കൊട്ടാരക്കരയില്‍ പാഞ്ഞെത്തിയ ദുരന്തത്തിൽ നിന്നി രണ്ടു കുഞ്ഞുങ്ങളെ ജീവിതത്തിലേക്കു വലിച്ചു കയറ്റി അഞ്ജലി. സ്ഥലത്തേക്ക് ഓടിയെത്തിയ ഇളയസഹോദരൻ വൈശാഖ് അഗ്നിരക്ഷാസേനയെ ഫോണിൽ വിളിച്ച് രക്ഷാസ്ഥലത്തേക്ക് എത്തിച്ചു. പന്ത്രണ്ടു പേരെങ്കിലും ദുരന്തത്തിൽപ്പെടുമെന്നു കരുതിയ അപകടത്തിലെ രക്ഷാകരങ്ങളായി മാറുകയായിരുന്നു ബിഎസ്‌സി നഴ്സിങ് വിദ്യാർഥിനി നിലേശ്വരം ദിവ്യഭവനിൽ ബി. അഞ്ജലിയും (22), സഹോദരനും എട്ടാം ക്ലാസുകാരനുമായ വൈശാഖും (12).
അപകടസ്ഥലത്തിനു തൊട്ടടുത്തായിരുന്നു ഇവരുടെ വീട്. നീലേശ്വരത്ത് ക്ഷേത്ര ദർശനത്തിന് പോകാൻ ബസ് കാത്തു നിൽക്കുകയായിരുന്നു അഞ്ജലി. തൊട്ടടുത്ത് നിന്ന കുഞ്ഞുങ്ങളുടെ നേർക്ക് ടിപ്പർ ലോറി പാഞ്ഞുവരുന്നത് കണ്ട ഉടൻ തന്നെ കൈകളിൽ വലിച്ച് മറ്റൊരിടത്തേക്ക് മാറ്റുകയായിരുന്നു.
വാതിൽ തുറന്നപ്പോൾ ഞെട്ടിപ്പിക്കുന്ന കാഴ്ച
കൊട്ടാരക്കര മുക്കോണിമുക്കിലെ ഫ്ലാറ്റിന്റെ രണ്ടാം നിലയിൽ താമസിക്കുന്ന ജയശ്രീ വാതിൽ തുറന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. റോഡിന്റെ എതിർവശത്ത് ജയശ്രീ നടത്തുന്ന ജാൻവി സ്റ്റിച്ചിങ് സെന്റർ കെട്ടിടത്തിന്റെ വശവും മതിലും തകർത്ത് പാടേ മറിഞ്ഞു കിടക്കുകയായിരുന്നു ടിപ്പർ ലോറി. അപകടത്തിൽ ചിതറിത്തെറിച്ച ശരീരഭാഗങ്ങൾ ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കി ആംബുലൻസുകളിലേക്ക് വയ്ക്കുന്നത് കണ്ടതോടെ ജയശ്രീയുടെ സമനില കൈവിട്ടു. മുറിയിലേക്ക് കയറി കതകടച്ചു.