രാജ്യത്തെ നിരത്തുകളിൽ യാത്രാവേളകളിൽ പിൻസീറ്റ് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ടാക്സി വാഹനങ്ങളിൽ റിയർ സീറ്റ് ബെൽറ്റുകൾ പ്രവർത്തനക്ഷമമാക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തോട് സുപ്രീം കോടതി നിർദേശിച്ചു.
പ്രമുഖ പ്രമേഹ രോഗ വിദഗ്ദ്ധനും ഗവേഷകനുമായ ഡോ. ജ്യോതിദേവ് കേശവദേവ് സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ സുപ്രീം കോടതി മൂന്നംഗ ബെഞ്ചിന്റെ സുപ്രധാന നിർദേശം. സുപ്രീം കോടതി അഭിഭാഷകൻ അഡ്വ. വിൽസ് മാത്യൂസ് മുഖേനയാണ് ഹർജി ഫയൽ ചെയ്തത്.
യാത്രാനുഭവങ്ങളിൽ നിന്ന് ജനകീയ പോരാട്ടത്തിലേക്ക്
പ്രഭാഷണങ്ങൾക്കും ഗവേഷണങ്ങൾക്കുമായി ഭാരതത്തിനകത്തും പുറത്തും നിരന്തരം യാത്ര ചെയ്യുന്ന വ്യക്തിയാണ് ഡോ. ജ്യോതിദേവ് കേശവദേവ്. എന്നാൽ, ഭാരതത്തിലെ ടാക്സികളിൽ യാത്ര ചെയ്യുമ്പോൾ 80 ശതമാനത്തോളം വാഹനങ്ങളിലും പിൻസീറ്റിലെ സീറ്റ് ബെൽറ്റുകൾ ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്.
പുതിയ വാഹനങ്ങളിൽ പോലും ആകർഷകമായ സീറ്റ് കവറുകൾ ഇടുമ്പോൾ സീറ്റ് ബെൽറ്റിന്റെ സോക്കറ്റുകൾ കവറിനുള്ളിൽ ഒളിച്ചുപോകുന്നതും കേടുപാടുകൾ വരുന്നതും സാധാരണമാണ്. ഇതിനെക്കുറിച്ച് ഡ്രൈവർമാരോട് ചോദിക്കുമ്പോൾ ‘പോലീസ് മുന്നിലെ സീറ്റ് ബെൽറ്റ് മാത്രമേ പരിശോധിക്കൂ, പുറകിൽ പേടിക്കേണ്ടതില്ല’ എന്ന വിചിത്രമായ മറുപടിയാണ് ലഭിക്കാറുള്ളത്. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും ഒരുപോലെ കാണപ്പെടുന്ന ഈ ഗുരുതര സുരക്ഷാവീഴ്ച ചൂണ്ടിക്കാണിച്ചാണ് കഴിഞ്ഞ രണ്ടു വർഷത്തോളമായി നടത്തിയ പ്രയത്നങ്ങൾക്കൊടുവിൽ ഹർജി സമർപ്പിച്ചത്.
സുപ്രീം കോടതിയുടെയും സർക്കാരിന്റെയും ഇടപെടൽ
യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന ഇത്തരം സുരക്ഷാവീഴ്ചകൾ വളരെ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി, മോട്ടോർ വാഹന നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിർദേശിച്ചു. ഫാൻസി സീറ്റ് കവറുകളും മറ്റ് ആക്സസറികളും കാരണം സീറ്റ് ബെൽറ്റുകൾ നിഷ്ക്രിയമാക്കുന്ന സാഹചര്യം ഭരണഘടന നൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ (Article 21) ലംഘനമാണെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഡ്വ. വിൽസ് മാത്യൂസ് വാദിച്ചു.
തുടർന്ന്, വിഷയം വിശദമായി പരിശോധിക്കാനും ഹർജിക്കാരൻ മുന്നോട്ടുവെച്ച വിവരങ്ങൾ കൃത്യമായി പഠിച്ച് അടിയന്തര നടപടികൾ സ്വീകരിക്കാനും കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് ഉൾപ്പെട്ട ബെഞ്ച് നിർദേശം നൽകി.
‘‘ഇന്ത്യയിലെ റോഡുകളിൽ സംഭവിക്കുന്ന preventable deaths (ഒഴിവാക്കാമായിരുന്ന മരണങ്ങൾ) തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമപോരാട്ടം നടത്തിയത്. സുപ്രീം കോടതിയുടെ ഈ ഇടപെടലിലൂടെ വരും ദിവസങ്ങളിൽ കൂടുതൽ സുരക്ഷിതമായ ഒരു യാത്രാസംസ്കാരം രാജ്യത്ത് നിലവിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു’’ — ഡോ. ജ്യോതിദേവ് കേശവദേവ് പറയുന്നു.