Thursday 23 January 2020 11:43 AM IST : By മിനിത സൂസൻ ജോസഫ്, വനിത പാചകം

ബ്രെഡ് ബോണ്ടയും ബേക്ക്ഡ് ബ്രെഡ് പായ്ക്കറ്റ്സും; ബ്രെഡിൽ തയാറാക്കാം രണ്ടു കിടിലൻ വിഭവങ്ങൾ!

bread-reddg

ബ്രെഡ് ബോണ്ട

1. റൊട്ടി – ആറു സ്ലൈസ്

2. എണ്ണ – പാകത്തിന്

3. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

പച്ചമുളക് – രണ്ട്, വട്ടത്തില്‍ അരിഞ്ഞത്

4. ഉരുളക്കിഴങ്ങ് – നാല്, പുഴുങ്ങി പൊടിച്ചത്

ഉപ്പ് – പാകത്തിന്

5. പനീർ പൊടിച്ചത് – മുക്കാൽ കപ്പ്

മല്ലിയില അരിഞ്ഞത് – ഒരു വലിയ സ്പൂൺ

മാവിന്

6. കടലമാവ്  ‌– മുക്കാൽ കപ്പ്

കായം ‌– ഒരു നുള്ള്

മുളകുപ്പൊടി ‌– ഒരു ചെറിയ സ്പൂൺ

വെള്ളം ‌– മുക്കാൽ കപ്പ്

ഉപ്പ് ‌– പാകത്തിന്

7. എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ റൊട്ടി അരികു കളഞ്ഞു ചതുരക്കഷണങ്ങളാക്കി വയ്ക്കുക.

∙ ഒരു വലിയ സ്പൂൺ എണ്ണ ചൂടാക്കി സവാളയും പച്ചമുളകും വഴറ്റുക. സവാള വഴന്നു വരുമ്പോൾ ഉപ്പും ഉരുളക്കിഴങ്ങു പുഴുങ്ങിപ്പൊടിച്ചതും ചേർത്തു നന്നായി യോജിപ്പിക്കുക.

∙ ഇതിലേക്കു പനീറും മല്ലിയിലയും റൊട്ടിയും ചേർത്തു യോജിപ്പിക്കുക. അധികം വരണ്ടു പോയാൽ അല്പം വെള്ളം തളിച്ചുകൊടുക്കാം.ഇതില്‍ നിന്ന് 8–10 ഇടത്തരം ഉരുളകളുണ്ടാക്കുക.

∙ ആറാമത്തെ ചേരുവ കലക്കി മാവു തയറാക്കിയതിൽ ഓരോ ഉരുളയും മുക്കി ചൂടായ എണ്ണയിൽ ഗോൾഡ‍ൻബ്രൗൺ നിറത്തിൽ വറുത്തു കോരുക.

∙ ചട്നിക്കോ സോസിനോ ഒപ്പം വിളമ്പാം.

ബേക്ക്ഡ് ബ്രെഡ് പായ്ക്കറ്റ്സ്

Bread-packet

1. റൊട്ടി – എട്ട് –പത്തു സ്ലൈസ്

ഫില്ലിങ്ങിന്

2. മീറ്റ് മിൻസ് – 250 ഗ്രാം

3. വെണ്ണ ‌– രണ്ടു വലിയ സ്പൂൺ

4. സവാള പൊടിയായി അരിഞ്ഞത്  ‌ – അരക്കപ്പ്

സെലറി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

സ്പ്രിങ് അണിയൻ പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

5. പാൽ – ഒരു കപ്പ്

6. മൈദ – ഒരു വലിയ സ്പൂൺ

7. ചീസ് ഗ്രേറ്റ് ചെയ്തത് – അരക്കപ്പ്

8. ഉപ്പ്, കുരുമുളക് പൊടി – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ റൊട്ടി സ്ലൈസുകൾ അരികു കളഞ്ഞു വയ്ക്കുക. 

∙ മീറ്റ് മിന്‍സ് നന്നായി പാകം ചെയ്തു വെള്ളം വറ്റിച്ചു മാറ്റി വയ്ക്കുക.

∙ ഒരു പാനിൽ വെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റുക. പാകമാകുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന മീറ്റ് മിൻസ്  ചേർത്തിളക്കി വഴറ്റി യോജിപ്പിക്കുക. നന്നായി വഴന്നശേഷം മറ്റൊരു പാത്രത്തിലേക്കു മാറ്റിവയ്ക്കുക.

∙ അതേ പാത്രം തിരികെ അടുപ്പിൽ വച്ചശേഷം പാൽ ഒഴിക്കുക. ഇതിലേക്കു ൈമദ ചേർത്തു കട്ടകെട്ടാതെ ഇളക്കി യോജിപ്പിക്കുക. തുടരെയിളക്കി നന്നായി കുറുകി വരുമ്പോൾ ചീസ് ഗ്രേറ്റ് ചെയ്തതു നന്നായി ഇളക്കി യോജിപ്പിക്കണം.

∙ കുറുകി വരുമ്പോൾ തയാറാക്കിവച്ചിരിക്കുന്ന  മിൻസ് മീറ്റ് മിശ്രിതം ചേർത്തു നന്നായി വരട്ടുക. പാകത്തിനുപ്പും കുരുമുളകുപൊടിയും ചേർത്ത് അടുപ്പിൽ നിന്നു വാങ്ങുക.

∙ ഈ മിശ്രിതം എട്ടു–പത്തു ചെറിയ ഉരുളകളാക്കി വയ്ക്കുക.

∙ ഇനി ഓേരാ റൊട്ടി സ്ലൈസ് വീതം എടുത്തു കൈവെള്ളയിൽ  വച്ച് അൽപ്പം വെള്ളം തളിച്ചശേഷം കൈകളുടെ ഇടയിൽ വച്ച് നന്നായി അമർത്തി വെള്ളം കളയുക.

∙ മിൻസ് മീറ്റ് മിശ്രിതം ഓരോ ഉരുള വീതം ഒരു റൊട്ടി സ്ലൈസിന്റെ പകുതിയിൽ വച്ചു നിരത്തി മറുപകുതി കൊണ്ടു മൂടി അറ്റം ഫോർക്ക് കൊണ്ടോ വിരലുകൾ കൊണ്ടോ അമർത്തി ഒട്ടിക്കുക. ഇരുവശത്തും വെണ്ണ തൂത്ത് 3250C ൽ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ചു ഗോൾഡൻ നിറമാകും വരെ ബേക്ക് ചെയ്യുക. 

പാചകക്കുറിപ്പുകൾക്കു കടപ്പാട്: ബീന മാത്യു

Tags:
  • Pachakam