ഫ്രഷ് പഴങ്ങളും, അതിലേക്ക് ഒഴിച്ച ക്രീമി മിൽക്കും, മുകളിൽ ഐസ്ക്രീമിന്റെ ഒരു സ്കൂപ്പും ചേരുമ്പോൾ ലഭിക്കുന്ന അനുഭൂതി. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ വിഭവം തയ്യാറാക്കാൻ വളരെ എളുപ്പവുമാണ്.
ആവശ്യമായ ചേരുവകൾ
1. മൈദ - ഒരു കപ്പ്
മുട്ട - ഒന്ന്
വെള്ളം – ഒന്നരക്കപ്പ്
ഉപ്പ് – പാകത്തിന്
ഏലയ്ക്കപ്പൊടി - അര ചെറിയ സ്പൂൺ
2. നെയ്യ് – പാകത്തിന്
3. പഞ്ചസാര - രണ്ടു വലിയ സ്പൂൺ
4. പൈനാപ്പിൾ കഷണങ്ങളാക്കിയത് - കാല്‍ കപ്പ്
5. ഏത്തപ്പഴം കഷണങ്ങളാക്കിയത് - ഒന്നേകാല്‍ കപ്പ്
മാമ്പഴം കഷണങ്ങളാക്കിയത് - കാല്‍ കപ്പ്
6. പാൽ - ഒന്നരക്കപ്പ്
മുട്ട - നാല്
കണ്ടന്‍സ്ഡ് മില്‍ക്ക് - കാല്‍ കപ്പ്
7. ബദാം, കശുവണ്ടിപ്പരിപ്പ്, പിസ്ത എന്നിവ വറുത്തത് - ഒരു വലിയ സ്പൂണ്‍
കറുവാപ്പട്ട പൊടിച്ചത് - അര ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ കട്ടയില്ലാതെ യോജിപ്പിച്ചു മാവു തയ്യാറാക്കുക.
∙ പാൻ ചൂടാക്കി, ഓരോ തവി മാവു വീതം ഒഴിച്ചു കനം കുറച്ചു ദോശ പോലെ പരത്തി, നെയ്യ് പുരട്ടി തിരിച്ചും മറിച്ചുമിട്ടു ചുട്ടു പാൻ കേക്ക് തയാറാക്കണം.
∙ പാനില്‍ നെയ്യ് ചൂടാക്കി പഞ്ചസാര കാരമലൈസ് ചെയ്ത ശേഷം പൈനാപ്പിൾ ചേർത്തു ഇളക്കി ചേർക്കുക.
. ഇതിലേക്കു മാമ്പഴവും ഏത്തപ്പഴവും ചേര്‍ത്ത് എല്ലാം കൂടി കാരമലൈസ് ചെയ്യുക.
∙ ആറാമത്തെ ചേരുവ അടിച്ച ശേഷം കാരമലൈസ് ചെയ്ത പഴങ്ങളും ഏഴാമത്തെ ചേരുവയും ചേർത്തു യോജിപ്പിക്കുക. ഇതാണ് പാൽക്കൂട്ട്.
∙ ബേക്കിങ് ട്രേയില്‍ നെയ്യ് പുരട്ടി ഒരു തവി പാൽക്കൂട്ട് ഒഴിച്ചു കൊടുക്കുക.
∙ ഇതിനു മുകളിൽ പാൻകേക്ക് വച്ച് വീണ്ടും പാൽക്കൂട്ടൊഴിക്കുക.
. ഇതേ പോലെ പല ലെയറുകളായി സെറ്റ് ചെയ്യുക.
. ഏറ്റവും മുകളിൽ പാൽക്കൂട്ടു വരണം.
∙ ചുവടുകട്ടിയുള്ള തവ ചൂടാക്കി അതിനു മുകളിൽ ബേക്കിങ് ട്രേയിൽ വച്ച് ഒട്ടും ആവി പോകാതെ 25 മിനിറ്റ് ചെറുതീയിൽ ബേക്ക് ചെയ്യുക.
∙ ചെറുതായി മുറിച്ച്, അവൽ മിൽക്കിനും വനില ഐസ്ക്രീമിനും ഒപ്പം വിളമ്പാം.