പത്തനംതിട്ട അടൂരില്‍ ഷെഹാന ജീവനൊടുക്കിയ സംഭവത്തില്‍ കാമുകന്‍ ഏഴംകുളം സ്വദേശി അരുണ്‍ അറസ്റ്റില്‍. ആത്മഹത്യാപ്രേരണയ്ക്കാണ് കേസെടുത്തിരിക്കുന്നത്. മരിക്കും മുന്‍പ് അരുണ്‍ ഷെഹാനയെ മര്‍ദിച്ചതായും കണ്ടെത്തി. കെഎസ്ഇബി താല്‍ക്കാലിക ഡ്രൈവര്‍ ആണ് അരുണ്‍.
തിങ്കളാഴ്ച രാത്രിയാണ് അടൂര്‍ നെല്ലിമുകള്‍ സ്വദേശിനി ഷെഹാനയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 31 വയസായിരുന്നു പ്രായം. ഒരു കുട്ടിയുടെ അമ്മ കൂടിയായ ഷെഹാന ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയായിരുന്നു.
വീട്ടിലെ ബഹളം കേട്ട നാട്ടുകാര്‍ നഗരസഭാ കൗണ്‍സിലറെ വിളിച്ചു വരുത്തി പരിശോധിച്ചപ്പോഴാണ് ഷെഹാനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ നിന്നും രക്തം വരുന്നുണ്ടായിരുന്നു. പൊലീസെത്തി അരുണിനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ മുഖത്തും ശരീരത്തിലും മുറിവുകളേറ്റിട്ടുണ്ട്. രക്തപാടുകളുമുണ്ടായിരുന്നു.
ഷെഹാനയുടേത് ആത്മഹത്യയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അരുണിനെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
(ആത്മഹത്യ പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)