നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയും പരീക്ഷ റദ്ദാക്കിയതുമെല്ലാം രാജ്യത്ത് വലിയ ചര്‍ച്ചയായി തുടരുകയാണ്. വിവാദങ്ങള്‍ക്കിടെ വീണ്ടും ഒരു വിദ്യാര്‍ഥിനി കൂടി ജീവനൊടുക്കി. മധ്യപ്രദേശിലെ മൗഗഞ്ചില്‍ നിന്നുള്ള ആകാന്‍ഷ ചതുര്‍വേദിയാണ് പരീക്ഷ റദ്ദാക്കിയതില്‍ മനംനൊന്ത് ജീവനൊടുക്കിയത്.
ആകാന്‍ഷ കഴിഞ്ഞ പരീക്ഷയില്‍ 650 മാര്‍ക്ക് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇനിയും ഒരിക്കല്‍ കൂടി പരീക്ഷയെഴുതാനുള്ള ആത്മവിശ്വാസമില്ലെന്ന് കുറിച്ചു വച്ചാണ് പെണ്‍കുട്ടി ജീവിതം അവസാനിപ്പിച്ചത്. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് റദ്ദാക്കിയ പരീക്ഷ ജൂണ്‍ 21ന് വീണ്ടും നടത്താനിരിക്കെയാണ് മരണം.
"മമ്മി, പപ്പാ, മകള്‍ പഠിച്ച് ഡോക്ടറാകുമെന്ന് നിങ്ങള്‍ വിശ്വസിച്ചു. പക്ഷേ, ഇനി ഒരിക്കല്‍ കൂടി പരീക്ഷയെഴുതാനുള്ള ആത്മവിശ്വാസം എനിക്കില്ല. നിങ്ങളെക്കൂടി ഞാന്‍ നശിപ്പിച്ചു. ഒന്നുകൂടി പരീക്ഷയെഴുതിയാല്‍ നന്നായി പെര്‍ഫോം ചെയ്യാമെന്ന ആത്മവിശ്വാസം എനിക്കില്ല, സോറി.."- ആകാന്‍ഷയുടെ മുറിയില്‍ നിന്ന് കണ്ടെടുത്ത കുറിപ്പില്‍ പറയുന്നു.
മകള്‍ കടുത്ത മനപ്രയാസത്തിലായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു. മകളെ ഡോക്ടറാക്കാന്‍ മൂന്നു ലക്ഷം രൂപ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി ലോണെടുത്താണ് നാഗ്പുരില്‍ അയച്ചു പഠിപ്പിച്ചത്. കര്‍ഷകനായ കൃഷ്ണകുമാര്‍ ചതുര്‍വേദി മകളുടെ പഠനത്തിന് പണം കണ്ടെത്തുന്നതിനായി നാഗ്പുരിലേക്ക് പോകുകയും അവിടെ പാചകക്കാരനായി ജോലി നോക്കുകയുമായിരുന്നു. ഇത്തവണ മെഡിക്കല്‍ കോളജില്‍ മകള്‍ പ്രവേശനം നേടുമെന്ന് ഉറപ്പായിരുന്നുവെന്നും മാതാപിതാക്കള്‍ പറയുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പ് ജാര്‍ഖണ്ഡിലും പതിനാറുകാരി ജീവനൊടുക്കിയിരുന്നു. നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്നുണ്ടായ മനപ്രയാസമായിരുന്നു ഇതിനും കാരണം. പത്താംക്ലാസ് പരീക്ഷ പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഡല്‍ഹിയിലെത്തി നീറ്റ് പഠനം ആരംഭിച്ചതായിരുന്നു ഈ കുട്ടിയെന്ന് വീട്ടുകാര്‍ വെളിപ്പെടുത്തിയിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)