കരിക്കിന്റെ സ്വാഭാവിക മധുരവും, കട്ടിപ്പാലും, കരിക്കിൻ കഷ്ണങ്ങളും ചേർത്തുണ്ടാക്കുന്ന ഈ തണുത്ത ഇളനീർ പായസം കഴിച്ചാൽ പിന്നെ മറ്റൊന്നും ഓർക്കില്ല. വിശേഷ ദിവസങ്ങളിൽ ഈ സ്പെഷ്യൽ വിഭവം ട്രൈ ചെയ്തു നോക്കൂ.
ആവശ്യമായ ചേരുവകൾ
ഇളനീർ പൾപ്പ് - 2 മുതൽ 3 കപ്പ്
ഇളനീർ വെള്ളം - 1/2 മുതൽ 1 കപ്പ്|
പാൽ - 2 കപ്പ്
കട്ടിയുള്ള തേങ്ങാപ്പാൽ - 1 കപ്പ്
കണ്ടൻഡ് മിൽക്ക് -1/2 കപ്പ്
പഞ്ചസാര - 4 ടേബിൾസ്പൂൺ
ഏലക്കാപ്പൊടി - 1/2 ടീസ്പൂൺ
നെയ്യ് -1-2 ടേബിൾസ്പൂൺ
കശുവണ്ടിപ്പരിപ്പ് - ആവശ്യത്തിന്
ഉപ്പ് - ഒരു നുള്ള്
പാചകം ചെയ്യുന്ന വിധം
. ഒരു കട്ടി കൂടിയ പാത്രത്തിൽ 2 കപ്പ് പാൽ ഒഴിച്ച് മീഡിയം തീയിൽ തിളപ്പിക്കുക. പാൽ പകുതിയായി വറ്റുന്നത് വരെ കുറുകാൻ അനുവദിക്കുക.
. കുറുകിയ പാലിലേക്ക് കണ്ടൻഡ് മിൽക്കും പഞ്ചസാരയും ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി ഇളക്കി ലയിപ്പിക്കുക. ശേഷം തീ ഓഫ് ചെയ്ത് പാൽ പൂർണ്ണമായും തണുക്കാൻ മാറ്റിവെക്കുക
. ഒരു മിക്സി ജാറിൽ ഇളനീറിന്റെ പൾപ്പും അല്പം ഇളനീർ വെള്ളവും ചേർത്ത് അധികം അരഞ്ഞുപോകാതെ പൊടിച്ചെടുക്കുക. ബാക്കി പൾപ്പ് ചെറിയ കഷ്ണങ്ങളാക്കി മാറ്റി വെക്കുക.
. ഒരു ചെറിയ പാനിൽ അല്പം നെയ്യ് ചൂടാക്കി കശുവണ്ടിപ്പരിപ്പ് ബ്രൗൺ നിറമാകുന്നതുവരെ വറുത്ത് മാറ്റിവെക്കുക.
. പൂർണ്ണമായി തണുത്ത പാലിലേക്ക് അരച്ചെടുത്ത ഇളനീർ പേസ്റ്റ്, ചെറുതായി മുറിച്ചു വെച്ച ഇളനീർ കഷണങ്ങൾ, കട്ടിയുള്ള തേങ്ങാപ്പാൽ, ഏലക്കാപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക.
. ആവശ്യമെങ്കിൽ മാത്രം അല്പം തേങ്ങാവെള്ളം കൂടി ചേർക്കാം.
. ഒടുവിൽ വറുത്തുവെച്ച കശുവണ്ടിപ്പരിപ്പ് ഇതിലേക്ക് ചേർക്കുക.
. ഫ്രിഡ്ജിൽ വെച്ച് നന്നായി തണുപ്പിച്ച ശേഷം ഇത് വിളമ്പാം.