ADVERTISEMENT

ബിരിയാണി, ഹൽവ, ഐസൊരതി, മിൽക്ക് സർ‌ബത്ത്. കോഴിക്കോട് അങ്ങാടീല് ഇറങ്ങിയാൽ മനസ്സ് പായണ സ്ഥിരം വഴികളാണ് ഇതൊക്കെ. നാവിൽ രുചിയുടെ ഒപ്പന കളിക്കണ വിഭവങ്ങളൊരുക്കുന്ന എത്രയെത്ര കടകളുണ്ട്,അടുക്കളകളുണ്ട്. എത്ര കഴിച്ചാലും കോഴിക്കോട്ടെ രുചി  മനസ്സിൽ തിരയിളക്കിക്കൊണ്ടിരിക്കും. എന്നാൽ രുചിയുടെ പെരുന്നാളുകൂടാൻ പോയതു കുറ്റിച്ചിറയിലേക്കാണ്. 

രുചി ഹൃദയത്തിലേക്കുള്ള വഴിയാണെങ്കില്‍ കുറ്റിച്ചിറയിലെ എല്ലാവഴികളും ഹൃദയത്തിലേക്കാണ്. ഇടവഴിയായാലും പെരുവഴിയായാലും രുചിയുടെ കാഴ്ചകള്‍ കാണാതെ, വിശേഷങ്ങള്‍ കേള്‍ക്കാതെ,  രുചിഗന്ധമറിയാതെ കടന്നുപോകാനാകില്ല.  ഉന്നക്കായും ചട്ടിപ്പത്തിരിയും  പോലുള്ള സ്ഥിരം താരങ്ങൾക്കു പുറമേ പത്തിരിപ്പാത്തുവും മാസ് കറിയും തുടങ്ങി  അധികമാരും കേൾക്കാത്ത രുചിനക്ഷത്രങ്ങളും കുറ്റിച്ചിറയിലെ അടുക്കളകളിൽ ചിരിച്ചിരിക്കുന്നുണ്ടാകും. 

ADVERTISEMENT

നോമ്പുകാലമായാല്‍ പിന്നെ കുറ്റിച്ചിറയിലെ പലഹാരപ്പെരുമാക്കന്‍മാര്‍ക്കു നല്ല തിരക്കാകും.  വിശിഷ്ടവിഭവങ്ങള്‍ തേടി നാടിന്റെ പല ഭാഗത്തുനിന്നും ആളുകളെത്തും. ഇഫ്താർ വിരുന്നുകളിലേക്കും കൂട്ടായ്മകള്‍ക്കും പള്ളികളിലേക്കും വീടുകളിലേക്കുമൊക്കെയായി പലഹാരങ്ങള്‍ ഉണ്ടാക്കുന്ന തകൃതിയായിരിക്കും  

കുറ്റിച്ചിറയുടെ കഥ

ADVERTISEMENT

കോഴിക്കോട് നഗരസഭാ കൗണ്‍സില്‍ സെക്രട്ടറിയും കുറ്റിച്ചിറയിലെ പുരാതന ഖാസി പരമ്പരയിലെ അംഗവുമായ എം.വി.റംസി ഇസ്മയില്‍ കുറ്റിച്ചിറ പാരമ്പര്യത്തിന്റെ ആ ദ്യ അധ്യായം തുറന്നു. 

kuttichira-taste3

‘‘കോഴിക്കോട് സൗത്ത് ബീച്ചിന് കിഴക്കുവശത്തായി മിശ്കാല്‍ പള്ളിയും ചിറയും ആസ്ഥാനമായ ജനവാസ കേന്ദ്രമാണ് കുറ്റിച്ചിറ. ഇന്ത്യയിലെ മുസ്‌ലിം പൈതൃകത്തിന്റെയും  സംസ്‌കാരസമ്പന്നതയുടെയും മഹിമ വിളിച്ചോതുന്ന പ്രധാന ഇടങ്ങളിലൊന്ന്. പുരാതനമായ മൂന്നു മുസ്‌ലിം പള്ളികള്‍ കുറ്റിച്ചിറയിലുണ്ട്. കോഴിക്കോട്ട് എത്തിയ യെമന്‍ വ്യാപാരി നാഖൂദാ മിശ്കാല്‍ പതിനാലാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണു മിശ്കാല്‍ പള്ളി. വാസ്തുവിദ്യയുടെ മനോഹര ചാതുര്യംകൊണ്ടു വേറിട്ടുനില്‍ക്കുന്നതാണ് ഈ പള്ളി.  ഈ സൗധം പൈതൃക സ്മാരകം കൂടിയാണ്. പുരാതനമായ രണ്ടു പള്ളികള്‍ കൂടിയുണ്ട് ഇവിടെ. ആയിരത്തിലധികം വര്‍ഷം പഴക്കമുണ്ടെന്നു കരുതുന്ന, 14ാം നൂറ്റാണ്ടില്‍ വിപുലീകരിച്ച ജുമുഅത്ത്  പള്ളിയും ചരിത്രരേഖകള്‍ ആലേഖനം ചെയ്ത മുച്ചുന്തി പള്ളിയും. 

ADVERTISEMENT

തെക്കേപ്പുറം ദേശത്തിന്റെ കേന്ദ്രമാണു കുറ്റിച്ചിറ. നഗരത്തിലെ മൂന്നാലുങ്കല്‍ മുതല്‍ കോതി വരെയും കിഴക്ക് വട്ടംപൊയില്‍ വരെയും വ്യാപിച്ചുകിടക്കുന്ന കടലിനു ചേര്‍ന്നുള്ള ദേശമാണു തെക്കേപ്പുറം. ‘കുറ്റിച്ചിറ രുചി’യെന്ന് ഇപ്പോള്‍ പറയുന്നതു യഥാര്‍ഥത്തില്‍ തെക്കേപ്പുറത്തിന്റെ ഭക്ഷണ സംസ്‌കാരത്തെയാണ്.’’  എം.വി.റംസി ഇസ്മയില്‍  പറയുന്നു   

kuttichira-taste2

മുട്ടസുർക്ക, ചണ്ണ, ആടുനിറച്ചത്

നാടിന്റെ കഥകൾ കേട്ടു. ഇനി രുചികളെക്കുറിച്ചറിയാം. കുറ്റിച്ചിറയിലേക്ക് ഒാട്ടോ പിടിച്ചു. ചെന്നിറങ്ങിയത്  സിയസ്‌കോ ലൈബ്രറിക്കു സമീപമുള്ള കറുത്തേടത്തു തറവാട്ടില്‍.  വി.എസ് ജംഷീദിന്റെയും  മുഹമ്മദ് നിസാറിന്റെയും, ഷബ്‌ന നിസാറിന്റെയും  ലുമിന ജംഷീദിന്റെയും രുചിപ്പുരയിൽ കോഴിനിറച്ചത്, ആടുനിറച്ചത്, കണ്ണുവച്ച പത്തിരി, ചണ്ണ (ആടിന്റെ കാല്‍) ചുട്ടത്, ഫിഷ് ചുട്ടത്, ചട്ടിപ്പത്തിരി ഇറച്ചിപ്പത്തിരി, സമൂസ, മുട്ടസുര്‍ക്ക, മുട്ടമാല, അങ്ങനെ നിരവധി  ഐറ്റങ്ങള്‍ പിറക്കാറുണ്ട്.  മുട്ടസുർക്ക  എന്നു കേൾക്കുമ്പോൾ വിനാഗിരിയുമായി ബന്ധമുണ്ടെന്നു കരുതണ്ട. മുട്ടയുടെ വെള്ളയും പഞ്ചസാരയും ഏലക്കയും ഒക്കെ കൊണ്ടുണ്ടാക്കുന്ന കേക്ക് പോലുള്ള പലഹാരമാണിത്. 

 ഇവർ  കേറ്ററിങ് സർവീസും നടത്തുന്നുണ്ട്. ഒാര്‍മയിലെ ചില പലഹാര കഥകൾ ജംഷീദ് വിളമ്പിത്തന്നു. ‘‘പണ്ടുകാലത്ത് ഈന്തിന്‍ കായ പൊടിച്ച് പുഴുങ്ങി, ഉരുട്ടി ഉണ്ടാക്കുന്ന 'ഈന്തുംപിടി' എന്നൊരു പലഹാരം ഉണ്ടായിരുന്നു. ബീഫ്, തേങ്ങവറുത്തരച്ചത് എന്നിവയൊക്കെ ചേര്‍ത്തുള്ളതാണിത്. രാവിലെ തുടങ്ങിയാല്‍ രാത്രിയിലേ ഇത് പാകമാകൂ.  ഉണ്ടാക്കാന്‍ ഒരുപാടു സമയമെടുക്കുന്നതിനാല്‍ കാലക്രമേണ അപ്രത്യക്ഷമായി. ’’ 

 ഷബ്‌ന നിസാറും  ലൂമിന ജംഷീദും ചേര്‍ന്നുനടത്തുന്ന പാചകസംരംഭത്തില്‍ അവരുടെ ഭര്‍ത്താക്കന്മാരും സജീവപങ്കാളികളാണ്.‘‘താവഴി ലഭിച്ചതാണ് ഈ അറിവുകളൊക്കെ. ഉമ്മയും പെങ്ങളുമൊക്കെ ചെയ്യുന്നതില്‍ നിന്നാണ് ഈ പാചകക്കൂട്ടുകളൊക്കെ പഠിച്ചെടുത്തത്. ഇതൊരു കരവിരുതാണ്.   കയ്യിന്റെ ചലനവും സൂക്ഷ്മതയുമൊക്കെ വളരെ പ്രധാനമാണ് ഇവിടെ. ഉണ്ടാക്കുന്ന വിഭവങ്ങളുടെ രൂപഭംഗി മാത്രമല്ല, ചേരുവ ചേര്‍ക്കുന്നതിലും സൂക്ഷ്മത വേ ണം.’’ ജംഷീദും  നിസാറും പറയുന്നു.

kuttichira-taste1

കോഴിക്കോടിന്റെ രുചിയിലും പലഹാര വിപണിയിലുമെല്ലാം കുറ്റിച്ചിറയുടെ സ്വാധീനം പ്രകടമാണ്. നഗരത്തിലെ പല കേന്ദ്രങ്ങളിലേക്കും ചെറുകടികളും മറ്റും എത്തുന്നതു കുറ്റിച്ചിറ മേഖലയില്‍ നിന്നാണ്.  

കുറ്റിച്ചിറയിൽ ചോറുകൾ തന്നെ പലതരമുണ്ട്. ഇറച്ചിച്ചോറ്, തേങ്ങാച്ചോറ്, തക്കാളിച്ചോറ്, കടുക്കച്ചോറ്, അയിലച്ചോറ്, ചക്കരച്ചോറ്, ഉലുവച്ചോറ്, ചിപ്പിച്ചോറ്...  പട്ടിക നീളും. വെറുതെ പത്തിരിയെന്ന് പറഞ്ഞാല്‍ പോരാ. നെയ്പത്തിരി, നൈസ് പത്തിരി, തടിച്ചപത്തിരി, സുര്‍ക്കാ പത്തിരി, നിറച്ച പത്തിരി, മടക്കുപത്തിരി, മീന്‍പത്തിരി.. അങ്ങനെ പലതുണ്ട്. പാചകകലയ്ക്കും പലഹാരപ്പെരുമയ്ക്കും നാടു പേരുകേട്ടതിനു സവിശേഷമായ ചില കാരണങ്ങളുമുണ്ട്. 

 രുചിവഴികളിലെ ചരിത്രം

‘‘മലബാറില്‍ മുസ്‌ലിംകള്‍ക്കിടയില്‍ മരുമക്കത്തായ സമ്പ്രദായം നിലനില്‍ക്കുന്ന പ്രദേശമാണ് ഇത്. മരുമക്കത്തായ കുടുംബത്തില്‍ വിവാഹം കഴിക്കുന്ന ഭര്‍ത്താവു ഭാര്യയുടെ വീട്ടിലാണു താമസിക്കുക. അതുകൊണ്ടുതന്നെ, പുതിയാപ്‌ള എന്നു വിളിക്കുന്ന പുതിയ മാപ്പിളമാരെ, അതായതു ഭർത്താക്കന്മാരെ സൽക്കരിക്കുന്ന രീതി വളരെ പ്രബലമാണ്.’’ ഹോട്ടല്‍ ബിസിനസ് നടത്തിയിട്ടുള്ള പടിഞ്ഞാറെ വലിയവീട് മുഹമ്മദലി പറയുന്നു

 ‘‘പുതിയാപ്‌ളമാരെ സൽക്കരിക്കാനായി രുചിയൂറും വിഭവങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ഉണ്ടായതാണ് ഈ പലഹാര സംസ്‌കാരം. അതേസമയം, വിവിധ സമുദായങ്ങളുമായുള്ള സമ്പര്‍ക്കം  ഭക്ഷണച്ചേരുവകളിലേക്കു പുതിയ സ്വാദുകള്‍ പരീക്ഷിക്കാനുള്ള കാരണവുമായി. 

തെക്കേപ്പുറത്തിന്റെ അതിരുകളില്‍ ഗുജറാത്തി സമുദായവും ജൈനവിഭാഗവും പാര്‍സികളും ഒക്കെയുണ്ട്. അതുപോലെ,  വ്യാപാരത്തിനായി അറബ് രാജ്യങ്ങളില്‍ നിന്ന് കപ്പലില്‍ വ്യാപാരികള്‍ വന്നിരുന്ന ഇടമായതിനാല്‍ വിദേശരുചികളുടെ സ്വാധീവും ഉണ്ടായി.

വ്യാപാരികളൊക്കെ ഇവിടെ വന്നാല്‍ രണ്ടോ മൂന്നോ മാസമൊക്കെ താമസിക്കും. അപ്പോള്‍ അവര്‍ക്കിഷ്ടപ്പെട്ട വിഭവങ്ങള്‍ ഉണ്ടാക്കികൊടുക്കാനും ഇവിടത്തെ ആളുകള്‍ ശ്രമിച്ചിട്ടുണ്ടായിരിക്കും.  വിരുന്നുകളൊരുക്കാന്‍ വിദേശരാജ്യങ്ങളിലേക്കുവരെ പോയിരുന്ന മൊയ്തീന്‍ ഹാജിയെപ്പോലുള്ളവരുണ്ട് പഴയ തലമുറയില്‍. ഇതുകൊണ്ടൊക്കെയാകാം ഇത്രയധികം രുചിവൈവിധ്യം കുറ്റിച്ചിറയില്‍ ഉള്ളത്.’’ രുചിയുടെ ചരിത്ര വഴികളെക്കുറിച്ച് മുഹമ്മദലി.

‌മരുമക്കത്തായ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി ചടങ്ങുകളും സൽക്കാരങ്ങളുമൊക്കെയുണ്ട്. കല്യാണം കഴിഞ്ഞാല്‍ പുയ്യാപ്ലയുടെ വീട്ടിലേക്ക് കോള് കൊണ്ടുപോകുന്ന ചടങ്ങുണ്ട്. ഭാര്യവീട്ടുകാരുടെ ‘അഭിമാനപ്രശ്‌നം’ കൂടിയായതിനാല്‍ ഒന്നിനും ഒരു കുറവുണ്ടാകില്ല. 

സാധാരണയായി കോഴി നിറച്ചത്, ആടുനിറച്ചത്, കണ്ണുവെച്ച പത്തിരി, ചട്ടിപ്പത്തിരി, വിവിധയിനം പോളകള്‍ തുടങ്ങി പലഹാരങ്ങളുടെ നിരതന്നെയുണ്ടാകും. പിന്നെയുമുണ്ടു ചടങ്ങുകൾ. കല്യാണത്തലേന്നു കാരണവന്മാരെ ബഹുമാനിക്കുന്ന വെറ്റിലക്കെട്ട്, ഇരു വീട്ടുകാരും തമ്മില്‍ പരസ്പരം പരിചയപ്പെടുന്ന പുതുക്കം, കല്യാണത്തിന്റെ അന്നു രാത്രി പുതിയാപ്ലയെയും കൂട്ടൂകാരെയും സത്കരിക്കുന്ന മൂടിയമാണം, കല്യാണപ്പിറ്റേന്നുള്ള  പുയ്യാപ്ലച്ചായകുടി, ഭര്‍ത്താവിന്റെ കുടുംബത്തിലെ പ്രായമായവരെയും ബന്ധുക്കളെയും ക്ഷണിച്ച് നടത്തുന്ന അമ്മായിത്തക്കാരം അങ്ങനെ നീളുന്നു സൽക്കാരങ്ങള്‍. അമ്മായിത്തക്കാരം പോലുള്ള ചടങ്ങുകള്‍ക്കായി മുട്ടമാല, മുട്ടസുര്‍ക്ക പോലുള്ള പ്രത്യേക വിഭവങ്ങളുമുണ്ടാകും. മുട്ടയുടെ മഞ്ഞക്കരുമാത്രം വേര്‍തിരിച്ചെടുത്ത് ഉണ്ടാക്കുന്ന മുട്ടമാല ഏറെ ക്ഷമയും സൂക്ഷ്മതയും സമയവും ഒക്കെ വേണ്ടതാണ്.  

ചിറയ്ക്കരികിലെ രുചിവരവ്

kuttichira-taste6

അടുത്ത രുചിയിടത്തേയ്ക്കു പോയി.  കുറ്റിച്ചിറ ചിറയ്ക്കരികിലേക്ക് ഒരു ലോഡ് വിഭവങ്ങളുണ്ടാക്കി വരാമെന്നു പറഞ്ഞിട്ടുണ്ട് ഫിറോസ് അലി.  നിരത്തി വച്ചിരിക്കുന്ന പലഹാരങ്ങളിലേക്ക് ഒന്നെത്തി നോക്കി. ചട്ടിപ്പത്തിരി, ഉന്നക്കായ,കുഞ്ഞിപ്പിടി, വാഴയ്ക്ക മസാല, ബീഫ് കട‌്ലറ്റ്, മീൻപത്തിരി, കിളിക്കൂട്, ബ്രഡ് പോള, കല്ലുമ്മക്കായ പൊരിച്ചത്... ഇത്രയേ ഒറ്റനോട്ടത്തിൽ  മനസ്സിലായിട്ടുള്ളൂ. ഇനി എന്തൊക്കെയുണ്ട് അടുക്കളയിൽ എന്നു പലഹാരങ്ങളൊരുക്കിയ ഫിറോസിനോട് ചോദിച്ചു. അപ്പോഴാണു കുറ്റിചിറയിലെ അടുക്കളയിലെ സ്ത്രീസമത്വത്തെക്കുറിച്ചറിഞ്ഞത്. 

‘‘ പണ്ടു മുതൽക്കേ കുറ്റിച്ചിറയിലെ അടുക്കളകൾക്ക് സ്ത്രീപുരുഷ ഭേദമില്ല.പുരുഷന്മാരും സ്ത്രീകളും ഒരുപോലെ പാചകം ചെയ്യും. രുചിക്കൂട്ടുകൾ എല്ലാവർക്കും ഹൃദിസ്ഥം.’’ ഫിറോസ് പറഞ്ഞു തുടങ്ങി.

‘‘ പ്രീഡിഗ്രി കഴിഞ്ഞ് ഞാൻ കാറ്ററിങ് സർവീസ് തുടങ്ങി. ആദ്യം കാറ്ററിങ് ബോയ്. പിന്നീട് ഹോട്ട് ൻ സ്പോട്ട് എന്ന സ്ഥാപനം തുടങ്ങി. അതിനിടയിൽ വിവാഹം കഴിഞ്ഞു. ഭാര്യക്കും പാചകം ഇഷ്ടമായിരുന്നു. അങ്ങനെ ഭാര്യ സക്കീന ഫിറോസും സഹോദരിയും ആമിന റിയാസും സ്നാക്സ് മേഖലയിൽ ശ്രദ്ധകേന്ദ്രീകരിച്ചു. മുപ്പത്തഞ്ചോളം സ്നാക്സ് റെസിപ്പികൾ ചെയ്യാറുണ്ട്. ആറായിരത്തോളം വരെ പലഹാരങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.’’  

രുചികൊണ്ടും മണം കൊണ്ടും വേറിട്ടുനില്‍ക്കുന്നതാണ് കുറ്റിച്ചിറ ദം ബിരിയാണി. ‘‘സാധാരണ ഉണ്ടാക്കുന്നതുപോലെ അരിയും ഇറച്ചിയും മസാലയും വെവ്വേറെ വേവിക്കുകയല്ല ഇതില്‍ ചെയ്യുന്നത്. ഇറച്ചിയും മസാലയും പുരട്ടി ഒരു മണിക്കൂറോളം വയ്ക്കും. പിന്നീട് അതു പാത്രത്തിന്റെ അടിയിലും മുകളില്‍ പാതിവെന്ത ചോറും ഇട്ട് തീ കത്തിക്കും. ഇറച്ചിയുടെയും മസാലയുടെയും ആവിയിലാണ് പിന്നീടു ചോറുവേവുക. കയ്മ, കോല അരികളാണ് പൊതുവെ ഉപയോഗിക്കാറ്. രണ്ടുകാര്യങ്ങളിലാണ് ഇതിന്റെ രുചി ആശ്രയിച്ചിരിക്കുന്നത്. ഒന്ന് മസാലയുടെ കൂട്ട്.  ദം ഇടുന്നതിലെ കൃത്യത’’ചരുവിലകത്ത് കെ.എം.സക്കീനയും സി. വഹീദയും വിവരിക്കുന്നു.  

കഴിഞ്ഞ കുറച്ചുകാലത്തിനിടയില്‍ തെക്കേപ്പുറത്തെ പാചകരീതികള്‍ കുറ്റിച്ചിറ രുചി എന്ന രീതിയില്‍ ഒരു ബ്രാന്‍ഡ് ആയി രൂപപ്പെട്ടു. തെക്കേപ്പുറത്തിന്റെ പൈതൃകവുമായി  സൗത്ത് ബീച്ചിനു സമീപവും  കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളിലും  ഭക്ഷണശാലകള്‍ തുറക്കുന്നുണ്ട്. 

മാസ് കറി

മാസ് കറിയെക്കുറിച്ചാണ് ചരുവിലകത്ത് കെ.എം സക്കീനയും  സഹോദരി വഹീദ‌യും പറഞ്ഞത്.   മാസ് എന്നത് ലക്ഷദ്വീപില്‍ നിന്നും കൊണ്ടുവരുന്ന, ട്യൂണ മത്സ്യം ഉണക്കി പ്രോസസ് ചെയ്തതാണ്. ഇത് ഒരുപാടുകാലം കേടുകൂടാതെ സൂക്ഷിക്കാം. കോഴിക്കോട് പയ്യാനക്കല്‍ പോലുള്ള ചിലയിടങ്ങളില്‍ മാത്രമാണ് വാങ്ങാന്‍ കിട്ടുക. ചീളുകള്‍ പോലെയുള്ള മീന്‍മാസ് മുറിച്ചു ചതച്ചതിനുശേഷം, ഉള്ളിയും പച്ചമുളകും വഴറ്റി അതില്‍ തേങ്ങയരച്ചു ചേര്‍ത്താണ് ഉണ്ടാക്കുക. പത്തോ ഇരുപതോ മിനിറ്റുകൊണ്ട് വളരെ എളുപ്പം ഉണ്ടാക്കാവുന്ന വിഭവമാണിത്.  ഉമ്മയുടെ ചെറുപ്പകാലത്തുപോലും മാസ് ഉണ്ടായിരുന്നു‌വെന്നു സക്കീന ഓര്‍ക്കുന്നു. മാസ് ഉപയോഗിച്ചു ചമ്മന്തിയും ഉണ്ടാക്കാം. 

‘‘നോമ്പുകാലത്തുണ്ടാക്കുന്ന കഞ്ഞികള്‍ തന്നെ പലതരമുണ്ട്. തരിക്കഞ്ഞി, ജീരകക്കഞ്ഞി, ഗോതമ്പക്കഞ്ഞി, തേങ്ങാക്കഞ്ഞി, മണ്‍പയര്‍ കഞ്ഞി... ചെറുതായി പഴുത്ത നേന്ത്രക്കായയും ബീഫ് വരട്ടിയതും ചേര്‍ത്തുണ്ടാക്കിയ വാഴക്ക മസാലയും  അരിമാവും മീനും ചേര്‍ത്തുണ്ടാക്കുന്ന മീന്‍പത്തിരിയ‌ുമൊക്കെ രുചിയിൽ മുമ്പരാണ്. പണ്ടിവിടെ കൊച്ചിക്കോയ എന്നൊരു വിഭവം കൂടിയുണ്ടായിരുന്നു.’’  സക്കീനയുടെ ഭര്‍ത്താവ് മുഹമ്മദലി ഒാർക്കുന്നു. 

അസ്മിതയുടെ പാത്തു

‘ചെമ്മീന്‍ പത്തിരി പാത്തു’വിനെക്കൂടി കണ്ടിട്ട് കുറ്റിച്ചിറയിൽ നിന്നു മടങ്ങാം.  കോഴിക്കോട് സൗത്ത് ബീച്ചില്‍ ‘ഹ ബീബില്‍’ അസ്മിത നിസാര്‍ പാചകരംഗത്തു പരീക്ഷണങ്ങൾ ന‍ടത്താറുണ്ട്. പരമ്പരാഗത  വിഭവങ്ങളും പുതുരൂപത്തിൽ അവതരിപ്പിക്കും.  അങ്ങനെ കണ്ടെത്തിയ വിഭവമാണ് ചെമ്മീൻ പത്തിരിപ്പാത്തു. 

‘‘കോളജിൽ പഠിക്കുമ്പോള്‍ കല്യാണം കഴിഞ്ഞു. അ പ്പോഴേ പാചകരംഗത്തേക്കു തിരിഞ്ഞു. ബഹ്റൈനിലുള്ള ഭര്‍ത്താവും ഈ രംഗത്തുതന്നെയാണ്. അദ്ദേഹം നാട്ടില്‍ വ ന്നാല്‍ അറേബ്യന്‍ രുചികളൊക്കെ പാചകം ചെയ്യാറുണ്ട്. കുറ്റിച്ചിറയുടെ പരമ്പരാഗത വിഭവങ്ങള്‍ക്കു പുറമെ വിരുന്നുകള്‍ക്കും മറ്റും വിഭവങ്ങളുണ്ടാക്കും. പഴമയ്ക്കൊപ്പം പുതുമയും ചേരുമ്പോൾ അതിനു രുചിയും ഭംഗിയും കൂടും. അ ങ്ങനെയുണ്ടായതാണ് പത്തിരിപ്പാത്തു.’’ 

അപ്പോൾ പത്തിരിപ്പാത്തു എവിടെ? 

ഭംഗിയുള്ള പാത്രത്തിന്റെ അടപ്പു തുറന്നു. മുന്നിൽ മടക്കുപോലുള്ള പലഹാരം. ചെമ്മീനും മുട്ടയുമൊക്കെ ചേർന്ന രുചി. ഇതു കഴിച്ചാൽ തട്ടത്തിൻ മറയത്തെ ആ പഴയ ഡയലോഗ് മാത്രേ മനസ്സിൽ വരൂ. ‘സാറേ... പിന്നൊന്നും കാണൂല.’

ADVERTISEMENT