‘ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ആരോഗ്യം വീണ്ടെടുക്കുന്നതേയുള്ളൂ. അതിനിടയിലാണ് പൊലീസ് വീട്ടിൽനിന്നു പിടിച്ചുകൊണ്ടുപോയി മർദിച്ചത്. ഇപ്പോൾ നിലത്തു കാലുകുത്താൻ പോലും കഴിയാത്ത വേദനയാണ്.’- പെൺകുട്ടിയുടെ ആരോപണത്തിൽ റജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പൊലീസിൽ നിന്നുണ്ടായത് കടുത്ത ശാരീരിക, മാനസിക പീഡനമെന്ന് 20 വയസ്സുകാരൻ.
‘മൂന്നിനു രാത്രി വീട്ടിൽനിന്നു പിടിച്ചുകൊണ്ടുപോയി പത്തനംതിട്ട കൂടൽ പൊലീസ് സ്റ്റേഷനു പിന്നിലെ ക്വാർട്ടേഴ്സിലെത്തിച്ചായിരുന്നു മർദനം. നിലത്തിരുത്തി കാൽവെള്ളയിൽ വടി ഉപയോഗിച്ച് അടിച്ചു. ബൂട്ടിട്ടു ചവിട്ടുകയും മുടിയിൽ പിടിച്ചുവലിക്കുകയും ചെയ്തു. ഇരുചെവിയിലും പിടിച്ചു മുകളിലേക്ക് ഉയർത്തി.
ചെവിക്കു പിന്നിലും കാൽവെള്ളയിലും ഇപ്പോഴും മർദനത്തിന്റെ പാടുണ്ട്. പെൺകുട്ടിയുടെ പേരു പറഞ്ഞപ്പോൾ എനിക്കറിയില്ലെന്നു പറഞ്ഞു. ഫോട്ടോ കാണിച്ചപ്പോഴാണു പഴയ സഹപാഠിയുടെ അനുജത്തിയാണെന്നു തിരിച്ചറിഞ്ഞത്. അല്ലാതെ എനിക്കു പെൺകുട്ടിയെ നേരിട്ടറിയില്ല.’- യുവാവ് പറയുന്നു.
ചെറുപ്പത്തിലേ ഹൃദയത്തിനു തകരാറുള്ള യുവാവിന്റെ ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയ നടത്താൻ കടം വാങ്ങിയ 2 ലക്ഷത്തിലേറെ രൂപയുടെ ബാധ്യത തീർന്നിട്ടില്ല. ലോഡിങ് തൊഴിലാളിയായ അച്ഛന്റെയും ബസ് കണ്ടക്ടറായ സഹോദരന്റെയും വരുമാനം മാത്രമാണുള്ളത്. അടുത്തിടെ വീടിനടുത്തുള്ള ഐസ്ക്രീം ഫാക്ടറിയിൽ യുവാവ് ജോലിക്കു പോയിത്തുടങ്ങിയിരുന്നു. ഈ വരുമാനത്തിൽ നിന്നാണു വീടിന്റെ വാടക നൽകിയിരുന്നത്.
മൂന്നിനു വൈകിട്ട് 8നു കസ്റ്റഡിയിലെടുത്ത മകനെ നടക്കാൻ പോലുമാകാത്ത സ്ഥിതിയിൽ 4നു വൈകിട്ടാണു വിട്ടയച്ചതെന്ന് അമ്മ പറയുന്നു. സംഭവത്തിൽ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, മനുഷ്യാവകാശ കമ്മിഷൻ, യുവജന കമ്മിഷൻ, ഡിജിപി തുടങ്ങിയവർക്കു കുടുംബം പരാതി നൽകി.