എഴുപതു പവനോളം സ്വർണാഭരണങ്ങൾ കൈക്കലാക്കിയ ശേഷം തിരികെ നൽകിയില്ലെന്നു കുറിപ്പെഴുതി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതികളിൽ രണ്ടാമത്തെയാളും മരിച്ചു. വിഴിഞ്ഞം വെങ്ങാനൂർ ചാവടിനട സ്വദേശിനി ഐശ്വര്യയാണ് മരിച്ചത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. മറ്റൊരു ജീവനക്കാരി വെണ്ണിയൂർ നെല്ലിവിള ജയഭവനിൽ വിഷ്ണുവിന്റെ ഭാര്യ അഞ്ജു ശനിയാഴ്ച മരിച്ചിരുന്നു.
യുവതികൾ ജീവനൊടുക്കിയ സംഭവത്തിൽ വെങ്ങാനൂർ പനങ്ങോട് ശ്യാമളാലയത്തിൽ സിന്ധുകുമാരിയെ (53) അറസ്റ്റ് ചെയ്തു. സിന്ധുകുമാരിക്ക് എതിരെ ഇതുവരെ 10 പരാതികൾ ലഭിച്ചതായി എസ്എച്ച്ഒ അറിയിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു. സിന്ധുവിന്റെ വീട്ടിൽനിന്ന് വ്യാജ വിസിറ്റിങ് കാർഡുകളും ബിൽ ബുക്കും ഉൾപ്പെടെ പൊലീസ് കണ്ടെടുത്തു.
ഇവരുടെ സാമ്പത്തിക ഇടപാടുകൾ, ബാങ്ക് വിവരങ്ങൾ, ഫോൺകോളുകളുടെ വിശദാംശങ്ങൾ എന്നിവ പരിശോധിക്കുമെന്നും അറിയിച്ചു. ഇവർക്കെതിരെ കോവളം പൊലീസ് സ്റ്റേഷനിൽ മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ് നടത്തിയതിനുൾപ്പെടെ 2 കേസുണ്ട്. മലയിൻകീഴ് സ്റ്റേഷനിൽ വഞ്ചനക്കുറ്റത്തിനും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പൊലീസ് എത്തുന്നുവെന്നറിഞ്ഞ് സിന്ധു ആദ്യം വെള്ളായണിയിലും തുടർന്ന് മച്ചേലിലെ ബന്ധുവീട്ടിലും എത്തുകയായിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
മുൻപ് സ്വർണ പണമിടപാട് സ്ഥാപനം നടത്തിയിരുന്ന സിന്ധു യുവതികളെ പരിചയപ്പെട്ടു വിശ്വാസ്യത നേടിയെടുത്തു. ഇവർ ജോലി നോക്കുന്ന ധനകാര്യ സ്ഥാപനത്തിൽ പണയം വയ്ക്കുന്ന സ്വർണം, കുറഞ്ഞ പലിശയ്ക്ക് കെഎസ്എഫ്ഇയിൽ പണയം വയ്ക്കാമെന്നു വാഗ്ദാനം നൽകി വാങ്ങി വിൽക്കുകയായിരുന്നു പതിവ്. കമ്മിഷൻ യുവതികൾക്ക് നൽകിയിരുന്നു. ആദ്യ തവണ വാങ്ങിയ സ്വർണം തിരികെ നൽകി വിശ്വാസ്യത ഉറപ്പിച്ചു. പിന്നീട് തിരികെ നൽകിയില്ല. യുവതികൾ പണം കടമെടുത്ത് പണയ തൂക്കത്തിനുള്ള സ്വർണം വാങ്ങി ഇടപാടുകാർക്ക് നൽകി. കടബാധ്യത കൂടിയതോടെയാണ് ആത്മഹത്യചെയ്യാൻ തീരുമാനമെടുത്തത്.
അഞ്ജു 20 പവനും ഐശ്വര്യ 50 പവനും പ്രതിക്കു നൽകിയിട്ടുണ്ട്. കൈക്കലാക്കിയ സ്വർണം കോവളത്തെ മറ്റൊരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിനു കൈമാറി വിൽപന നടത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. വിഴിഞ്ഞം എസ്എച്ച്ഒ വി.ഡി.റെജിരാജ്, എസ്ഐ: കൃഷ്ണലാൽ, സിപിഒ റെജിൻ, സിപിഒ ഷീലു എന്നിവരുൾപ്പെട്ട സംഘമാണ് കേസ് അന്വേഷിക്കുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)