Saturday 20 March 2021 04:10 PM IST : By Vanitha Pachakam

ബീറ്റ്റൂട്ട് സാലഡ് വിത് റാഡിഷ് ആൻഡ് മൊസെറല്ല, ഈസി റെസിപ്പി!

salad

ബീറ്റ്റൂട്ട് സാലഡ് വിത് റാഡിഷ് ആൻഡ് മൊസെറല്ല

1. ബീറ്റ്റൂട്ട് - നാല്, ഒരു വിധം വലുപ്പമുള്ളത്

2. മുള്ളങ്കി - രണ്ട്, നീളമുള്ളത്

3. എക്സ്ട്രാ വെർജിൻ ഒലിവ് ഒായിൽ - ആറു വലിയ സ്പൂൺ

ഫ്രെഷ് നാരങ്ങാനീര് - രണ്ടു വലിയ സ്പൂൺ

4. കല്ലുപ്പ്, കുരുമുളകുപൊടി - പാകത്തിന്

5. മൊസെറല്ല ചീസ് - 200 ഗ്രാം

6. ഇളം പുതിനയില( ചെറുത്) - ഒരു ചെറിയ കെട്ട്

എണ്ണയില്ലാതെ വറുത്തെടുത്ത എള്ള് - ഒരു പിടി

പാകം ചെയ്യുന്ന വിധം

∙ ബീറ്റ്റൂട്ട് നന്നായി കഴുകി വൃത്തിയാക്കി മുകൾവശം നീക്കിയ ശേഷം പ്രഷർ കുക്കറിലാക്കി വേവിക്കുക.

∙ പ്രഷർ കുക്ക് ചെയ്ത വെള്ളം അരിച്ച് പാസ്ത ഉണ്ടാക്കാനായി മാറ്റി വയ്ക്കുക.

∙ ബീറ്റ്റൂട്ട് ചൂടാറിയ ശേഷം തൊലി കളഞ്ഞു കനംകുറച്ചു വട്ടത്തിൽ അരിയുക.

∙ ഇത് ഒരു സാലഡ് ബൗളിലാക്കി, ഫ്രിഡ്ജിൽ വച്ചു തണുപ്പിക്കുക.

∙ മുള്ളങ്കി വൃത്തിയാക്കി തൊലി കളഞ്ഞ ശേഷം കനംകുറച്ചു നീളത്തിൽ തീപ്പെട്ടിക്കമ്പു പോലെ അരിയുക.

∙ ഇത് ബീറ്റ്റൂട്ടിനൊപ്പം സാലഡ് ബൗളിലാക്കി വീണ്ടും ഫ്രിഡ്ജിൽ വയ്ക്കുക.

∙ മറ്റൊരു ബൗളിൽ ഒലിവ് ഒായിലും നാരങ്ങാനീരുമെടുത്തു യോജിപ്പിക്കുക.

∙ ഇതിൽ പാകത്തിന് ഉപ്പും കുരുമുളകുപൊടിയും ചേർക്കുക. ഇതാണ് ഡ്രസ്സിങ്.

∙ വിളമ്പുന്നതിനു തൊട്ടു മുമ്പ് സാലഡ് ബൗൾ ഫ്രിഡ്ജിൽ നിന്നു പുറത്തെടുത്ത് അതിൽ ഡ്രസ്സിങ് ചേർത്തു കുടഞ്ഞു യോജിപ്പിക്കുക.

∙ ഇതിനു മുകളിൽ മൊസെറല്ല ചീസ് വിതറി യോജിപ്പിച്ച ശേഷം പുതിനയിലയും എള്ളും വിതറുക.