പുകച്ചും ഉണക്കിയും പുളിപ്പിച്ചും മേഘാലയൻ രുചിമേളം; മതി വരുവോളം ആസ്വദിക്കാം ഫോർട്ട്കൊച്ചി ബ്രണ്ടൻ ബോട്ട്യാർഡിൽ Discover the Tribal Flavors of Meghalaya
Mail This Article
മേഘാലയ... മേഘങ്ങൾ നിറഞ്ഞ, പ്രകൃതി കനിഞ്ഞരുളിയ അരുവികളും കാടുകളുമായി ഇന്ത്യയുടെ വടക്കുക്കിഴക്കുള്ള കുഞ്ഞൻ സംസ്ഥാനം. കാടുകൾ ധാരാളമുള്ളതിനാൽ തന്നെ ഗോത്രവർഗങ്ങളുടെ എണ്ണവും ധാരാളമുണ്ട്. അതുകൊണ്ടു തന്നെ മേഘാലയൻ രുചികളിൽ പ്രതിഫലിക്കുന്നതു ട്രൈബൽ സ്വാദുകളാണ്.
സുസ്ഥിരവും പ്രാദേശികവും ലളിതവുമായ ഭക്ഷണരീതികളാണ് ഇവരുടെ മുഖമുദ്ര. അതുകൊണ്ടു തന്നെ പ്രകൃതിദത്തമായ ചേരുവകൾ അതിന്റെ സത്തു നഷ്ടപ്പെടാതെ പാകം ചെയ്യുപ്പെടുന്നു.
പോർക്ക്, ചിക്കൻ, ബീഫ്, പുഴമീനുകൾ, ഇലക്കറികൾ, മുളന്തണ്ടുകൾ. ചേനയില, കാട്ടുപന്നലുകൾ, മത്തൻ തുടങ്ങിയവയാണ് ചേരുവകളിൽ പ്രധാനികൾ.
രുചി കൂട്ടാനായി ഫ്രെഷ് ഹെർബ്സിനൊപ്പം ഇഞ്ചി, വെളുത്തുള്ളി, പ്രാദേശികമായി ലഭിക്കുന്ന മുളകുകൾ, എള്ള്, പുളിപ്പിച്ച സോയാബീൻ തുടങ്ങിയവ ഉപയോഗിക്കുന്നു.
പുകച്ചും ഉണക്കിയും പുളിപ്പിച്ചും ആവി കയറ്റിയുമാണ് ഭക്ഷണം ഉണ്ടാക്കുന്നത്. എണ്ണയുടെയും മസാലയുടെയും കാര്യമായ ഉപയോഗവും ഇല്ല.
അധികം വറുക്കലും പൊരിക്കലുമൊന്നുമില്ലാതെ, തനതു രുചിയിലാണ് വിഭവങ്ങൾ മേശയിലേക്കെത്തുന്നത്. തലമുറകൾ കൈമാറി വന്ന ഈ രുചികളാണ് സെപ്റ്റംബർ 25 മുതൽ 27 വരെ ഫോർട്ട്കൊച്ചി ബ്രണ്ടൻ ബോട്ട്‌യാർഡില്‍ ഒരുക്കുന്നത്.
ഈ ഫൂഡ് ഫെസ്റ്റിവൽ ഒരുക്കുന്നതു മേഘാലയിൽ നിന്നെത്തിയ ലേഡി ഷെഫ് അഹമ്മദാക്കി ലാലു ആണ്. ഇന്ത്യയിലെ തന്നെ മികച്ച ഷെഫുമാരിൽ ഒരാളായി അഹമ്മാദാക്കി ലാലു ഒരുക്കുന്ന ഈ രുചിമേളം വൈകുന്നേരം ഏഴു മുതലാണ് നടക്കുന്നത്.