ആലപ്പുഴ കരുവാറ്റയില്‍ അറുപത്തിയഞ്ചുകാരനെ കൊലപ്പെടുത്തിയത് 13 വയസ്സുള്ള കൊച്ചുമകൾ ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത നാലുപേർ ചേര്‍ന്ന്. കൊച്ചുമകളാണ് സ്വന്തം മുത്തച്ഛനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് എന്നാണ് വിവരം. കസ്റ്റഡിയിലായ മറ്റ് മൂന്നുപേര്‍ക്കും 16 വയസു മാത്രമാണ് പ്രായം.
കഴിഞ്ഞ ദിവസം രാത്രിയാണ് കരുവാറ്റ സ്വദേശി ശിവന്‍കുട്ടി കൊല്ലപ്പെട്ടത്. മകളെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് വാടക വീട്ടില്‍ തനിച്ചായ ശിവന്‍കുട്ടിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കിടക്കവിരികളും മറ്റും ഉപയോഗിച്ച് കയ്യും കാലും പിന്നിലേക്ക് വലിച്ചുകെട്ടിയ നിലയിലായിരുന്നു മൃതദേഹം. സമീപത്ത് മുളകുപൊടി വിതറിയിരുന്നു. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് അനുമാനം. കിടപ്പുമുറിയിലെ അലമാര പൊളിച്ചിട്ടിരുന്നു. വീട്ടിൽ നിന്ന് ആറ് പവൻ സ്വര്‍ണവും നഷ്ടമായിട്ടുണ്ട്.
ശനിയാഴ്ച വൈകീട്ട് വരെ ശിവന്‍കുട്ടിയെ വീടിന് പുറത്തു കണ്ടവരുണ്ട്. അന്ന് രാത്രി കൊലപാതകം നടന്നു എന്നാണ് കരുതുന്നത്. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊച്ചുമകൾ ഉൾപ്പെടെ നാലുപേരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കൊച്ചുമകൾക്ക് പതിമൂന്ന് വയസ്സാണ് പ്രായം. കൊല്ലം പരവൂർ സ്വദേശികളാണ് പിടിയിലായ മറ്റു മൂന്ന് പേര്‍. ഇവർക്ക് പതിനാറ് വയസ്സുണ്ട്.
മോഷണമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പൊലീസ് നൽകുന്ന വിവരം. പെൺകുട്ടിക്ക് ഐഫോണും പ്രതികൾക്ക് ബൈക്കും വാങ്ങാന്‍ പണം കണ്ടെത്തുക എന്നതായിരുന്നു ഉദ്ദേശം. അതിന് വേണ്ടിയാണ് അറുപത്തിയഞ്ചുകാരനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിനുശേഷം പ്രതികൾ ദൃശ്യങ്ങൾ ഫോണിലൂടെ 13കാരിക്ക് കാണിച്ചു കൊടുത്തതായും വിവരമുണ്ട്. നിലവില്‍ കസ്റ്റഡിയില്‍ എടുത്ത പിടിയിലായ കുട്ടികളെ ചോദ്യം ചെയ്തുവരുകയാണ്.