കേരളപ്പിറവിയോടു അനുബന്ധിച്ചുള്ള ‘കേരളീയം’ തലസ്ഥാനത്ത് പൊടിപൊടിക്കുകയാണ്. കേരളത്തിന്റെ തനതു രുചികൾ ഉൾപ്പെടുത്തിയുള്ള ഭക്ഷ്യമേളയും ഇതിന്റെ ഭാഗമായുണ്ട്. ‘കേരള മെനു അൺലിമിറ്റഡ്’ എന്ന പേരിലാണ് കേരളത്തിന്റെ പത്തു പ്രാദേശിക വിഭവങ്ങളെ ലോകോത്തര ബ്രാൻഡായി അവതരിപ്പിച്ചിരിക്കുന്നത്. ബോളിയും പായസവും, കപ്പയും മീൻകറിയും, കരിമീൻ പൊള്ളിച്ചത്, മുളയരി പായസം, കർക്കടക കഞ്ഞി, പുട്ടും കടലയും, രാമശ്ശേരി ഇഡ്‌ഡലി, തലശ്ശേരി ദം ബിരിയാണി, വനസുന്ദരി ചിക്കൻ, പൊറോട്ടയും ബീഫും എന്നീ വിഭവങ്ങളാണ് ബ്രാൻഡ് ചെയ്യുന്നത്.
എന്നാൽ ഇപ്പോൾ വളരെ പ്രൊഫഷണലായി പൊറോട്ടയുണ്ടാക്കുന്ന സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
‘ഇതാ ഒരു മന്ത്രി പൊറോട്ട’ എന്ന അടിക്കുറിപ്പോടെ മന്ത്രി എം.ബി രാജേഷാണ് വിഡിയോ പങ്കുവച്ചത്. ഒപ്പം ഒരു കുറിപ്പുമുണ്ട്...‘‘'കേരളീയം ഭക്ഷ്യമേളയിലെ ഈ സ്പെഷൽ പൊറോട്ടയടിക്ക് ആദ്യം തന്നെ ഒരു കയ്യടി. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ, പ്രഫഷനൽ ടച്ചുള്ള പൊറോട്ടയടി ആരെയും ഒന്ന് ഞെട്ടിക്കും. മന്ത്രി അടിച്ച് ചുട്ടെടുത്ത പൊറോട്ടയും കിടിലനെന്ന് കഴിച്ചവർ സാക്ഷ്യപ്പെടുത്തുന്നു. കനകക്കുന്നിലെ ഭക്ഷ്യമേളയിലാണ് മന്ത്രി തന്നെ നേരിട്ട് പൊറോട്ടയടിക്കാൻ ചേർന്നത്. മന്ത്രിയുടെ പൊറോട്ടയടി നമുക്കു കാണാം.’’