Thursday 16 May 2019 02:25 PM IST

കിടുക്കൻ ഫൂഡിനൊപ്പം സൂപ്പർ ക്രിയേറ്റിവ് ഫൂഡ് കോർണറുകളും..!

Tency Jacob

Sub Editor

cfooddd8
ഫോട്ടോ: ബേസിൽ പൗലോ

ടേസ്റ്റി ഫൂഡിനൊപ്പം സൂപ്പർ ക്രിയേറ്റിവ് ഫൂഡ് കോർണറുകളും ആണെങ്കിൽ പിന്നെ, അവിടെ നിന്നു ഇറങ്ങാൻ തോന്നുമോ?

അധോലോകത്തിലെ ‘കണകുണ മാർട്ടി’

‘കൊളപ്പുളളി അപ്പനായാലോ?’

‘വേണ്ട ഡാഡി ഗിരിജയാ നല്ലത്’

‘അല്ല, കീരിക്കാടൻ ജോസായാ കൊഴപ്പം വല്ലതൂണ്ടോ?’

സിനിമയ്ക്ക് അവാർഡ് നൽകാൻ മാർക്കിടാനിരിക്കുന്ന കമ്മിറ്റി അംഗങ്ങളാണെന്നു കരുതിയോ? എങ്കിൽ തെറ്റി ഉ ണ്ണീ, ഇതു ചാലക്കുടിയിലെ അധോലോകമാണ്. ഒന്നു കൈഞൊടിച്ചാൽ അഭ്രപാളിയിലെ വില്ലൻമാർ മുന്നിലെത്തുന്ന അധോലോകം െഎസ്ക്രീം പാർലർ. ഇവിടുത്തെ പ്രധാന വില്ലന്മാർ രണ്ടു പേരാണ്, ജിഷ്മോനും സുമോജും. അയൽക്കാരായ ഈ വിരുതന്മാരുടെ പ്ലാനും സ്കെച്ചുമാണ് ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള ഈ കട്ട ലോക്കൽ ഐസ്ക്രീം കട. ഇപ്പോൾ അങ്കമാലിയിലും അധോലോകം എത്തിയിട്ടുണ്ട്.

‘‘ഞങ്ങൾ രണ്ടുപേരും എപ്പോ കാണുമ്പോഴും മറക്കാതെ ആവർത്തിക്കുന്ന ഒരു ചോദ്യമുണ്ടായിരുന്നു. ‘എന്തേലും തുടങ്ങിയാലോ ഗഡീ?’’  ജിഷ്മോൻ ചിരിക്കുന്നു.

 ‘‘ചർച്ചകളൊക്കെ ഒരുപാടു നടന്നു. ഒടുവിലാണ് ഐ സ്ക്രീം പാർലറിലെത്തിയത്. ഏതു കാലാവസ്ഥയിലും നമ്മുടെ നാട്ടിലെ ആൾക്കാർക്കിഷ്ടമാണ്  ഐസ്ക്രീം കഴിക്കാൻ. നല്ലൊരു ആംബിയൻസുണ്ടെങ്കിൽ കുറേ സമയം ഇവിടെ ചെലവഴിക്കാൻ ഇഷ്ടമുണ്ടാകുമല്ലോ. ‘ഈ ചാലക്കുടി അങ്ങാടീല് തന്നെ കാണും പത്തു പതിനഞ്ച് ഐസ്ക്രീം പാർലർ. അതിന്റെടേല് രണ്ടു മാസം കഴിഞ്ഞ് പൂട്ടാനായി വേറൊരൊണ്ണം കൂടി തുറക്കേണ്ട കാര്യമുണ്ടോ? അതും ഈ മഴക്കാലത്ത്...’ ഇതായിരുന്നു പലരുടേയും ചോദ്യം. ശരിക്കു പറഞ്ഞാൽ ശരിയല്ലേ. പക്ഷേ, ഞങ്ങളാ ശരിയെ വക വച്ചില്ല.

cfooddd6

പേരു വന്ന കഥ

വീട്ടുകാരോടും കൂട്ടുകാരോടുമൊക്കെ കടയ്ക്ക് പേരിടാനുള്ള സജഷൻ ചോദിച്ചിരുന്നു. പേരു കേട്ടാൽ കിടുക്കണം എന്നേ പറഞ്ഞുള്ളൂ. ഭാര്യയുടെ അനിയത്തി ദീപ്തിയാണ് ‘അധോലോകം’ എന്ന പേരു നിർദേശിച്ചത്. എങ്കിൽ നമുക്ക് തീം ബേസായിട്ട് ഓരോ വിഭവങ്ങൾക്കും സിനിമയിലെ വില്ലൻമാരുടെ പേരു കൊടുക്കാം  എന്നെല്ലാം തീർച്ചപ്പെടുത്തി. കടയുടെ ഓരോ കാര്യങ്ങൾക്ക് ഓടിനടക്കുന്നതിന്നിടയിൽ പിന്നീടതെല്ലാം മറന്നു. ഉദ്ഘാടനത്തിനു തലേന്നാണ് മെനുകാർഡിന്റെ കാര്യം ഓർക്കുന്നത്. അപ്പോൾ തന്നെ കൂട്ടുകാരോടൊപ്പമിരുന്ന് പേരുകളിട്ടു. സ്ഥിരം സിനിമ കാണുന്നവരായതുകൊണ്ട് വില്ലന്മാർക്കുണ്ടോ വല്ല പഞ്ഞവും?.

ആദ്യമിട്ടത് ഫ്രൂട്ട്സലാഡിന്റെ പേരാണ്. ‘ആറാം തമ്പുരാനി’ലെ പഞ്ച് ഡയലോഗില്ലേ, അതു തന്നെ. ‘ഞാനും അപ്പനും അപ്പന്റെ പെങ്ങൾ ശാരദയും’. ഈ ഫ്രൂട്ട് സാലഡിൽ വനില, സ്ട്രോബെറി, ചോക്‌ലെറ്റ് എന്നിങ്ങനെ മൂന്നു തരം ഐസ്ക്രീമാണ് വിളമ്പുന്നത്. ഡ്രൈ ഫ്രൂട്സ് സാലഡിന് പേരിട്ടത് ‘ആലിബാബയും നാൽപ്പത്തൊന്നു കള്ളന്മാരും’ എന്നാണ്. നട്സ്, ഈന്തപ്പഴം, ബദാം എന്നിങ്ങനെ കുറേ ആൾക്കാരില്ലേ.

 അറയ്ക്കൽ അബു ചോര കണ്ട് അറപ്പു മാറിയവനാണല്ലോ. അതുകൊണ്ട് ബെറി ജ്യൂസിന് ആ പേരു കൊടുത്തു. ഫ്രഷ് മിന്റ് ലൈമിൽ കണകുണ ചേരുവകളെല്ലാമുള്ള കാരണം കണകുണ മാർട്ടിയാക്കി. കീലേരി അച്ചു മെനു കാർഡിൽ കൊടുത്തിട്ടില്ല. മിക്കപ്പോഴും ഞങ്ങളുടെ ടുഡേ സ്പെഷൽ കീലേരി അച്ചുവാണ്. ഐസ്ക്രീം സാൻവിച്ചാണ് വിഭവം. ഞങ്ങൾക്ക് അത്ര ഇഷ്ടമാണ് മാമൂക്കോയയുടെ കീലേരി അച്ചുവിനെ. അ തുപോലെ ഉരുക്കു സതീശനുണ്ട്. പൊരിച്ച ഐസ്ക്രീമാണ് കക്ഷി.

ആരും കേറില്ലെന്നായിരുന്നു വീട്ടുകാരുടേയും കൂട്ടുകാരുടേയും കണക്കുകൂട്ടൽ. പക്ഷേ, ആദ്യ ദിവസം തന്നെ നല്ല തിരക്കായിരുന്നു. യൂത്തന്മാരു മാത്രമല്ല, ഫാമിലിയും കട്ടയ്ക്ക് നിക്കുന്നുണ്ട്. ചിലർ കഴിച്ചു കഴിഞ്ഞു ‘ഇത്ര ആത്മാർഥത വേണ്ടായിരുന്നു’ എന്നു പറയും. വേറൊന്നുമല്ല, ഫ്രൂട്ട് സാലഡി ൽ നിറയെ ഡ്രൈ ഫ്രൂട്സ് കണ്ടിട്ടാണ്. വിഭവങ്ങളിൽ നോ കോംപ്രമൈസ്. ഐസ്ക്രീമും ഫ്രൂട്സും നല്ല ക്വാളിറ്റിയുള്ളതാണ് ഉപയോഗിക്കുന്നത്. അധികം വിലയുമില്ല.

സിനിമയായിരുന്നു സുമോജേട്ടനെയും എന്നെയും ചങ്കാക്കിയത്. പിന്നെ, പള്ളിയിലെ സംഘടനയും. ഇറങ്ങുന്ന എല്ലാ സിനിമയും കാണും. പോരാത്തതിന് ചുറ്റുപാടും ഷൂട്ട് ചെയ്യുന്ന സിനിമയുടെ ഓഡിഷന് പോകുകയും ചെയ്യും. ‘അങ്കമാലി ഡയറീസി’ന്റെ ഓഡിഷന് പോയിട്ടുണ്ടായിരുന്നു. െപപ്പെയാവേണ്ടതായിരുന്നു. വര വരച്ചപ്പോൾ ചെറുതായൊന്ന് മാറിപ്പോയി. അതിന്റെ ദേഷ്യം  ലൈം ജ്യൂസിന് ‘അപ്പാനി രവി’എന്നു പേരിട്ടു തീർത്തു, ’’

ബിലാൽ പഴയ ബിലാല്‍ തന്നെ

മാമ്പഴ സീസണായതോടെ ബിലാൽ ജോൺ കുരിശിങ്കലിന് ഫാൻസ് കൂടി. ഇവിടുത്തെ സ്പെഷൽ റോൾ ഐ സ്ക്രീം വൈറൈറ്റിയാണ് ഇപ്പ പറഞ്ഞ ഐറ്റം. മാമ്പഴത്തി നൊപ്പം ഇഷ്ടമുള്ള ഐസ്ക്രീം ഫ്ലേവറും രുചിക്കൂട്ടുകളും ചേർത്തൊരു കളമാണ് സംഗതി. അടിയും ഇടിയും ചുഴറ്റലുമൊക്കെ കഴിഞ്ഞ് റോളായി എടുത്ത് ഐറ്റം വിള മ്പും.  ഇഷ്ടമുള്ള ചേരുവകൾ ചേർത്ത് ഓൺ ദ് സ്പോട്ട് ഉണ്ടാക്കി കയ്യിൽ തരുന്ന ഐസ്ക്രീമാണിത്. പച്ചമുളകു കൊണ്ടു വേണേലും റോൾ ഐസ്ക്രീം ഉണ്ടാക്കാൻ ഇവർ റെഡിയാ...

ഡിസ്കൗണ്ട് ചോദിച്ചോളൂ

cfooddd9

തിരുവനന്തപുരത്തെ ആക്കുളം പ്രദേശം. സമയം രാത്രി പത്തുമണി. കേരളാ ഹോട്ടൽ എന്ന റസ്റ്ററന്റിലേക്ക് ഒരാൾ കയറിവന്നു ചോദിക്കുന്നു:

ചേട്ടാ എ കെ 47 ഉണ്ടോ?

എത്രയെണ്ണം വേണം?

രണ്ട്, അല്ലെങ്കിൽ നാലെണ്ണം എടുത്തോ.

കടലാസിൽ പൊതിഞ്ഞ് കൊണ്ടുവരുന്ന എകെ 47 കണ്ട് കണ്ണു മിഴിക്കേണ്ട. ഈ എ കെ 47 കേരള ഹോട്ടലിലെ നല്ല കോഴിക്കാല് പൊരിച്ചെടുത്തതിന്റെ പേരാണ്.

‘‘കസ്റ്റമേഴ്സാണ് ഇവിടെ രാജാക്കന്മാർ. അവരാണ് വിഭവങ്ങൾക്ക് പേരിടുന്നത്. മുഴുവൻ കോഴി പൊരിച്ചതിന്റെ പേര് സിക്സ് പാക്ക്, നല്ല മസാലയുള്ളത് കട്ടപ്പ, മസാല കുറഞ്ഞത് ബാഹുബലി, പിന്നെ ബാറ്റ് മാനുണ്ട്, കിടുക്കാച്ചിയുണ്ട്, നാടൻ കോഴിപെരട്ടുണ്ട്, പോത്ത് ഫ്രൈയുണ്ട്...’’ ഹോട്ടലുടമ മനോജ് പറയുന്നു.

‘‘ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് തുടങ്ങി രാത്രി പത്തര വരെയാണ് ഞങ്ങളുടെ ഹോട്ടലിന്റെ സമയം. ഉച്ചക്ക് ചോറിന്റെ കൂടെ 14 തരം കറികളുണ്ട്. കറികളൊക്കെ 70 രൂപക്ക് അൺലിമിറ്റഡാണ്. പക്ഷേ, കഴിക്കണം കേട്ടോ, കളയാൻ പാടില്ല. കപ്പയൊക്കെ ഇഷ്ടംപോലെ കഴിക്കാം. പിന്നെ, കലം ബിരിയാണി, കി ഴി ബിരിയാണി, മുള ബിരിയാണി. ഞണ്ട്, കരിമീൻ, കൊഞ്ച്, കക്ക എന്നിങ്ങനെയുള്ള എല്ലാ സീഫുഡ് െഎറ്റംസും ഇവിടെ കിട്ടും. ഒരു പ്ലേറ്റിന് 50 രൂപ മാത്രം.

ഡിസ്കൗണ്ട് ചോദിച്ചു വാങ്ങാം

cfooddd12

കെ എച്ച് എന്നൊരു ഫെയ്സ്ബുക്ക് ഗ്രൂപ്പുണ്ട്. അതിൽ അ ഞ്ചുലക്ഷത്തി മുപ്പതിനായിരം ഫോളോവേഴ്സുണ്ട്. അവരാണ് ഈ ഹോട്ടൽ വിജയിപ്പിക്കുന്നതിനു പിന്നിൽ. ആളുകൾക്ക് ഇഷ്ടപ്പെട്ട കുറേ സ്കീമുകളുണ്ട്. പാവങ്ങൾക്ക്, പട്ടാളക്കാർക്ക്, പ്രവാസികൾക്ക്, ഗർഭിണികൾക്ക്, സീനിയർ സിറ്റിസൺസിന്... ഇവർക്കെല്ലാം ഭക്ഷണം ഫ്രീയായി കഴിക്കാം.ഹോട്ടലിൽ വന്നാൽ പാട്ടു പാടുകയോ മിമിക്രിയവതരിപ്പിക്കുകയോ ചെയ്യാം, ഇഷ്ടമുള്ള ഭക്ഷണവും ഫ്രീയായി കഴിക്കാം.

സീരിയൽ സമയമായ രാത്രി ഏഴു മുതൽ ഒൻപതു വരെ സ്ത്രീകൾക്ക് പത്തു ശതമാനം ഡിസ്കൗണ്ട് ഉണ്ട്. വൈകിട്ട് അഞ്ചു മുതൽ ഏഴു വരെ സീനിയർ സിറ്റിസൺസിന് ഒരു ഹെൽതി സാലഡ് ഫ്രീയാണ്. അതു കഴിക്കാൻ വേണ്ടി മാത്രം പത്തു മുപ്പതു പേർ സ്ഥിരം വരും.

പുഞ്ചിരി മത്സരം, തീറ്റ മത്സരം ഒക്കെ ഗ്രൂപ്പിൽ സംഘടിപ്പിക്കും. ‘വിശപ്പിനോട് വിട’ എന്നൊരു പദ്ധതിയും കെ എച്ച് ഫെയ്സ്ബുക്ക് കൂട്ടായ്മ ചെയ്യുന്നുണ്ട്. ജില്ലയിലെ സർക്കാർ ഹോസ്പിറ്റലുകളിലും അഗതി മന്ദിരങ്ങളിലും പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കുന്ന പദ്ധതിയാണിത്. ഓരോ ജില്ലയിലും ഇത് നടപ്പാക്കുന്നത് ഗ്രൂപ്പിലെ ആളുകൾ വഴിയാണ്.

വെറുമൊരു ഗ്രൂപ്പല്ല കെ എച്ച്. ഭക്ഷണം ഇഷ്ടപ്പെടുന്നവർ തമ്മിലുള്ള സൗഹൃദത്തിന്റെ അന്തർധാര ഇവിടെ സജീവമാണ്. തേങ്ങ വേണമെങ്കിൽ തേങ്ങ, മരച്ചീനി വേണമെങ്കിൽ മരച്ചീനി, ജോലി വേണമെങ്കിൽ ജോലി, വിവാഹപരസ്യം വേണമെങ്കിൽ അത് എല്ലാം ഈ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാം. ഉടനടി പരിഹാരം ഉറപ്പ്.

പണ്ടൊക്കെ ഞങ്ങളുടെ ചെറുപ്പത്തിൽ പൈസയില്ലാത്തതുകൊണ്ട് ഹോട്ടലിലെത്തിയാൽ പൊറോട്ടയും ചാറുമാണ് കഴിക്കുക. തൊട്ടടുത്തിരിക്കുന്നവൻ ബീഫ് ഫ്രൈ വെട്ടിവിഴുങ്ങുന്നത് ഒളികണ്ണിട്ട് നോക്കികൊണ്ടിരിക്കും. ഞങ്ങളുടെ  ഹോട്ടലിൽ ആരും അങ്ങനെയിരിക്കേണ്ട. കാശില്ലാത്തവർക്ക് ഇഷ്ടമുള്ളതു ഫ്രീയായി കഴിക്കാം. അല്ലെങ്കിൽ കയ്യിലുള്ള കാശു തന്നാൽ മതി. ലാഭമാണോന്ന് ചോദിച്ചാൽ, എല്ലാം ഡയറക്ട് പർച്ചേസായതുകൊണ്ട് നഷ്ടമില്ല. പുലർച്ചെ രണ്ടരയ്ക്ക് കൊല്ലത്തു പോയി വളളക്കാരിൽ നിന്ന് നേരിട്ടാണ് മീനെല്ലാം വാങ്ങുന്നത്. അമ്മയും അച്ഛനും കൂടി മസാലപ്പൊടികൾ തയാറാക്കി തരും. ഞങ്ങൾ നല്ല ഹാപ്പിയാണ്. പണത്തേക്കാൾ വലുതല്ലേ ആ സന്തോഷം?’’

സിക്സ് പാക്ക് മസ്റ്റാ...

ചിക്കൻ നല്ല സിക്സ് പാക്കും പെരുപ്പിച്ച് ചൂടോടെ പ്ലേറ്റിലേറി ഒരു വരവുണ്ട്. ആ മസാല മണം മൂക്കിലടിക്കുമ്പോൾ ഏതു ജിമ്മന്മാരുടെയും മസിലൊന്ന് അയയും, നാവിൽ കപ്പലോടും. നാടൻ മസാലകളാണ് രുചിക്കൂട്ട്. ഇഞ്ചിയും വെളുത്തുള്ളിയും പിരിയൻ മുളകുകുപൊടിയും പിന്നെ കുറച്ചേറെ പെരുംജീരകവുമൊക്കെ കോഴിയിൽ നന്നായി പുരട്ടി പിടിപ്പിക്കണം. പിന്നെ, കോഴി മുഴുവനോടെ എണ്ണയിൽ മുക്കി പൊരിക്കും. മസാല പുരട്ടലിനും മുക്കി പൊരിക്കലിനുമിടയിൽ ചെറിയൊരു സൂത്രപണിയുമുണ്ടേ. അതൊരു സീക്രട്ടാണ്.

ചക്രം ചവിട്ടി കാപ്പി കുടിക്കാം

cfooddd11

കായലരികത്ത് വലയെറിഞ്ഞിപ്പോ

വളകിലുക്കിയ സുന്ദരീ...

പെണ്ണുകെട്ടിന് കുറിയെടുക്കുമ്പോൾ

 ഒരു നറുക്കിന് ചേർക്കണേ...

ഈ പാട്ടും കേട്ട് തയ്യൽ മെഷീൻ ചവിട്ടി നല്ല ചൂടൻ കാപ്പി കുടിച്ചാൽ എങ്ങനെയുണ്ടാകും? ഈ െഎഡിയ അങ്ങു വർക് ഒൗട്ട് ആയപ്പോൾ ‘ലാൽന്റെ കോഫി’ എന്നൊരു കോഫീ ഷോപ്പ് പിറന്നു. അങ്ങ് തൃശൂരിൽ.

പക്ഷേ, വലതുകാൽ വച്ച് കോഫീ ഷോപ്പിലേക്ക് കയറുന്നവർ ഒന്നു ശങ്കിച്ച് നിന്നിട്ട്‘അയ്യോ, ഇ ത് തയ്യൽക്കടയായിരുന്നോ, ഞാൻ വിചാരിച്ചു കാപ്പിക്കടയാണെ’ന്ന് ക്ഷമാപണം പറഞ്ഞ് ഇറങ്ങിപ്പൊയ്ക്കളയുകയാണ്. ‘അല്ല ചേട്ടാ, ഇത് കാപ്പിക്കട തന്നെയാ’ എന്നു പറഞ്ഞ് ഇവരെ തിരികെ കൂട്ടിക്കൊണ്ടു വരാനാണ് കാപ്പിയുണ്ടാക്കുന്നതിനെക്കാൾ കൂടുതൽ സമയം പോകുന്നത് എന്ന് കടയുടമ ലാൽ.

‘‘കടയിലിരിക്കുന്നവര് തയ്യൽ മെഷീൻ ചവിട്ടുന്ന കണ്ട്  പിന്നെയും ശങ്കിച്ചു നിൽക്കുന്നവരെ കാപ്പിക്കുരു അടുക്കി വച്ചിരിക്കണതും പാല് തിളക്കണതും കപ്പും സോസറുമൊക്കെകാണിച്ചു കൊടുത്ത് സമാധാനിപ്പിച്ച് ബഞ്ചേൽ കൊണ്ടിരുത്തും. ‘ഇതെന്താ വേറെ മേശ കിട്ടാത്തതുകൊണ്ടാണോ ഇവിടെ തയ്യൽ മെഷീൻ കൊണ്ടിട്ടിരിക്കണേ?’ വക്രദൃഷ്ടി പിന്നെയും തലപൊക്കും.

‘‘ഇതേയ് നല്ല ക്രിയേറ്റീവ് ഐഡിയയാ. ചക്രോം ചവിട്ടാം, കാപ്പിയും കുടിക്കാം. എങ്ങനേണ്ട്?’’

‘നോക്കട്ടെ’ എന്ന മട്ടിൽ തയ്യൽ മേശയുടെ പടിയിൽ കാലു വച്ചതും ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന വാസന ഉണർന്നോളും. ഇതൊക്കെ എനിക്ക് പുല്ലാണേ എന്ന ഭാവത്തിൽ പിന്നെ, ക സ്റ്റമർ ചവിട്ടോടു ചവിട്ട്.  

‘‘ഇത്രയേ ഞങ്ങളും ഉദ്ദേശിച്ചുള്ളൂ. നല്ല കാപ്പി കുടിപ്പിക്കാ ൻ പഠിപ്പിക്കുക. ഒപ്പം കുറച്ച് വ്യായാമവും.’’ കോഫി ഷോപ്പിന്റെ പാർട്നർമാരിലൊരാളായ റോഷൻ പറയുന്നു. ‘‘മാനസ്സിക സമ്മർദത്തിന് ബെസ്റ്റാണ് തയ്യൽ മെഷീൻ ചവിട്ടുന്നത്. സിനിമയിലൊക്കെ കണ്ടിട്ടില്ലേ, നായകനോടുള്ള ദേഷ്യം തയ്യൽ മെഷീനിൽ ചവിട്ടിത്തീർക്കുന്ന നായികമാരെ. ചില റസ്റ്ററന്റുകളിൽ മുകളിലെ മെഷീൻ എടുത്തു മാറ്റിയിട്ടുള്ള തയ്യൽ മേശയിട്ടിട്ടുണ്ടെങ്കിലും ചവിട്ടാനുള്ള പടി ബ്ലോക്കാക്കി വച്ചിരിക്കും. ഞങ്ങളങ്ങനെ ചെയ്തില്ല. കുടിക്കാൻ വരുന്നവർ കാപ്പി വരുന്നതു വരെ രസിച്ചിരുന്ന് ചവിട്ടും. അതുകൊണ്ട് കാപ്പി അൽപം വൈകിയാലും ആർക്കും പരാതിയില്ല.’’

 ലാൽ, ശ്രീജിത്ത്, സുബിൻ, റോഷൻ എന്നീ നാലു കൂട്ടുകാർ കൂടിയാണ് ഈ കോഫീഷോപ്പ് തുടങ്ങിയത്. പതിവു കാര് കുറച്ചു പേരുണ്ട്. കാലത്ത് കട തുറക്കുമ്പോഴേ ഹാജരാകും. ഏതൊരു ചായക്കടയിലെയും  പോലെ രാഷ്ട്രീയം, സിനിമ എല്ലാമായി ചർച്ചകൾ ഇവിടെയും ചൂടു പിടിക്കും.

നാലു കാപ്പിപ്രിയർ

cfooddd7

‘‘ഞങ്ങൾ നാലുപേരും യാത്ര ഇഷ്ടപ്പെടുന്നവരും കാപ്പി പ്രിയരുമാണ്. ഒരുമിച്ച് ട്രിപ് പോയാൽ അവിടുത്തെ കാപ്പി രുചിച്ചിരിക്കും. പക്ഷേ, ഏതു റസ്റ്ററന്റിലാണെങ്കിലും ആവശ്യപ്പെട്ട കാപ്പി മോശമാണെങ്കിൽ അതു കുടിക്കില്ല. ആരോടും വഴക്കോ അടിയോ ഒന്നും ഉണ്ടാക്കില്ല കേട്ടോ. ഒരു സിപ്പെടുത്തു ബാക്കി കുടിക്കാതെ അവിടെ വച്ച് പോരും.  

ലാൽ കുറെ വർഷമായി കാപ്പിയിൽ റിസർച് ചെയ്യുന്ന ആളാണ്. വിറകടുപ്പിൽ കാപ്പിയുണ്ടാക്കിയാലേ രുചിയുള്ളൂ എന്നു വിശ്വസിക്കുന്ന ആൾ. എന്തെങ്കിലും ചെയ്യണമെന്ന് ആലോചിച്ചപ്പോൾ അതുകൊണ്ടുതന്നെ എല്ലാവരുടേയും മനസ്സിലേക്ക് കാപ്പിക്കടയാണു വന്നത്. ലാൽ ഒരു ഉശിരൻ കാപ്പിയുടെ ബ്ലെൻഡ് കണ്ടുപിടിച്ചിട്ടുണ്ട്. തുടക്കത്തിൽ അതു മാത്രമായിരുന്നു. പിന്നെ, പ്യൂർ കോഫിയും  കപ്പൂച്ചിനോയെല്ലാമായി ആറു തരം കോഫിയായി.

ഞങ്ങളുടെ കൂടെയുള്ള ശ്രീജിത്ത് ഇന്റീരിയർ ഡിസൈനറാണ്. അദ്ദേഹത്തിന്റെ ഐഡിയയാണ് തയ്യൽ മെഷീൻ. അതു കേറി ഹിറ്റായി. ഇനി ഇതിൽ ഡൈനാമോ പിടിപ്പിക്കാമെന്നൊരു ആശയമുണ്ട്. മൊബൈൽ ചാർജ് ചെയ്യാമെന്നാകുമ്പോൾ ചവിട്ടാൻ ഉത്സാഹം കൂടും.

ത്രസിപ്പിക്കുന്നത് കാപ്പിയുടെ മണമാണ് എന്ന് ഇവിടെ വ രുന്ന എല്ലാവരും പറയും. ആ സുഗന്ധം ഒരിക്കലും മടുക്കില്ലല്ലോ. ഇവിടത്തെ ലാൽ കോഫിയും പ്യുർ കോഫിയും നിങ്ങൾക്ക് വേറെയെവിടെയും രുചിക്കാനാകില്ല.

 ഞങ്ങൾ കൊടുക്കുന്ന പലഹാരങ്ങൾ ഒരു സുഹൃത്ത് വീട്ടിലുണ്ടാക്കി തരുന്നതാണ്. ഒരു ദിവസം മിനിമം നൂറിൽ കൂടുതൽ കാപ്പി പോകും. അങ്ങനെ കാര്യമായ പ്രമോഷനൊന്നുമില്ല. ചെറിയ ഒരിടമല്ലേ, അറിഞ്ഞ് വരുന്നവർ വന്നാൽ മതി. കാപ്പി പ്രിയരെ നല്ല കാപ്പി കുടിപ്പിക്കുക എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം. ഇവിടത്തെ കാപ്പി കുടിച്ച് പലരും വീട്ടിൽ നിന്നു പോലും ഇപ്പോൾ കാപ്പി കുടിക്കാറില്ല.

ഇതൊക്കെ കേൾക്കുമ്പോൾ നല്ല സുഖകരമായ പരിപാടിയാണ് എന്നങ്ങു കരുതല്ലേ, അത്ര എളുപ്പമല്ല വ്യത്യസ്തമായ നല്ല കാപ്പിയുണ്ടാക്കാൻ. ഇതൊന്നും ചെയ്യുന്നത് ലാഭത്തിന് വേണ്ടിയല്ല. എന്നാൽ നഷ്ടം തരുന്നുമില്ല. ഇതൊക്കെ ചെയ്യുമ്പോൾ നല്ല റിലാക്സേഷൻ ഉണ്ട്. കുടിക്കുന്നവർക്കും കൊടുക്കുന്ന ഞങ്ങൾക്കും. ആസ്വദിച്ച് ഉണ്ടാക്കിയാൽ കാപ്പിക്ക് ന ന്നാകാതെ വേറെ വഴിയില്ലല്ലോ. ’’

പാലില്ലാത്ത വൈറ്റ് കോഫി

ഫാമിൽ നിന്നു നേരിട്ടു സ്വീകരിക്കുന്ന പാൽ, ശുദ്ധമായ വെള്ളം, ചിക്കമഗളൂരുവിലെ തണുപ്പേറ്റ കാപ്പി പിന്നെ, ഉഗ്രന്‍ കോഫീ ബ്ലെൻഡിങ്ങും. ഇതാണ് ലാൽന്റെ കാപ്പിക്കടയിലെ റെസിപ്പി. ബാക്കി ചേരുവകളും വ്യത്യസ്തതകളും ഈ കൂട്ടിലേക്കു ചങ്ങാത്തം കൂടാനെത്തുന്നവരാണ്. വേനൽ ചൂട് കനത്തത്തോടെ പുതിയ ഫ്രണ്ട് റിക്വസ്റ്റ് എത്തി, ഐസ്ക്രീം വക. ഐസ്ക്രീം വൈറ്റ് കോഫി രുചിക്കാനെത്തുന്ന ഗഡീസാണ് ഇപ്പോ കടയിലെ മിക്ക കസ്റ്റമേഴ്സും. ഈ കാപ്പിയിൽ പാലില്ല, ബ്ലാക് കോഫിക്കൊപ്പം ഐസ്ക്രീമാണ് ചേര്‍ക്കുക. തണുപ്പും സ്വാദും നാവിലലിയുമ്പോൾ സ്നാക്സ് രുചിക്കാൻ തോന്നിയാൽ കണ്ണും പൂട്ടി സാൻവിച്ച് തിരഞ്ഞെടുക്കാം. ചീസ് സാൻവിച്ചാണ് സ്പെഷൽ. അധികം ചേരുവകളൊന്നുമില്ലെങ്കിലും ആ ചീസീ ടേസ്റ്റ് ഉണ്ടല്ലോ, എന്റിഷ്ടാ... മറ്റൊന്നും പറയാനില്ല.

‘ഒൺലി ബ്രദേഴ്സ് ആൻഡ് സിസ്േറ്റഴ്സ്’

cfooddd1

കഥയും കടലും ഉറങ്ങിക്കിടക്കുന്ന ഫോർട്ട് കൊച്ചി യിലെ വെയിൽ താണു തുടങ്ങിയ നേരം. ബീച്ചിൽ പലതരം ആളുകൾ ചിതറി നടപ്പുണ്ട്. പ്രണയമിഥുനങ്ങൾ വെയിലോ ചൂടോ ഒന്നുമറിയാതെ പ്രണയത്തിൽ മുഴുകിയിരിക്കുന്നതിന്റെ നടുവിലേക്കാണ് അയാൾ ചാടിവീണത്. ധോത്തി കളസവും ടീ ഷർട്ടും മൂക്കുത്തിയും  മേലാകെ പച്ചകുത്തലുമൊക്കെയായി ഒരു തൊപ്പിക്കാരൻ. മുഖം കണ്ടാലേയറിയാം ഒരു തനി വില്ലൻ.

പ്രണയക്കിളികളിൽ ആണിന്റെ നേരെ കൈനീട്ടിക്കൊണ്ട് അയാൾ മുരണ്ടു. ‘‘ഐ ആം കാപ്റ്റൻ കൗശിക് നായർ, ഫ്രം മുംബൈ പൊലീസ്. ‘മുംബൈ പൊലീസാ, ഇയാളെന്താണീ പറയണത്? വട്ടനാണോ?’ എന്ന ഭാവം കണ്ണിലെഴുതി വച്ച് ചെറുക്കനും പെണ്ണും അയാളെ അടിമുടി നോക്കി. അയാളാകട്ടെ അടുത്ത സ്െറ്റപ്പിട്ടു. ‘ജെന്റിൽമാൻ വി ഗോട്ട് ആൻ ഇൻഫർമേഷൻ. വി വാണ്ട് ടു സെർച്ച്... ജബ ജബ ജബ.’ എന്തൊക്കെയോ ഗീർവാണമടിച്ച് കൗശിക് നായർ തൊട്ടടുത്ത ‘കഫേ മോജോ’ റസ്റ്ററന്റിലേക്ക് അവരെ ചോദ്യം ചെയ്യാൻ കൂട്ടിക്കൊണ്ടു പോയി. കടയുടെ പടിയിൽ ചവിട്ടിയതും റസ്റ്ററന്റി ൽ നിന്നുയർന്ന ‘ആലുമാ ഡോലുമാ’ പാട്ടിന്റെ കനം കേട്ട് കൗശിക് നായർ അറിയാതെ തുള്ളിപോയി. കാരണം അയാൾക്ക് പാട്ടുകേട്ടാൽ തുള്ളുന്ന മ്യൂസിക് മാനിയ എന്ന അസുഖമുണ്ടല്ലോ. എന്റെ പൊന്നോ, ഡാൻസോടു ഡാൻസ്... കടയിലുള്ളവരും അതുകണ്ട് സ്െറ്റപ് ചവിട്ടാൻ തുടങ്ങി. അപ്പോഴും മിഴിച്ചു നിൽക്കുന്ന പെൺകുട്ടിയെ നോക്കി കൗശിക് നായർ ‘സോറീട്ടോ പെങ്ങളേ, ഞാൻ നെവിൻ അഗസ്റ്റിൻ. ഈ കടയിലെ മാനേജരാണ്. ഇവിടത്തെ ബിരിയാണി സൂപ്പറാ, കഴിച്ചിട്ടു പോവാട്ടോ. ജ്യൂസ് വേണങ്കിൽ അതുംണ്ട്’ എന്നെല്ലാം പറഞ്ഞ് പാവത്താനായി.

എല്ലാവർക്കും രസിക്കില്ലെങ്കിലും

കഫേ മോജോയുടെ നടത്തിപ്പുകാരനാണെങ്കിലും ഡേവിഡ്, മട്ടാഞ്ചേരി മാർട്ടി തുടങ്ങി പല പേരുകളിലാണ് നെവിൻ സ്വയം വിശേഷിപ്പിക്കുന്നത്. ബീച്ചിൽ വന്നെത്തുന്നവരെ പലതരം വേഷംകെട്ടലുകളിലൂടെ അമ്പരപ്പിച്ച് റസ്റ്ററന്റിലേക്കു കൂട്ടിക്കൊണ്ടു വന്ന് കസ്റ്റമറാക്കുകയാണ് ഇദ്ദേഹം. ‘‘ചിലർക്ക് ഇഷ്ടപ്പെടില്ല എന്റെ ജോക്സ് ഒന്നും. മുഖം കാണുമ്പോൾ പന്തിയല്ലാന്നു തോന്നിയാൽ നാടകത്തിന് അവിടെ കർട്ടനിടും. ബീച്ചിൽ ചുറ്റിനടക്കണ വിദേശികളുടെ അടുത്തു വെറുങ്ങനെ പോലും പോകില്ല. കാരണം, ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് അവർ തല്ലാൻ കൈപൊക്കും. എങ്കിലും, കൂടുതലാളുകളും ഇതാസ്വദിക്കുന്നവരും  വീണ്ടും എന്നെ അന്വേഷിച്ചു വരുന്നവരുമാണ്. ഇതൊക്കെ ജീവിതത്തിലെ രസങ്ങളല്ലേ.

ചിലപ്പോൾ ഡാൻസു കളിച്ച് ചുമ്മാ ഇതിലൂടെയിങ്ങനെ നടക്കും. അപ്പോ കുറേപ്പേർ ഒപ്പം കൂടും. പതുക്കെ ഞാൻ കടയിൽ കയറും. ഒപ്പം അവരും കയറും. ഒരിക്കൽ ബീച്ചിൽ ചുറ്റിത്തിരിഞ്ഞു നടന്ന ഒരു പയ്യനെ തോളിൽ കയ്യിട്ട് പിടിച്ചുകൊണ്ടുവന്നു. രണ്ടു മൂന്നു ദിവസമായി ഭക്ഷണം കഴിക്കാനില്ലാതെ അവൻ ആത്മഹത്യ ചെയ്യാൻ വന്നതായിരുന്നു. അങ്ങനെയൊരാളെ രക്ഷപ്പെടുത്താൻ പറ്റിയതൊക്കെ ഈ പോഴത്തരങ്ങൾകൊണ്ടാണ്. നുമ്മടെ കൊച്ചിയിൽ എല്ലാവരും ‘സഹോ’യാ ണ് സഹോ...

 മുക്കുവനായ അപ്പനാണ് എന്റെ ഹീറോ. പഠിക്കണ കാലത്ത് മിടുക്കനായ മണ്ടനായതുകൊണ്ട് പത്താംക്ലാസ് കഴിഞ്ഞപ്പോൾ എന്റെ സ്വപ്നംന്ന് പറയണത് ചാളയും മത്തിയും സൈക്കിളിൽ കൊണ്ടു നടന്ന് വിൽക്കണതായിരുന്നു. പക്ഷേ, എന്റെ അങ്കിളിന് ആ ഡ്രീം അത്ര ഇഷ്ടപ്പെട്ടില്ല. എന്നെ ഒരു അറബിഷിപ്പിൽ ജോലിക്കു കയറ്റിവിട്ടു.

നല്ല ശമ്പളമൊക്കെയുണ്ടായിരുന്നു. എട്ടു വർഷം അവിടെ ജോലി ചെയ്തു. പക്ഷേ, ഒരു ദിവസം ഞങ്ങളുടെ ഷിപ്പ് വേറൊരു കപ്പലിൽ ഇടിച്ച്, ഞാൻ സൂപ്പർമാനേപ്പോലെ പറന്ന് വീണ്, എന്റെ തലയോട്ടിയിലൊക്കെ പോറലു വീണു. നടക്കുമ്പോൾ കുടിയൻമാരുടെപോലെ ചെരിഞ്ഞു ചെരിഞ്ഞ് പോകും. നാട്ടിൽ വന്ന് കുറേ ചികിത്സിച്ചിട്ടാ മാറിയത്.

നല്ല ശമ്പളമുള്ള ജോലി പോയപ്പോൾ സങ്കടമുണ്ടായിരുന്നു. അങ്ങനെ നിൽക്കുമ്പോളാണ് നമ്മ്ടെ ചങ്ക് കൂട്ടുകാരൻ ജിനാഷ് അവന്റെ ഈ ഹോട്ടൽ നോക്കിക്കോളാൻ പറയുന്നത്. അങ്ങനെ ഇവിടെ ആൾക്കാരെ പിടിക്കലും പാട്ടും നാടകവുമൊക്കെയായി പൊളിയായി നടക്കുന്നു.

  ഒരു കാലത്ത് കല്യാണൊക്കെ കഴിച്ച് ജീവിക്കണമെന്നൊക്കെയുണ്ടായിരുന്നു. ഇപ്പോൾ ‘ ഐ ഹാവ് ഒൺലി വൺ ഡ്രീം. ഫിലിം.’ സിനിമയാണ് എന്റെ ലക്ഷ്യം. അഭിനയിക്കാൻ അവസരത്തിന് വേണ്ടി ഓഡിഷന് പോയിരിക്കണേന് കയ്യും കണ ക്കുമില്ല. മഴവിൽ മനോരമയിലെ ‘നായിക നായകൻ’ പരിപാടിയിൽ വന്നതിനു ശേഷമാണ് ലാൽജോസ് സാറിന്റെ ‘തട്ടിൻ പുറത്ത് അച്യുതനി’ൽ അവസരം കിട്ടിയത്. ഒരു വിനായകൻ ചിത്രവും നുമ്മേ തേടി വന്നിട്ടുണ്ട്.’’

ജസ്റ്റ് എൻജോയ്

ഫോര്‍ട്ട് കൊച്ചി, ബീച്ചിന്റെ സൈഡ്... അപ്പ പിന്നെ ഇവിടുത്തെ മച്ചാൻ സീ ഫൂ‍ഡ് അല്ലാതെ മറ്റെന്താകാനാണ്? വറുത്തും പൊരിച്ചും റോസ്റ്റായും കറിയായും മേശ നിറയുന്ന കടൽ വിഭവങ്ങൾക്ക് പൊറോട്ടയും  ചോറുമാണ് കോം ബിനേഷൻ.  കൊഞ്ച്, കൂന്തൽ, ഞണ്ട് എന്നു വേണ്ട ഏതു കടൽ വിഭവവും  ഫ്രെഷായി ടേസ്റ്റ് ചെയ്യാം. രുചിക്കൂട്ടൊക്കെ പരിചിതം തന്നെ. പക്ഷേ, ടേസ്റ്റിന്റ കാര്യത്തിൽ ഒരു പടി മുന്നിലാണെന്നു മാത്രം. കഫേ മോജോയിലെ മീൻ റോസ്റ്റിന്റെ പ്രത്യേകത ചുവന്നുള്ളിയാണ്. സവാളയ്ക്ക് നോ എൻട്രി. മസാല പുരട്ടി വറുത്തെടുക്കുന്ന മീൻ ചെറുചൂടോടെ കഴിക്കണം. വറുത്തുകോരുമ്പോൾ തവിയിൽ തങ്ങുന്ന മസാലപ്പൊടി മിസ് ചെയ്യല്ലേ. ഒരു ഉരുള ചോറും കൂട്ടി കഴിച്ച് അടിച്ചുപൊളിച്ചൊരു ഡാൻസും ചെയ്ത് ജസ്റ്റ് എൻജോയ് സഹോ... 

foodyyy