കരുവാറ്റയിൽ കൊല്ലപ്പെട്ട ഗൃഹനാഥനും കുടുംബത്തിനും പരിസരത്തുള്ളവരുമായി കാര്യമായ അടുപ്പമില്ലായിരുന്നുവെന്ന് അയൽവാസികൾ. രണ്ടു വർഷം മുൻപാണ് ഇവർ കൊല്ലത്തു നിന്ന് കരുവാറ്റയിലെത്തി 10 സെന്റ് സ്ഥലം വാങ്ങിയത്. തുടര്‍ന്ന് സ്ഥലം ഉടമയുടെ വീട്ടിൽ വാടകയ്ക്ക് താമസം തുടങ്ങി. 10 സെന്റ് ഭൂമിയിൽ രണ്ടു പെൺമക്കൾക്കായി വീടുകൾ നിർമിക്കുന്നുണ്ടായിരുന്നു. പണിക്കാർക്ക് വെള്ളം കൊടുക്കാനായി വരുമ്പോൾ മാത്രമാണ് ഇദ്ദേഹത്തെ കണ്ടിരുന്നതെന്ന് അയൽവാസി പറയുന്നു.
‘‘മുൻപു ഞങ്ങൾ താമസിച്ചിരുന്ന വീട്ടിലാണ് കൊല്ലപ്പെട്ട വ്യക്തി താമസിച്ചിരുന്നത്. ഞങ്ങൾ ഇതു പുന്നപ്ര സ്വദേശിക്കു വിറ്റു. അദ്ദേഹമാണ് അതിൽ 10 സെന്റ് സ്ഥലം വിൽക്കുകയും വീട് വാടകയ്ക്കു കൊടുക്കുകയും ചെയ്തത്. രണ്ടു വർഷം മുൻപ് ഭാര്യയും മകളും ഭർത്താവും കൊച്ചുമകളുമാണ് ആദ്യം വന്നത്. ആറു മാസം മുൻപു വീടു പണി തുടങ്ങിയപ്പോഴാണ് കൊല്ലപ്പെട്ട വ്യക്തി എത്തിയത്. ആർക്കും അയൽവാസികളുമായി അടുപ്പമില്ലായിരുന്നു. അടുപ്പമുണ്ടാക്കാനുള്ള അവസരങ്ങൾ അവർ മനഃപൂർവം ഒഴിവാക്കി. എന്തെങ്കിലും ആവശ്യത്തിന് വീട്ടിൽ ചെന്നാൽ വാതിൽ പോലും തുറന്നിരുന്നില്ല.’’- സ്ഥലത്തെ പഞ്ചായത്തംഗം പറയുന്നു.
ഗൃഹനാഥൻ കൊല്ലപ്പെട്ട ശേഷവും കൊച്ചുമകൾക്കു ഒരു ഭാവദേദവും ഇല്ലായിരുന്നെന്ന് സമീപവാസികൾ പറയുന്നു. കൊലപാതകം നടന്നതിന്റെ പിറ്റേ ദിവസം രണ്ടുവട്ടം കൊച്ചുമകൾ വാടകവീട്ടിലെത്തിയിരുന്നു. ഈ വരവിൽ സമീപത്തെ കടയിൽ കയറി പലഹാരം വാങ്ങിയിരുന്നു.
‘‘16ന് രാത്രിയാണ് രണ്ടു ചെറിയ കുട്ടികൾക്കൊപ്പം പെൺകുട്ടി കടയിലെത്തിയത്. സാധാരണ കടയിലേക്കു കയറുന്നതാണ്. പക്ഷേ അവൾ പുറത്തു നിന്നു. മറ്റേ കുട്ടികളെ അകത്തേക്കു വിട്ടു. ആ ദിവസങ്ങളിൽ അവൾ താമസിച്ചിരുന്ന സുഹൃത്തിന്റെ വീട്ടിലോ സമീപത്തോ ഉള്ള കുട്ടികളാകും. 3 പാക്കറ്റ് പൊട്ടറ്റോ ചിപ്സ് വാങ്ങിച്ചു. വീട്ടിൽ പോയി തിരിച്ചുവരും വഴി വീണ്ടും കടയിൽ കയറി. രണ്ടു പാക്കറ്റ് ചിപ്സ് കൂടി വാങ്ങിച്ചു. അപ്പോൾ പെൺകുട്ടി കടയിലേക്കു കയറിയില്ല. എനിക്കു മുഖം തന്നുമില്ല.’’– കടയുടമ പറഞ്ഞു.
പിറ്റേ ദിവസം മുത്തച്ഛൻ വീടു തുറക്കുന്നില്ലെന്നു പെൺകുട്ടി പറഞ്ഞെന്നും സഹായത്തിനായി സമീപത്തെ എസ്എൻഡിപി യോഗം ഭാരവാഹിയുടെ ഫോൺ നമ്പർ നൽകണമെന്നും പറഞ്ഞു പെൺകുട്ടിയുടെ മുത്തശ്ശി തന്നെ വിളിച്ചിരുന്നതായി കടയുടമ പറഞ്ഞു.
‘‘ഭാരവാഹിയായ ജോഷിലാലിനെ ഞാൻ തന്നെ വിളിച്ചു വിവരം പറഞ്ഞു. പിന്നാലെ വീട്ടിലേക്കു പോയി. മുത്തച്ഛൻ മദ്യപിച്ചു കിടക്കുന്നതിനാലാണ് വാതിൽ തുറക്കാത്തത് എന്നു കരുതിയെന്നാണ് അവൾ എന്നോടു പറഞ്ഞത്. അൽപം കഴിഞ്ഞപ്പോൾ അവൾ സ്കൂൾ യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി. ഓണപ്പരീക്ഷയാണ് നിർബന്ധമായും പോകണം എന്നു പറഞ്ഞു. മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴാണോ സ്കൂളിൽ പോകുന്നതെന്നു ചോദിച്ചു ഞാൻ അവളെ വിലക്കി.’’– കടയുടമയായ സ്ത്രീ പറഞ്ഞു.
അതേസമയം, കരുവാറ്റയിലെ കൊലപാതകത്തിൽ ഞെട്ടിയിരിക്കുകയാണ് പരവൂർ കൊച്ചാലുംമൂട് ലക്ഷം വീടിനു സമീപത്തെ താമസക്കാർ. ബന്ധുവായ കൗമാരക്കാരി പിതാവിനൊപ്പം പരവൂർ കല്ലുംകുന്നിൽ താമസിക്കുമ്പോഴാണ് പ്രതികളായ കൗമാരക്കാരെ പരിചയപ്പെടുന്നത്. കുടുംബം വിലക്കിയിട്ടും ഇവരുമായിട്ടുള്ള സൗഹൃദം തുടർന്നിരുന്നു. ആലപ്പുഴയിലേക്കു മാറിയതിന് ശേഷവും ബന്ധം തുടർന്നതായാണ് വിവരം. പിതാവിന്റെ അമ്മ മരിച്ചതോടെ കുട്ടി കല്ലുംകുന്നിലെ വീട്ടിലേക്കു വരുന്നത് കുറഞ്ഞിരുന്നു.
കൂസലില്ലാതെ പ്രതികളായ കൗമാരക്കാർ
പ്രതികളായ കൗമാരക്കാർ അറസ്റ്റു ചെയ്യാനെത്തിയ പൊലീസിനെ നേരിട്ടത് ഒരു ഭാവവ്യത്യാസവുമില്ലാതെ... എന്നാൽ സ്വന്തം മക്കൾ കൊലപാതകം ചെയ്യില്ലെന്ന് ഉറച്ചു വിശ്വസിച്ച അമ്മമാർ പൊലീസ് തെളിവുകൾ നിരത്തിയതോടെ കരച്ചിലും അലമുറയുമായി. കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് ആലപ്പുഴ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യാൻ പരവൂരിലെത്തിയത്.
പൊലീസിന്റെ ചോദ്യങ്ങൾക്കെല്ലാം കൃത്യമായ ഉത്തരം മൂവരും നൽകി. രാത്രി സഞ്ചാരങ്ങൾ പതിവായതിനാൽ ഇവർ കൃത്യമായി വീട്ടിലെത്തുന്നുണ്ടോയെന്ന് വീട്ടുകാർ ശരിയായി നിരീക്ഷിച്ചിരുന്നില്ല. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്നവരാണ് മൂന്നു പ്രതികളുടെയും കുടുംബം.
പത്ത്, പ്ലസ് വൺ, പ്ലസ് ടു എന്നിങ്ങനെയാണ് മൂവരുടെയും വിദ്യാഭ്യാസ യോഗ്യത. ഒരുമിച്ചു പഠിച്ചിട്ടില്ലാത്ത ഇവർ പ്രദേശത്ത് മറ്റു വിദ്യാർഥികൾക്കൊപ്പം സംഘം ചേരുന്നതും ആളൊഴിഞ്ഞ സ്ഥലങ്ങളിലും കായൽവാരങ്ങളിലും തമ്പടിക്കുന്നതും സംശയമുണ്ടാക്കിയിട്ടുണ്ടെന്നു നാട്ടുകാരിൽ പലരും വെളിപ്പെടുത്തി. സംഘത്തിന്റെ ദുരൂഹത നിറഞ്ഞ കൂടിക്കാഴ്ചകളിൽ ലഹരി ഉപയോഗവും വിൽപനയും നടക്കുന്നതായും നാട്ടുകാർ സംശയിച്ചിരുന്നു.
ധാരാളം പണം ഇവർ ചെലവഴിക്കുന്നുവെന്ന സംസാരവും നാട്ടുകാർക്കിടയിലുണ്ട്. കൊലപാതകത്തിന് ശേഷം കവർച്ച നടത്തിയ സ്വർണത്തിന്റെ ചെറിയ ഭാഗം വിൽപന നടത്താൻ സംഘത്തിലെ പ്രായപൂർത്തിയായ മോഷണക്കേസ് പ്രതിയ്ക്കാണ് കൈമാറിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത ആലപ്പുഴ പൊലീസ് ഇന്നലെ തെളിവെടുപ്പിന് കല്ലുംകുന്നിൽ എത്തിച്ചിരുന്നു.