കരുവാറ്റയിൽ നാടിനെ നടുക്കിയ കവർച്ചയുടെയും ക്രൂര കൊലപാതകത്തിന്റെയും രഹസ്യങ്ങളുടെ ചുരുള്‍ അഴിയുകയാണ്. 13 കാരിയായ കൊച്ചുമകളാണ് മുത്തച്ഛനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിനു പിന്നില്‍ ഒന്നിലധികം പേരുണ്ടെന്നും പൊലീസ് പറയുന്നു. കേസിൽ എട്ടാം ക്ലാസുകാരി പേരക്കുട്ടിയും മൂന്നു സുഹൃത്തുക്കളും പൊലീസ് കസ്റ്റഡിയിലായി. പ്രതികൾ പ്രായപൂർത്തിയാകാത്തവരാണ്. 13 കാരിയുടെ ക്വട്ടേഷനിലാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
കൊല്ലം പരവൂർ നെടുങ്ങോലം കൊച്ചാലുംമൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാരെയാണ് (65) കൊലപ്പെടുത്തിയ നിലയിൽ കരുവാറ്റ കന്നുകാലിപ്പാലത്തിനു സമീപത്തെ വാടകവീട്ടിൽ ഇന്നലെ രാവിലെ കണ്ടെത്തിയത്. കൊല്ലപ്പെട്ട ശിവൻകുട്ടിയുടെ ഭാര്യ സരസ്വതി മകൾ ശ്രീകലയുടെ പ്രസവത്തിനായി ആശുപത്രിയിലായിരുന്നു. മകളുടെ മകൾ മാത്രമാണ് വീട്ടിൽ ഒപ്പം താമസിച്ചിരുന്നത്.
രണ്ടു ദിവസമായി വീട് പൂട്ടിയിട്ടിരിക്കുന്നതായി സ്കൂള്‍ വിദ്യാര്‍ഥിനിയായ പേരക്കുട്ടി തന്നെയാണ് അയൽവാസികളെ അറിയിച്ചത്. പിന്നാലെ അവർ നടത്തിയ പരിശോധനയിലാണ് ശിവൻകുട്ടി ചെട്ടിയാരുടെ മൃതദേഹം കണ്ടെത്തിയത്. തുറന്നു കിടന്നിരുന്ന അടുക്കള വാതിൽ വഴി അകത്തു കടന്നു പരിശോധിച്ചപ്പോഴാണ് കയ്യും കാലുകളും പിന്നിലേക്കു വലിച്ചു കെട്ടിയ നിലയില്‍ ഡൈനിങ് ഹാളിൽ മൃതദേഹം കണ്ടത്.
ശനിയാഴ്ച വൈകിട്ട് 5ന് വീടു നിര്‍മാണ തൊഴിലാളികൾക്ക് ശിവൻകുട്ടി ചെട്ടിയാർ ചായ കൊടുക്കുന്നതു സമീപവാസികൾ കണ്ടിരുന്നു. അതിനാൽ അന്നു സന്ധ്യയ്ക്കോ രാത്രിയോ ആകാം കൊലപാതകം നടന്നതെന്നാണു സംശയം. ഇദ്ദേഹം സ്ഥിരമായി സ്വർണമാല ധരിക്കാറുണ്ടായിരുന്നു.
ഫോൺ രേഖകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. കൊലപാതകത്തിനുശേഷം പ്രതികൾ ദൃശ്യങ്ങൾ ഫോണിലൂടെ 13 കാരിക്ക് കാണിച്ചു കൊടുത്തു. പെൺകുട്ടിക്ക് ഐഫോണും പ്രതികൾക്ക് ബൈക്കും വാങ്ങാനായിരുന്നു ഇവർ ലക്ഷ്യമിട്ടതെന്നാണ് നിഗമനം. ശിവൻകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം സ്ഥലത്ത് നിന്ന് ആഭരണങ്ങളും പണവും കവർന്നിരുന്നു.
കൊലപാതകത്തിലും തെളിവു നശിപ്പിക്കലിലും പ്രഫഷനൽ രീതികൾ അവലംബിച്ചത് സംഭവം ആസൂത്രിതമാണെന്ന പൊലീസിന്റെ സംശയം ബലപ്പെടുത്തിയിരുന്നു. ശുചിമുറിയുടെ വെന്റിലേഷൻ വഴിയാകാം പ്രതികൾ അകത്തു കയറിയതെന്നു കരുതുന്നു. ശുചിമുറിയുടെ മേൽക്കൂരയിലെ ആസ്ബസ്‌റ്റോസ് ഷീറ്റ് പൊട്ടിച്ചിട്ടുണ്ട്.
ഡോഗ് സ്ക്വാഡിനെ കബളിപ്പിക്കാൻ മുറികളിലും വാതിൽപ്പടികളിലും വലിയ തോതിൽ മുളകുപൊടി വിതറിയിരുന്നു. സ്ഥലത്തെത്തിയ പൊലീസ് നായ മണം പിടിച്ചു വീടിന്റെ പിന്നിലേക്ക് ഓടി. പ്രധാന റോഡ് വഴിയല്ല മോഷ്ടാക്കൾ എത്തിയതും മടങ്ങിയതുമെന്ന് ഇതു സൂചിപ്പിക്കുന്നു. വിരലടയാള, ഫൊറൻസിക് ഉദ്യോഗസ്ഥർ എത്തി തെളിവുകൾ ശേഖരിച്ചു. പരിസര പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.
മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ. ഇന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ പൊലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തും. വാടക വീടിനു സമീപം മക്കൾക്കായി ശിവന്‍കുട്ടി രണ്ടു വീടുകൾ നിർമിക്കുന്നുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ മറ്റൊരു മകൾ ശശികല വിദേശത്താണ്.