ഒമാന്‍ മലയാളികള്‍ക്ക് നൊമ്പരമായി നാലു വയസുകാരി ദക്ഷ പ്രദീപിന്റെ മരണം. തിങ്കളാഴ്ച രാവിലെ 11നു മസ്‌കത്തിന് സമീപം റുസൈലില്‍ കെട്ടിടത്തില്‍ നിന്ന് വീണാണ് ദക്ഷ മരിച്ചത്. തൃശൂര്‍ വടക്കാഞ്ചേരി ഓട്ടുപാറ സ്വദേശിയായ പ്രദീപിന്റെയും ഭാര്യ ദിവ്യയുടെയും ഏക മകളാണ് ദക്ഷ പ്രദീപ്.
ദിവ്യയും മകളും അടുത്തിടെയാണ് സന്ദര്‍ശന വീസയില്‍ ഒമാനിലെത്തിയത്. കഴിഞ്ഞ മാര്‍ച്ച് 23നായിരുന്നു ദക്ഷയുടെ പിറന്നാള്‍. കുടുംബം ഒത്തൊരുമിച്ചുള്ള സന്തോഷങ്ങള്‍ മാറും മുമ്പേ ആണ് ദക്ഷയുടെ അകാല വിയോഗം. ഇവര്‍ താമസിച്ചിരുന്ന കെട്ടിടത്തിനു സമീപം പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനാണ് പ്രദീപ്. ദക്ഷ ഉറങ്ങുന്ന സമയം ദിവ്യ പ്രദീപിന് അടുത്തേക്ക് പോയതായിരുന്നു. ഈ സമയത്താണ് കുട്ടി ജനല്‍ വഴി താഴേക്ക് വീഴുന്നത്.
ഉറക്കമുണര്‍ന്ന കുട്ടി അമ്മയെ കാണാത്തതിന്റെ വെപ്രാളത്തില്‍ ജനലിലെ നെറ്റിന്റെ വിടവിലൂടെ പുറത്തു നോക്കാന്‍ ശ്രമിച്ചത് അപകടത്തിനിടയാക്കി എന്നാണ് നിഗമനം. വൈഫൈ കണക്ഷനു വേണ്ടി ജനലിലെ നെറ്റില്‍ ദ്വാരമുണ്ടാക്കിയതിന്റെ വിടവിലൂടെയാണ് ദക്ഷ പ്രദീപ് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍നിന്ന് താഴേക്ക് വീണത്. ഒമാന്‍ പൊലീസ് സംഭവ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.