ലോകം മുന്നോട്ടു കുതിക്കുന്നതിനൊപ്പം തൊഴിൽ മേഖലകളിൽ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു. ഇന്നലെ പരിചിതമല്ലാതിരുന്ന ചില പഠനശാഖകൾ ഇന്നു സാങ്കേതിക തൊഴിലുകളെ നിയന്ത്രിക്കുന്ന ശക്തിയായി മാറി. ടെക്നോളജി മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും കടന്നുചെല്ലുമ്പോൾ, എൻജിനീയറിങ് മേഖലയും പുതിയ രൂപം കൈക്കൊള്ളുന്നു. എഐ, സൈബർ സുരക്ഷ, ഡേറ്റ സയൻസ്, സ്മാർട്ട് സിസ്റ്റം – എന്നിങ്ങനെ പുത്തൻ ശാഖകൾ പ്രധാന തൊഴിൽശാഖയായി വളർന്നു കഴിഞ്ഞു.
ഈ വളർച്ചയോടൊപ്പം കുതിക്കാൻ മികച്ച അക്കാദമിക് പരിശീലനം വേണം. പ്ലസ്ടു കഴിയുമ്പോൾ അതിനുള്ള ശ്രമം തുടങ്ങണം. എൻജിനീയറിങ് മേഖല ലക്ഷ്യം വയ്ക്കുന്ന വിദ്യാർഥികൾ മനസ്സിൽ ആവർത്തിക്കേണ്ടുന്ന കുറച്ചു ചോദ്യങ്ങളുണ്ട്:
ഈ കോഴ്സ് എനിക്ക് ഇഷ്ടമാണോ? സാധാരണ ജീവിതത്തിൽ നേരിടേണ്ടി വരുന്ന ‘പ്രശ്നങ്ങൾ’ വിജയകരമായി പരിഹരിക്കുമ്പോൾ കൂടുതൽ സന്തോഷം തോന്നാറുണ്ടോ? അതോ, പുതിയ ആശയങ്ങൾ സൃഷ്ടിക്കുമ്പോഴോണോ സന്തോഷം തോന്നാറുള്ളത്? സ്ഥിരതയാണോ തേടുന്നത്, അതോ, വെല്ലുവിളികളോ?
ശരിയായ ദിശയിലേക്കുള്ള യാത്ര സെറ്റ് ചെയ്യാൻ ഇങ്ങനെയൊരു ചോദ്യാവലി സ്വയം പൂരിപ്പിക്കേണ്ടത് ആവശ്യമാണ്. കോഴ്‌സ് തിരഞ്ഞെടുക്കുമ്പോൾ പരീക്ഷയിൽ ലഭിക്കുന്ന മാർക്ക് മാത്രം മാനദണ്ഡമാക്കരുതെന്ന് കരിയർ വിദഗ്ധർ ഓർമിപ്പിക്കാറുണ്ട്.
വിദ്യാർഥിയുടെ താൽപര്യം, പഠനരീതിയോടുള്ള സമീപനം, പ്രശ്നപരിഹാര ശേഷി, മാറുന്ന സാങ്കേതികവിദ്യകളോട് പൊരുത്തപ്പെടാനുള്ള മനോഭാവം എന്നിവയെല്ലാം പ്രധാനമാണ്. കാരണം, ലോകത്തു തൊഴിലുകൾ അതിവേഗം മാറുന്നു; അതിനൊപ്പം പഠനശാഖകളുടെ പ്രസക്തിയും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നു.
ഇവിടെയും ചില ചോദ്യങ്ങൾ സ്വന്തം മനസ്സിനു നേരേ തൊടുത്തു വിടുക. ഉദാ: എനിക്ക് ഏതു പഠന വിഷയത്തിനോടാണു കൗതുകം കൂടുതലുള്ളത്? ആ മേഖലയിലെ തൊഴിൽസാധ്യതകൾ അന്വേഷിച്ചിട്ടുണ്ടോ? ശമ്പളം മാത്രം നോക്കുകയാണോ, അതോ ദീർഘകാല വളർച്ചയും പരിഗണിക്കുന്നുണ്ടോ?
ഇത്തരം ചിന്തകൾ മാർഗം എളുപ്പമാക്കും. ഇവിടെയെല്ലാം എൻജിനീയറിങ് എന്നാണു മറുപടി കണ്ടെത്തുന്നത് എങ്കിൽ ധൈര്യത്തോടെ മുന്നോട്ടു നീങ്ങുക. എൻജിനീയറിങ് വിദ്യാഭ്യാസം ലോകത്ത് എല്ലായിടത്തും പുതിയ തൊഴിൽ സാധ്യതകൾ തുറക്കുകയാണ്. അവിടേക്ക് എത്തിച്ചേരാൻ സഹായിക്കുന്ന പഠനശാഖകൾ പരിചയപ്പെടാം.
കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ
നവീകരണം, സാങ്കേതികവിദ്യ, വ്യവസായ വികസനം എ ന്നിവയിലൂടെ ആധുനിക ലോകത്തെ രൂപപ്പെടുത്തുന്നതിൽ എൻജിനീയറിങ് നിർണായക പങ്കു തുടരുന്നു. ഡിജിറ്റൽ കാലഘട്ടത്തിൽ, എൻജിനീയറിങ് വിദ്യാഭ്യാസം പ രമ്പരാഗത മേഖലകളെ മറികടന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റാ സയൻസ്, സൈബർ സുരക്ഷ, സ്മാർട് കമ്യൂണിക്കേഷൻ സിസ്റ്റം എന്നിങ്ങനെ നൂതന സാങ്കേതികവിദ്യകളെയും ഉൾപ്പെടുത്തിയിരിക്കുന്നു.
ഇതിന്റെ ആകെ റിസൽറ്റ് നോക്കിയാൽ, എൻജിനീയറിങ് സെക്ടറിൽ പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഇനി കോഴ്സുകൾ നോക്കാം
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ് (AI & ML)
ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിങ്ങും (AI & ML) എൻജിനീയറിങ്ങിലും കംപ്യൂട്ടർ സയൻസിലും ഏറ്റവും വേഗത്തിൽ വളരുന്ന മേഖലകളിൽപ്പെടുന്നു. യുക്തിചിന്ത, തീരുമാനമെടുക്കൽ, പ്രശ്നപരിഹാരം തുടങ്ങിയ മ നുഷ്യസമാന പ്രവർത്തനങ്ങൾ നിർവഹിക്കാൻ എഐ പ്രയോജനപ്പെടുന്നു.
അതേസമയം, മെഷീൻ ലേണിങ് ഡേറ്റയിൽ നിന്നു പഠിക്കാനും സ്വയം മെച്ചപ്പെടാനും സഹായിക്കുന്നു. ആരോഗ്യസംരക്ഷണം, ബാങ്കിങ്, വിദ്യാഭ്യാസം, ഗതാഗതം, കൃഷി, വിനോദം, സൈബർ സുരക്ഷ, നിർമാണം എന്നിവ ഉൾപ്പെടെയുള്ള മേഖലകളെ എഐ മാറ്റിമറിക്കുകയാണ്.
വിദ്യാർഥികൾ പ്രോഗ്രാമിങ്, അൽഗോരിതങ്ങൾ, ന്യൂറൽ നെറ്റ്‌വർക്കുകൾ, ഡീപ് ലേണിങ്, ഡേറ്റ അനലിറ്റിക്സ്, ക്ലൗഡ് കംപ്യൂട്ടിങ്, റോബട്ടിക്സ്, ഇന്റലിജന്റ് സിസ്റ്റങ്ങൾ എന്നിവ പഠിക്കുന്നു.
കോഴ്‌സ് ഫീസ്: മാനേജ്മെന്റ് ക്വാട്ട: മുഴുവൻ കോഴ്‌സ് ദൈർഘ്യത്തിന് ഏകദേശം ആറു ലക്ഷം രൂപ
ഗവൺമെന്റ് ക്വാട്ട: മുഴുവൻ കോഴ്‌സ് ദൈർഘ്യത്തിന് നാലു ലക്ഷം രൂപ
പ്രതീക്ഷിക്കാവുന്ന വാർഷിക ശമ്പളം: ഇന്ത്യയിൽ എട്ടുലക്ഷം മുതൽ 30 ലക്ഷം രൂപ. മൾട്ടിനാഷനൽ കമ്പനികളി ൽ ഇതിലും ഉയർന്ന ശമ്പളം ലഭിക്കാം
തൊഴിൽ അവസരങ്ങൾ: എഐ എൻജിനീയർ, മെഷീൻ ലേണിങ് എൻജിനീയർ, ഡേറ്റ സയന്റിസ്റ്റ്, റോബട്ടിക്സ് പ്രോഗ്രാമർ.
കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്(CSE)
കംപ്യൂട്ടർ സിസ്റ്റങ്ങളുടെയും സോഫ്റ്റ്‌വെയർ സാങ്കേതികവിദ്യകളുടെയും രൂപകൽപന, വികസനം, പ്രയോഗം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലയാണ് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്. ആരോഗ്യം, ബാങ്കിങ്, വിദ്യാഭ്യാസം, ആശയവിനിമയം, വിനോദം, ഗതാഗതം, ബിസിനസ് എ ന്നീ മേഖലകളിൽ നിർണായക പങ്ക് വഹിക്കുന്നു.
പ്രോഗ്രാമിങ്, ഡേറ്റ സ്ട്രക്ചർ, അൽഗോരിതം, ഡേറ്റാബേസ് മാനേജ്മെന്റ്, ഓപ്പറേറ്റിങ് സിസ്റ്റം, വെബ് സാങ്കേതികവിദ്യ, എഐ, ക്ലൗഡ് കംപ്യൂട്ടിങ്, സൈബർ സുരക്ഷ എന്നിവ പഠനവിഷയങ്ങളിൽ ഉൾപ്പെടുന്നു.
കോഴ്‌സ് ഫീസ്: മാനേജ്മെന്റ് ക്വാട്ട – ഏകദേശം ആറു ലക്ഷം രൂപ. ഗവൺമെന്റ് ക്വാട്ട – രണ്ടര ലക്ഷം.
പ്രതീക്ഷിക്കാവുന്ന വാർഷിക ശമ്പളം: എട്ടു ലക്ഷം രൂപ – 40 ലക്ഷം
തൊഴിൽ അവസരങ്ങൾ: സോഫ്റ്റ്‌വെയർ ഡെവലപ്പർ, വെബ് ഡെവലപ്പർ, ഡേറ്റ അനലിസ്റ്റ്, സിസ്റ്റം എൻജിനീയർ, ക്ലൗഡ് എൻജിനീയർ, എഐ എൻജിനീയർ.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റ സയൻസ് (AI & DS)
എഐ ആൻഡ് ഡിഎസ് ഡേറ്റ വിശകലനം, പാറ്റേണുകളുടെ പഠനം, ബുദ്ധിപരമായ തീരുമാനങ്ങൾ കൈക്കൊള്ളൽ എന്നീ സംവിധാനങ്ങൾ വികസിപ്പിക്കുന്ന മേഖലയാണിത്.
കോഴ്‌സ് ഫീസ്: മാനേജ്മെന്റ് ക്വാട്ട – ഏകദേശം ആറു ലക്ഷം രൂപ. ഗവൺമെന്റ് ക്വാട്ട – മൂന്നു ലക്ഷം.
പ്രതീക്ഷിക്കാവുന്ന വാർഷിക ശമ്പളം: എട്ടു ലക്ഷം – 25 ലക്ഷം രൂപ
തൊഴിൽ അവസരങ്ങൾ: എഐ എൻജിനീയർ, ഡേറ്റ സ യന്റിസ്റ്റ്, മെഷീൻ ലേണിങ് എൻജിനീയർ, ബിസിനസ് ഇ ന്റലിജൻസ് അനലിസ്റ്റ്.
ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്(ECE)
ഇലക്ട്രോണിക് ഉപകരണങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ, ഡിജിറ്റൽ സാങ്കേതികവിദ്യ എന്നിവയുടെ രൂപകൽപ്പന, വികസനം എന്നിവ ഉൾപ്പെടുന്ന മേഖലയാണ് ECE. മൊബൈൽ ഫോണുകൾ, ഉപഗ്രഹങ്ങൾ, ഇന്റർനെറ്റ് സേവനങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, പ്രതിരോധ സംവിധാനങ്ങൾ എന്നിവയിൽ നിർണായക പങ്ക് വഹിക്കുന്നു. ഡിജിറ്റൽ ഇലക്ട്രോണിക്സ്, മൈക്രോപ്രോസസർ, എംബഡഡ് സിസ്റ്റം, സിഗ്‌നൽ പ്രോസസിങ്, വയർലെസ് കമ്യൂണിക്കേഷൻ, റോബട്ടിക്സ് എന്നിവ പഠനവിഷയങ്ങളിൽ ഉൾപ്പെടുന്നു.
കോഴ്‌സ് ഫീസ്: മാനേജ്മെന്റ് ക്വാട്ട – ഏകദേശം അഞ്ചു ലക്ഷം രൂപ. ഗവൺമെന്റ് ക്വാട്ട – മൂന്നു ലക്ഷം.
പ്രതീക്ഷിക്കാവുന്ന വാർഷിക ശമ്പളം: എട്ടു ലക്ഷം – 25 ലക്ഷം രൂപ
തൊഴിൽ അവസരങ്ങൾ: ഇലക്ട്രോണിക്സ് എൻജിനീയർ, കമ്യൂണിക്കേഷൻ എൻജിനീയർ, നെറ്റ്‌വർക്ക് എൻജിനീയർ, റോബട്ടിക്സ് എൻജിനീയർ, ടെലികോം എൻജിനീയർ.
തൊഴിൽ സാധ്യതയിൽ മുന്നിൽ നിൽക്കുന്ന മറ്റു കോഴ്‌സുകൾ
ബയോമെഡിക്കൽ എൻജിനീയറിങ്, റോബട്ടിക്സ് ആ ൻഡ് ഓട്ടമേഷൻ എൻജിനീയറിങ്, അഗ്രികൾച്ചർ എൻജിനീയറിങ്, ഫൂഡ് ടെക്നോളജി, ഇൻഫർമേഷൻ ടെക്നോളജി, സിവിൽ എൻജിനീയറിങ്, ടെക്സ്റ്റൈൽ ടെക്നോളജി. ഇന്റലിജന്റ് സാങ്കേതികവിദ്യകളും ഓട്ടമേഷനും ഡിജി റ്റൽ പരിവർത്തനവും വളരുന്നതിനൊപ്പം എൻജിനീയറിങ് വിദ്യാഭ്യാസവും അതിവേഗം മാറുന്നു.
എൻജിനീയറിങ് കോഴ്‌സ് തിരഞ്ഞെടുക്കുമ്പോൾ അ തു വെറുമൊരു തീരുമാനം മാത്രമല്ല, നാളെയുടെ സാധ്യതകളിലേക്കുള്ള നിക്ഷേപമാണ്.
സാങ്കേതികവിദ്യ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത്, പഠനശാഖകളുടെ പേരുകളേക്കാൾ പ്രധാനം പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവാണ്. പുതിയ കാര്യങ്ങൾ പഠിക്കാൻ ഉള്ള താൽപര്യവും ഉണ്ടായിരിക്കണം. ഭാവിയിലെ തൊഴിൽ മേഖലകൾ അറിവിനൊപ്പം നവീകരണ ചിന്തയും പ്രശ്നപരിഹാര ശേഷിയും പഠിക്കാനുള്ള മനസ്സും ആവശ്യപ്പെടുന്നു.
ഒരു കോഴ്‌സ് തിരഞ്ഞെടുക്കുമ്പോൾ നിലവിലെ ട്രെൻഡുകൾ മാത്രം പിന്തുടരുന്നതിനു പകരം, സ്വന്തം താൽപര്യങ്ങൾക്കും കഴിവുകൾക്കും ദീർഘകാല ലക്ഷ്യങ്ങൾക്കും അനുയോജ്യമായ വഴികൾ അന്വേഷിക്കുക. കൗതുകത്തോടെയും ആത്മവിശ്വാസത്തോടെയും പഠിക്കാൻ തയാറാകുന്നവർക്ക്, മാറിക്കൊണ്ടിരിക്കുന്ന ലോകം എന്നും പുതിയ സാധ്യതകൾ തുറന്നിടും.
(കോളജ്, കോഴ്സ് എന്നിവ അനുസരിച്ച് ഫീസ് സ്ട്രക്ചറിൽ വ്യത്യാസം വരാം.)