ADVERTISEMENT

വിശ്വസിച്ചു നൽകിയ 70 പവനോളം സ്വർണം തിരിച്ചുകിട്ടാൻ ഒരു സാധ്യതയുമില്ലെന്ന ആശങ്കയും കടം പെരുകിയതുമാണ് രണ്ടു യുവതികളുടെ ജീവനെടുത്തത്. വിഴിഞ്ഞത് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരികളായ വെണ്ണിയൂർ നെല്ലിവിള ജയഭവനിൽ വിഷ്ണുവിന്റെ ഭാര്യ അഞ്ജു (28), വെങ്ങാനൂർ ചാവടിനട രാജ രാജീവ് സദനത്തിൽ രാജീവിന്റെ ഭാര്യ ഐശ്വര്യ (32) എന്നിവരാണ് മരിച്ചത്. 

കഴിഞ്ഞ 30ന് ഇരുവരും തിയറ്റർ ജംക്‌ഷനിലെ കടയിൽ നിന്നു ശീതളപാനീയം വാങ്ങി കോവളം ആവാടുതുറ ബീച്ചിലെത്തിയാണ് വിഷം കലർത്തി കഴിച്ചതെന്ന് പൊലീസ് പറഞ്ഞു. കേസിൽ അറസ്റ്റിലായ വെങ്ങാനൂർ പനങ്ങോട് ശ്യാമളാലയത്തിൽ സിന്ധുകുമാരിയുടെ (53) ചതിയിൽപെട്ടാണ് മറ്റു മാർഗങ്ങളില്ലാതെ ജീവനൊടുക്കിയതെന്നു ആത്മഹത്യക്കുറിപ്പിൽ പറയുന്നു.

ADVERTISEMENT

ജീവനൊടുക്കുന്നതിന് ഒരാഴ്ച മുൻപും യുവതികൾ സിന്ധുവിനെ കണ്ട് സ്വർണം തിരികെ ചോദിച്ചിരുന്നു. എന്നാൽ സ്വർണം തന്നതിനു തെളിവൊന്നുമില്ലല്ലോ എന്നും തിരികെ തരില്ലെന്നും അവർ പറഞ്ഞു. മരിക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ലെന്നു പറഞ്ഞപ്പോൾ പോയി ചാകാൻ സിന്ധു പറഞ്ഞുവെന്നും യുവതികളുടെ ബന്ധുക്കൾ പറയുന്നു. ഇതോടെ നിരാശരായ യുവതികൾ ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. 

ഐശ്വര്യയുടെ ബന്ധുവിന്റെ വീട്ടിലെത്തി 300 രൂപ കടം വാങ്ങിയാണ് വിഷം വാങ്ങിച്ചത്. ആദ്യം മരിച്ച അഞ്ജു തനിക്ക് വയറുവേദനയാണെന്നും ഭക്ഷ്യവിഷബാധയാണോ എന്നു സംശയമുണ്ടെന്നുമാണ് വീട്ടുകാരോടു പറഞ്ഞത്. അതുകൊണ്ടുതന്നെ ചികിത്സ ലഭിക്കാൻ വൈകി. നില ഗുരുതരമായി ഞായറാഴ്ച മരിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ തുടർന്ന ഐശ്വര്യയും വിഷം കഴിച്ച വിവരം വൈകിയാണ് ബന്ധുക്കളോടു പറഞ്ഞത്. തിങ്കളാഴ്ച രാവിലെയാണ് ഐശ്വര്യ മരിച്ചത്.

ADVERTISEMENT

പ്രതിയായ സിന്ധുവിന്റെ ചിത്രം പൊലീസ് പുറത്തുവിട്ടതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് സമാനമായ നിരവധി പരാതികളാണ് വിഴിഞ്ഞം പൊലീസിനു ലഭിച്ചത്. നല്ല സാമ്പത്തിക സ്ഥിതിയുള്ള സിന്ധു തട്ടിയെടുക്കുന്ന സ്വർണം വിറ്റു കിട്ടുന്ന പണം വിനിയോഗിച്ച് ആഡംബര ജീവിതം നയിച്ചു വരുകയായിരുന്നു. ഇതുവരെ 12 പരാതികളാണ് ഇവർക്കെതിരെ കിട്ടിയത്. നൂറു പവനിലധികം തട്ടിച്ചിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഇതിനു പിന്നിൽ ഏതെങ്കിലും റാക്കറ്റ് ഉണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

അഞ്ജുവും ഐശ്വര്യയും ജോലി ചെയ്തിരുന്ന പണമിടപാട് സ്ഥാപനത്തിൽ സ്ഥിരമായി എത്തി പരിചയപ്പെട്ട് വിശ്വാസ്യത നേടിയയാണ് സിന്ധു തട്ടിപ്പു നടത്തിയത്. സ്ഥാപനത്തിൽ പണയം വയ്ക്കുന്ന സ്വർണം കുറഞ്ഞ പലിശയ്ക്ക് കെഎസ്എഫ്ഇയിൽ പണയം വയ്ക്കാമെന്നു വാഗ്ദാനം നൽകി വാങ്ങി വിൽക്കുകയായിരുന്നു പതിവ്. 

ADVERTISEMENT

ആദ്യത്തെ ഇടപാടുകൾക്ക് അഞ്ജുവിനും ഐശ്വര്യയ്ക്കും കമ്മിഷൻ നൽകുകയും സ്വർണം തിരിച്ചു നൽകുകയും ചെയ്തിരുന്നു. ഇതോടെ വിശ്വാസ്യത പിടിച്ചുപറ്റി കൂടുതൽ സ്വർണം വാങ്ങിയെടുക്കുകയായിരുന്നു. സിന്ധു സ്വർണം തിരിച്ചു നൽകാതെ വന്നതോടെ യുവതികൾ കടമെടുത്ത് പണയ തൂക്കമുള്ള സ്വർണം വാങ്ങി ഇടപാടുകാർക്കു നൽകി. കടബാധ്യത ഏറുകയും സ്വർണം തിരിച്ചുകിട്ടാതെ വരികയും ചെയ്തതോടെയാണ് ജീവനൊടുക്കാൻ ഇവർ തീരുമാനിച്ചത്.

കുറഞ്ഞ പലിശയ്ക്ക് സ്വർണം പണയം വച്ച് നൽകാം എന്ന് വാക്ക് നൽകിയാണ് സിന്ധു തട്ടിപ്പ് നടത്തിയതെന്ന് മരിച്ച അഞ്ജുവിന്റെ ഭർത്താവ് വിഷ്ണു പറഞ്ഞു. അഞ്ജുവിന്റെ സുഹൃത്തിന്റെ സ്വർണ പണയം എടുക്കാൻ ശ്രമിച്ചപ്പോൾ പകരം വ്യാജ സ്വർണമാണ് നൽകിയത്. ഇതോടെയാണ് തട്ടിപ്പ് മനസിലായതെന്നും 20 പവനോളം നഷ്ടമായി എന്ന് അഞ്ജു പറഞ്ഞിരുന്നു. പലവട്ടം സിന്ധുവിന്റെ വീട്ടിൽ പോയി നഷ്ടപ്പെട്ട സ്വർണം നൽകണമെന്ന് അഞ്ജുവും ഐശ്വര്യയും ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിഷ്ണു പറയുന്നു.

ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

Gold Scam in Vizhinjam: The Unfortunate End of Two Young Lives:

Two young women in Vizhinjam, Kerala, tragically ended their lives after losing faith in recovering approximately 70 sovereigns of gold entrusted to a private financial institution, leading to overwhelming debt. The women, employees of the institution, resorted to this extreme step due to the alleged deceit of Sindhu Kumari, who had promised to re-pledge their gold at lower interest rates but instead sold it, leaving them with no other recourse.

ADVERTISEMENT