പുതുതലമുറയുടെ പ്രതിനിധിയാണു ദിനനാഥ്. രാമകൃഷ്ണന്റെ മകൻ രമേഷിന് ഐഎസ്ആർഒയിലാണു ജോലി. പൊന്മലയുടെ മകൾ ശ്രുതി, പഴനിമലയുടെ മകൻ രാമദാസ്, പാട്ടുഗ്രാമം പ്രസിഡന്റ് സുധീഷ് – ജോലിക്കാരിൽ ചിലരെ ദിനനാഥ് പരിചയപ്പെടുത്തി.
സ്നേഹത്തിന്റെ സംഗീതസഭ
നാഗഗാന്ധാരി രാഗത്തിൽ സരസിജനാഭ സോദരീ കീർത്തനം പാടുന്ന സജ്നയുടെ ശബ്ദത്തിൽ കടന്നു പോയ തലമുറയിലെ സ്ത്രീകൾക്ക് ഉറക്കെ പാടാൻ കഴിയാതെ പോയ സംഗീതത്തിന്റെ ലയവിന്യാസമുണ്ട്.
ശാസ്ത്രീയ സംഗീതം ഐച്ഛിക വിഷയമാക്കി പോസ്റ്റ് ഗ്രാജുവേഷൻ പൂർത്തിയാക്കിയ ഗായികയാണ് സ ജ്ന. സംഗീതം പരിശീലിക്കുന്ന മേഘയും പാട്ടിന്റെ വഴികളിലാണു സ്വപ്നം കാണുന്നത്.
നാല്‍പ്പത്തിനാലു വയസ്സായി ദീപയ്ക്ക്. കൃഷ്ണകുമാറിന്റെ ഭാര്യയായി ഇരുപതു വർഷം മുൻപാണു വാൽമുട്ടിയിലെത്തിയത്. ‘ഇവിടെ പിറന്നവര്‍ മാത്രമല്ല, വന്നു കയറിയവരും പാട്ടുകാരായി മാറും’ ദീപ ഇതു പറയുമ്പോള്‍ ഫോക്‌ലോര്‍ അക്കാദമി നല്‍കിയ പുരസ്കാരം ഗാനമികവിനുള്ള അംഗീകാരമായി അരികിലുണ്ട്. ആഘോഷങ്ങളുടേയും വിശേഷങ്ങളുടേയും നാടാണു വാല്‍മുട്ടി. നവരാത്രിയാണു വാല്‍മുട്ടിക്കാരുടെ ദേശീയോല്‍സവം. ബന്ധുക്കളും പരിചയക്കാരും ഗ്രാമത്തിലേക്ക് ഒഴുകും.
രാഷ്ട്രീയം പറഞ്ഞു തുടങ്ങിയാലും നാട്ടുവിശേഷമാണെങ്കിലും ഒടുവില്‍ അതു പാട്ടില്‍ ചെന്നവസാനിക്കുന്നത് പൂര്‍വികരുടെ അനുഗ്രഹമെന്നു കരുതാനാണ് ഇവിടത്തുകാര്‍ക്കിഷ്ടം.
ആയുസ്സോളം പാട്ടുപാടിയവരുടെ പിന്‍ഗാമികളും ഗാനവീഥി തിരഞ്ഞെടുത്തപ്പോഴാണു വാല്‍മുട്ടിയുടെ തലവര മാറിയത്. പുതുതലമുറക്കാർ ചിറ്റൂര്‍ കോളജിലും ചെമ്പൈ സംഗീത കോളജിലും ശാസ്ത്രീയ സംഗീതം പരിശീലിക്കുന്നു. ചീരപ്പാട്ടും നല്ലമ്മപ്പാട്ടും അവരുടെ സ്വരമാധുരിയില്‍ ഈണം ചേരുന്നതു കേൾക്കാൻ ലോകം പാട്ടുഗ്രാമത്തിലേക്കു വിരുന്നെത്തുന്ന നാളുകൾ അകലെയല്ല...
