എങ്ങനെ വിശ്വസിച്ച് കഴിക്കും ഈ ചിക്കൻ? കെഎഫ്‌സിയുടെ ഔട്ട്‌ലെറ്റിൽ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയത് 192 കിലോ പഴകിയ മാംസം. തിരുവനന്തപുരം ജില്ലയിലെ വർക്കലയിലാണ് സംഭവം. വർക്കല മുനിസിപ്പാലിറ്റിയുടെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് വർക്കല മൈതാനം- ബീച്ച് റോഡിൽ പ്രവർത്തിക്കുന്ന കെഎഫ്സി ഔട്ട്‌ലെറ്റിൽ നിന്ന് അധികൃതർ പഴകിയ ചിക്കന്‍ പിടിച്ചെടുത്തത്.
ഉപഭോക്താവിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അപ്രതീക്ഷിത പരിശോധന. രണ്ടു കിലോ വീതം തൂക്കം വരുന്ന 96 ചിക്കൻ പാക്കറ്റുകളാണ് പിടിച്ചെടുത്തത്. പരിശോധനയില്‍ പാചകപ്പുര ശുചിത്വ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ട നിലയിലായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറയുന്നു.
സ്പെഷല്‍ ഓഫർ പ്രഖ്യാപിച്ചാണ് വിപുലമായ രീതിയിൽ ചിക്കൻ വിൽപ്പന നടത്തുന്നത്. ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധനയായതു കൊണ്ട് പഴകിയ മാംസം മാറ്റാൻ സമയം കിട്ടിയില്ല. തീർത്തും വൃത്തിഹീനമായാണ് ഔട്ട്‌ലെറ്റ് പ്രവർത്തിച്ചിരുന്നത്. ഫ്രീസറിൽ സൂക്ഷിക്കേണ്ട ചിക്കൻ, രക്തം ഒലിച്ച നിലയിൽ തറയിൽ കമിഴ്ത്തിയിട്ടിരിക്കുന്ന അവസ്ഥയിലായിരുന്നു.
പിടിച്ചെടുത്ത പഴകിയ ചിക്കൻ നഗരസഭാ അധികൃതർ നശിപ്പിച്ചു. ബീച്ചും ഹെലിപ്പാടും ഉൾപ്പെട്ട പ്രധാന വിനോദസഞ്ചാര കേന്ദ്രമായതിനാൽ വർക്കലയിലെ ഈ ഔട്ട്‌ലെറ്റിൽ എപ്പോഴും തിരക്കാണ്. സ്ഥാപനത്തിന് നോട്ടീസ് നൽകിയ ശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.