ADVERTISEMENT

‘കാൽ എടുത്തുവയ്ക്കുമ്പോൾ പുഴുക്കൾ കിടക്കയിലേക്കു വീണു. ഉറുമ്പ് കടിക്കുന്നെന്നു പറഞ്ഞപ്പോൾ കാൽ എടുത്തു ഉയർത്തി നോക്കിയപ്പോഴാണ് അതു കണ്ടത്. വിവരം ആശുപത്രി അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല’– തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു ശേഷം രോഗിയുടെ കാൽ പുഴുവരിച്ചതിന്റെ നടുക്കം ബന്ധുവിന്റെ വാക്കുകളിലുണ്ട്.

പാരിപ്പള്ളി തെറ്റിക്കുഴി പുതിയപാലം രാജേഷ് ഭവനിൽ രാജേന്ദ്രപ്രസാദിന്റെ (61) കാലിൽ പുഴുവരിച്ചെന്നാണ് പരാതി ഉയർന്നത്. കഴിഞ്ഞ മാസം 28നു രാവിലെ പാരിപ്പള്ളി– മടത്തറ റോഡിൽ ജവാഹർ ജംക്‌ഷനു സമീപമാണ് അപകടം. ഇരുചക്രവാഹനത്തിൽ പോകുന്നതിനിടെ പിന്നാലെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. 

ADVERTISEMENT

കാലിനു ഗുരുതരമായി പരുക്കേറ്റ രാജേന്ദ്ര പ്രസാദിനെ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. ഇവിടെ നിന്നു തിരുവന്തപുരത്തേക്കു റഫർ ചെയ്തു. വെഞ്ഞാറമുട്ടിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതര പരുക്ക് ആയിരുന്നതിനാൽ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. രാത്രി തന്നെ അടിയന്തര ശസ്ത്രക്രിയ നടത്തി കാലിൽ കമ്പികൾ ഇട്ടു തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

5 ദിവസം ഐസിയുവിൽ കിടന്ന ശേഷം കഴിഞ്ഞ ദിവസം 20–ാം വാർഡിലേക്ക് മാറ്റി. വാർഡിൽ അഡ്മിറ്റായ ശേഷം മകൻ വീട്ടിലേക്ക് മടങ്ങിയിരുന്നു. രാജേന്ദ്രപ്രസാദിന്റെ ഭാര്യ രമണിയും ചെറുമകനുമാണ് കൂട്ടുനിന്നത്. ഇതിനിടെയാണ് കാലിൽ ഉറുമ്പ് കടിക്കുന്നെന്നും നല്ല വേദന ഉണ്ടെന്നും രാജേന്ദ്രപ്രസാദ് ഭാര്യയോടു പറഞ്ഞത്. പരിശോധിക്കാൻ കാൽ എടുത്തു മാറ്റുമ്പോഴാണ് ശസ്ത്രക്രിയ ചെയ്ത ഭാഗത്തു നിന്നു പുഴുക്കൾ ബെഡിലേക്കു വീണത്. വാർഡിലെ ജീവനക്കാരെ അറിയിച്ചെങ്കിലും നടപടി വൈകി.

ADVERTISEMENT

മകൻ പാരിപ്പള്ളിയിൽ നിന്നു രാത്രി എട്ടോടെ ആശുപത്രിയിൽ എത്തിയപ്പോഴും അതേ അവസ്ഥയായിരുന്നു. ബഹളം വച്ചതോടെ തിയറ്ററിലേക്കു മാറ്റി മുറിവുകൾ ഡ്രസ് ചെയ്ത് ആവശ്യമായ ചികിത്സ ലഭ്യമാക്കി. തുടർന്നു വാർഡിലേക്ക് മാറ്റി. ഇതിനു ശേഷം നല്ല നിലയിൽ പരിചരണം ലഭിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. പ്ലാസ്റ്റിക് സർജറി ഉൾപ്പെടെ മറ്റു ചികിത്സയ്ക്കായി രാജേന്ദ്രപ്രസാദ് ആശുപത്രിയിൽ തുടരുകയാണ്.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു. മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പലും സർജറി, ഓർത്തോ വിഭാഗം മേധാവികളും അന്വേഷണം നടത്തും. 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നു മന്ത്രി കെ. മുരളീധരൻ ആവശ്യപ്പെട്ടു.

ADVERTISEMENT
Patient Suffers Maggots in Surgical Wound After Accident:

Maggots found in a patient's leg wound at Thiruvananthapuram Medical College Hospital highlight serious patient care concerns. This incident, involving a 61-year-old man, has led to an investigation and calls for immediate action.

ADVERTISEMENT