ADVERTISEMENT

മകളെ ഡോക്ടറാക്കണം എന്നതായിരുന്നു സാവരിയയുടെ അമ്മ മിനി സുപ്രഭയുടെ ഏറ്റവും വലിയ ആഗ്രഹം. കഴിഞ്ഞ ഡിസംബറില്‍ ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ എംബിബിഎസ് പഠനത്തിന് ചേര്‍ന്നതായിരുന്നു സാവരിയ. ആദ്യ സെമസ്റ്റർ പരീക്ഷ കഴിഞ്ഞു. നന്നായി പരീക്ഷ എഴുതിയെന്നു മകള്‍ അറിയിച്ചതോടെ മിനിക്കു സമാധാനമായി. 

സാവരിയയുടെ പിതാവ് ബസന്ത് കുവൈത്തിലാണ്. സഹോദരന്‍ സാവന്ത് പള്ളിപ്പാട് ഹോളി ഏഞ്ചൽസ് സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്.  

ADVERTISEMENT

സാവരിയയ്ക്ക് അവിടെ എന്തോ അപകടം സംഭവിച്ചു, ആശുപത്രിയിലാണ് എന്നു മാത്രമാണ് ബന്ധുക്കൾ മിനിയെ അറിയിച്ചത്. കരുവാറ്റയിലെ കുടുംബവീട്ടിലേക്കു മിനിയെ മാറ്റുകയും ചെയ്തു.  മരണവിവരം അറിഞ്ഞയുടൻ ബസന്തിന്റെ അനുജൻ ദുബായിൽനിന്ന് ഉസ്ബെക്കിസ്ഥാനിലേക്ക് തിരിച്ചിരുന്നു. അദ്ദേഹം അവിടെ എത്തിയ ശേഷമാണു സംഭവത്തെപ്പറ്റി കൂടുതൽ വിവരം ബന്ധുക്കൾക്കു ലഭിച്ചത്. അപ്പോഴും മിനിയെ ഒന്നും അറിയിച്ചിരുന്നില്ല. 

ബസന്ത് അടിയന്തരമായി നാട്ടിലേക്കു വന്നതോടെ മിനിയുടെ ആശങ്ക കൂടി. സാവരിയയുടെ വിവരങ്ങൾ ചോദിക്കുന്ന മിനിയോടു കുഴപ്പമൊന്നുമില്ല എന്നു മാത്രമേ ബന്ധുക്കൾക്കു പറയാൻ കഴിയുന്നുള്ളൂ. കഴിഞ്ഞ ദിവസം സഹോദരി വിദേശത്തുനിന്ന് എത്തിയ ശേഷം എല്ലാവരും ചേർന്നു മിനിയെയും മകനെയും ഹരിപ്പാട്ടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നിരുന്നു. 

ADVERTISEMENT

അപ്പോഴും മരണ വിവരം അറിയിച്ചിട്ടില്ല. ബന്ധുക്കളും നാട്ടുകാരും വീട്ടിലേക്ക് എത്താതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചു. എല്ലാവരോടും സ്നേഹത്തോടെ പെരുമാറിയിരുന്ന സാവരിയയുടെ മരണം ഞെട്ടലോടെയാണു നാട്ടുകാർ കേട്ടത്. പള്ളിപ്പാട് നടുവട്ടം വിവിഎച്ച്എസ്എസിൽ പ്ലസ് ടുവിനു പഠിച്ച സാവരിയ അധ്യാപകർക്കും  പ്രിയപ്പെട്ടവളായിരുന്നു. പഠനത്തിൽ മിടുക്കി. നാഷനൽ സർവീസ് സ്കീമിന്റെ മികച്ച പ്രവർത്തക. സ്കൂളിലെ തിരുവാതിര ടീമിൽ അംഗമായിരുന്നു. നന്നായി ചിത്രം വരയ്ക്കുമായിരുന്നു. വീടിന്റെ ചുവരുകളിൽ സാവരിയ വരച്ച ചിത്രങ്ങളുണ്ട്.

ലാപ്ടോപ് കൊണ്ട് തലയ്ക്കടിയേറ്റ് മരണം

ADVERTISEMENT

ഉസ്ബെക്കിസ്ഥാനിൽ സുഹൃത്തുമായുള്ള വാക്കുതർക്കത്തിനിടെ ലാപ്ടോപ് കൊണ്ട് തലയ്ക്ക് അടിയേറ്റാണ് മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്ത് മരിച്ചത്. ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭ ഭവനത്തിൽ ബസന്ത്- മിനി സുപ്രഭ ദമ്പതികളുടെ മകളാണ് സാവരിയ (21). സഹപാഠി മലപ്പുറം പുലാമന്തോൾ കട്ടുപ്പാറ ഇറവത്ത് കിഴക്കേത്തൊടി സദറുൽ അനമ് (22) പൊലീസ് കസ്റ്റഡിയിലാണ്.

സാവരിയയും സദറുൽ അനമും ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളാണ്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. സംസാരിച്ചു കൊണ്ടുനിൽക്കുമ്പോൾ സദറുൽ അനം പെട്ടെന്നു പ്രകോപിതനായെന്നും വാക്കുതർക്കത്തിനിടെ ലാപ്ടോപ്കൊണ്ടു സാവരിയയുടെ തലയ്ക്ക് അടിച്ചെന്നുമാണു നാട്ടിൽ ലഭിച്ച വിവരം. ബോധരഹിതയായി വീണ സാവരിയയെ സദറുൽ അനം തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

സദറുൽ അനം ഈ മാസം ഒൻപതിനു നാട്ടിലേക്കു വരാനിരിക്കുകയായിരുന്നെന്നു ബന്ധുക്കൾ പറയുന്നു. പൊലീസ് കസ്റ്റഡിയിലാണെന്നു കോളജിലെ ട്യൂട്ടറാണു വീട്ടുകാരെ അറിയിച്ചത്. ഇദ്ദേഹം ഒരിക്കൽ വിളിച്ചതല്ലാതെ സംഭവത്തിന്റെ മറ്റു വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്നു സദറുൽ അനമിന്റെ പിതാവും റിട്ട.പിഡബ്ല്യുഡി ഉദ്യോഗസ്ഥനുമായ പിതാവ് ഇ.കെ.ഹൈദ്രസ് പറഞ്ഞു.

ഉസ്ബെക്കിസ്ഥാനിലേക്കു പോകാൻ പിതാവും സഹോദരനും വീസയ്‌ക്ക് അപേക്ഷിച്ചിട്ടുണ്ട്. മകനു നിയമസഹായം അഭ്യർഥിച്ച് നോർക്കയ്ക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്നും ഹൈദ്രസ് അറിയിച്ചു. സാവരിയ ബസന്തിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ  അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു കെ.സി. വേണുഗോപാൽ എംപി ഉസ്‌ബെക്കിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതിക്ക് കത്തയച്ചു. എല്ലാ സഹായവും സ്ഥാനപതി ഉറപ്പുനൽകിയതായി വേണുഗോപാൽ അറിയിച്ചു. വിമാന ടിക്കറ്റ് ലഭ്യമാകുന്ന മുറയ്ക്ക് ഇന്ന്  മൃതദേഹം ഡൽഹിയിലെത്തിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ.

Laptop Attack Leads to Kerala Student's Death Abroad:

Medical student Saviria Basanth tragically died in Uzbekistan after a dispute with a fellow student, resulting in a fatal laptop blow to her head. Her family is grappling with the devastating loss and seeking assistance to bring her body back home.

ADVERTISEMENT