‘‘കുട്ടിക്കാലത്തെ ക്രിസ്മസ് ആയിരുന്നു ക്രിസ്മസ്... പാതിരാക്കുർബാന കഴിഞ്ഞു വന്നു കിടക്കുന്ന അമ്മച്ചി വെളുപ്പിനു മൂന്നരയ്ക്ക് എഴുന്നേറ്റ് അപ്പത്തിനുള്ള മാവ് കലക്കി വയ്ക്കും. നേരം വെളുത്താൽ വിറകടുപ്പിലാണ് അപ്പം ചുടുന്നത്. അന്നേരം മുതൽ ചുടുന്നതു ചുടുന്നതു മൂന്നാലെണ്ണം ഞാനങ്ങു കഴിക്കും.’’ ക്രിസ്മസ് ഓർമകൾ പങ്കുവച്ചു കൊണ്ട് നടനും സംവിധായകനുമായ ജോണി ആന്റണി പറഞ്ഞു തുടങ്ങി.
‘‘അപ്പത്തിനൊപ്പം അമ്മച്ചി ഉണ്ടാക്കിയിരുന്ന താറാവു കറിയുടെ ഉരുളക്കിഴങ്ങിനു പോലും ഒരു പ്രത്യേകത ഉണ്ടായിരുന്നു. അപ്പം മുറിച്ചെടുത്ത് ആ താറാവുകറിയിൽ മുക്കിത്തിന്നാലുണ്ടല്ലോ. ഹോ...വിഭവങ്ങളുടെ എണ്ണം കുറവായിരുന്നെങ്കിലും ഉള്ള വിഭവങ്ങളുടെ രുചി ഗംഭീരമായിരുന്നു. നന്നായി വിശന്നിട്ടാണ് അന്നൊക്കെ ഭ ക്ഷണം കഴിക്കുക. വിശപ്പുള്ളപ്പോൾ രുചിയും കൂടും.’’
അമ്മച്ചിയുടെ താറാവുകറിയുടെ അതേ രുചിയിൽ ഭാര്യ ഷൈനിയും കറി വയ്ക്കുമെന്നു പറയുന്നു ജോണി ആന്റണി. ‘‘നല്ല പച്ചമല്ലി പൊടിച്ചെടുത്താണ് കറിയിൽ ചേർക്കുന്നത്. അപ്പോള്‍ കറി നന്നായി കുറുകി പച്ചനിറത്തിൽ ഇരിക്കും.’’ഷൈനി രുചിരഹസ്യം പങ്കിടുന്നു. ‘‘ഷൈനീടെ അമ്മച്ചീടെ താറാവുകറിയും മീൻ മാങ്ങാക്കറിയും സൂപ്പറാ. മീൻകറിയിൽ രണ്ട് ഉണക്കമീൻ കൂടി ഇട്ടാൽ പിന്നെ പറയണ്ട.’’ ഷൈനിയുടെ പാത്രത്തിലേക്കു താറാവുകറി ഒഴിച്ചുകൊണ്ടു ജോണി ആന്റണി പറഞ്ഞു.
താറാവ് സ്റ്റ്യൂ
താറാവ് – ഒന്ന്, കഷണങ്ങളാക്കിയത്
തേങ്ങ – ഒന്ന്, ചുരണ്ടിയത്
വെളിച്ചെണ്ണ – പാകത്തിന്
സവാള – നാല്, അരിഞ്ഞത്
പച്ചമുളക് – ആറ്, അരിഞ്ഞത്
ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – രണ്ടു വലിയ സ്പൂണ്‍മഞ്ഞള്‍പ്പൊടി – കാല്‍ വലിയ സ്പൂണ്‍
പച്ചമല്ലിപ്പൊടി – ഒന്നര വലിയ സ്പൂണ്‍
ഗരംമസാലപ്പൊടി – ഒന്നര വലിയ സ്പൂണ്‍
കുരുമുളകുപൊടി – ഒന്നര വലിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
കറിവേപ്പില – പാകത്തിന്
പാകം െചയ്യുന്ന വിധം
∙ താറാവു കഴുകി വൃത്തിയാക്കി വയ്ക്കുക.
∙ തേങ്ങ പിഴിഞ്ഞ് ഒന്നും രണ്ടും പാലെടുത്ത് വയ്ക്കണം.
∙ ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റണം.
∙ ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേര്‍ത്തു വഴറ്റിയ ശേഷം താറാവും ഉപ്പും കറിവേപ്പിലയും ചേര്‍ത്തിളക്കുക.
∙ ഇതിലേക്ക് രണ്ടു കപ്പ് രണ്ടാംപാല്‍ ചേര്‍ത്തു പ്രഷര്‍ കുക്കറിലാക്കി നാലു വിസില്‍ വരും വരെ വേവിക്കണം.
∙ ആവി പോയ ശേഷം ഒന്നാംപാല്‍ ചേര്‍ത്തിളക്കി ചൂടാക്കിയ ശേഷം വാങ്ങാം.