ADVERTISEMENT

കരുവാറ്റയില്‍ മുത്തച്ഛനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ കേസില്‍ ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞ് പതിമൂന്നുകാരി. തീരെ ചെറുപ്പത്തില്‍ അമ്മ ഉപേക്ഷിച്ചു പോയി, തന്നെ ആരും സ്നേഹിക്കാനുണ്ടായിരുന്നില്ലെന്നും പെണ്‍കുട്ടി പറയുന്നു. മകള്‍ ജനിച്ച് അധികം കഴിയും മുന്‍പ് അമ്മ ബന്ധം വേര്‍പെടുത്തി വിദേശത്ത് പോയി. പിന്നീട് അവിടെ വച്ച് പരിചയപ്പെട്ട ആളെ രണ്ടു വര്‍ഷം മുന്‍പ് വിവാഹം കഴിച്ചുവെന്നും പെണ്‍കുട്ടി പറയുന്നു. 

അമ്മ ഇല്ലാത്തതിനാല്‍ ബന്ധുക്കളില്‍ നിന്ന് നല്ല അനുഭവമല്ല തനിക്കുണ്ടായതെന്നും പലവട്ടം വീട്ടില്‍ നിന്ന് ഒളിച്ചോടിയെന്നും പെണ്‍കുട്ടി കരഞ്ഞുകൊണ്ട് സമ്മതിച്ചു. കൊല്ലം സ്വദേശിയായ അച്ഛന്റെ വീട്ടിലും അമ്മയുടെ മാതാപിതാക്കളുടെ പരവൂരിലുള്ള വീട്ടിലുമായാണ് ഏഴാം ക്ലാസുവരെ പെണ്‍കുട്ടി താമസിച്ചത്. പുനര്‍വിവാഹത്തോടെ അമ്മ താനുമായി പൂര്‍ണമായും അകന്നുവെന്നും കുട്ടി പറയുന്നു. വളരെ അടുത്ത ബന്ധുവില്‍ നിന്നുണ്ടായ മോശം പെരുമാറ്റവും കുട്ടിയുടെ മാനസിക നിലയെ ബാധിച്ചുവെന്നും പൊലീസ് വിലയിരുത്തുന്നു. 

ADVERTISEMENT

കൊലപാതകത്തിനുശേഷം പിടിയിലായ പെണ്‍കുട്ടി കൂസലില്ലാതെയാണ് തുടക്കത്തില്‍ പൊലീസിന്റെ ചോദ്യങ്ങളോട് പ്രതികരിച്ചത്. മുത്തച്ഛന്‍ തന്റെ കാര്യങ്ങളില്‍ അമിതമായി ഇടപെട്ടിരുന്നുവെന്നും ഫോണ്‍ ഉപയോഗിക്കുന്നതടക്കം വിലക്കിയെന്നും പെണ്‍കുട്ടി പറഞ്ഞു. കുടുംബത്തെ കുറിച്ച് ചോദിച്ചതോടെ പൊട്ടിക്കരയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആണ്‍ സുഹൃത്തുക്കള്‍ കൂടുതലായി ഉണ്ടായതും വീട്ടില്‍ വൈകി എത്തുന്നതും മുത്തച്ഛന്‍ ചോദ്യം ചെയ്തിരുന്നുവെന്നും ഇത് വൈരാഗ്യത്തിനിടയാക്കിയെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. 

ഭക്ഷണത്തില്‍ വിഷം കലര്‍ത്തി മുത്തച്ഛനെ കൊല്ലാനായിരുന്നു പെണ്‍കുട്ടിയുടെ ആദ്യ ശ്രമം. എന്നാല്‍ 2017 ല്‍ പുറത്തിറങ്ങിയ സ്പൈഡര്‍ എന്ന തമിഴ് സിനിമ കണ്ടതോടെ തലയില്‍ കല്ലിട്ട് കൊല്ലാമെന്ന് തീരുമാനിച്ചു. ഇതിനായി വീടിനടുത്ത് വലിയ കല്ലുണ്ടെന്ന് പെണ്‍കുട്ടി ഉറപ്പാക്കി. കൊലപാതകം നടന്ന ദിവസം വീടിന്റെ ഓടിളക്കുകയും ചെയ്തു. പക്ഷേ, മച്ച് കണ്ടതും ഈ ശ്രമം ഉപേക്ഷിച്ചു. പിന്നീടാണ് പ്ലാന്‍ ബി നടപ്പിലാക്കിയതെന്നും പെണ്‍കുട്ടി മൊഴി നല്‍കി. 

ADVERTISEMENT
English Summary:

The life of the 13-year-old girl, who killed her grandfather on quotation in Karuvatta, was full of conflict, including a troubled family environment, living in relatives' houses in the absence of her mother who worked abroad, running away from home several times, bad company, and mistreatment from a close relative.

ADVERTISEMENT
ADVERTISEMENT