Wednesday 17 February 2021 02:16 PM IST : By സ്വന്തം ലേഖകൻ

നത്തോലി മുളകൂഷ്യം മുതൽ നത്തോലി അച്ചാർ വരെ; ചെറിയ മീനുകൾ കൊണ്ട് എട്ടു വിഭവങ്ങൾ

shutterstock_1494935042

ചെറിയ മീനുകൾ കൊണ്ടു തയാറാക്കിയ എട്ടു വിഭവങ്ങൾ 

പൊടിമീൻ–ചക്കക്കുരു പീര

അരക്കപ്പ് പൊടിമീൻ കഴുകി വൃത്തിയാക്കി ചട്ടിയിൽ ഇടുക. തേങ്ങ ചുരണ്ടിയത് കാൽ കപ്പ്, എട്ടു ചുവന്നുള്ളി, ഏഴു പച്ചമുളക്, ഒരു ചെറിയ കഷണം ഇഞ്ചി, മൂന്ന് അല്ലി വെളുത്തുള്ളി എന്നിവ യോജിപ്പിച്ചു ചതയ്ക്കുക. ഇതും പാകത്തിന് ഉപ്പും കുടംപുളിയും മീനിൽ ചേർത്തു ചെറുതീയിൽ വേവിക്കുക. പകുതി വേവാകുമ്പോൾ ചക്കക്കുരു നീളത്തിൽ അരിഞ്ഞു വേവിച്ചത് കാൽ കപ്പും പാകത്തിനു വെളിച്ചെണ്ണയും ഒരു തണ്ടു കറിവേപ്പിലയും ചേർത്ത് അഞ്ചു മിനിറ്റു കൂടി വേവിക്കണം. ചൂടോടെ വിളമ്പാം.

മീര ബാലു, വേളൂർ വെസ്റ്റ്, കോട്ടയം.

പൊടിമീൻ മസാല ഫ്രൈ

കാൽ കിലോ പൊടിമീൻ കഴുകി വൃത്തിയാക്കി രണ്ടു ചെറിയ സ്പൂൺ കശ്മീരി മുളകുപൊടി, കാൽ ചെറിയ സ്പൂൺ മ ഞ്ഞൾപ്പൊടി, പാകത്തിനുപ്പ് ഇവ ചേർത്തു നന്നായി യോജിപ്പിക്കുക. ആറ് അ ല്ലി ചുവന്നുള്ളി, ഒരു ചെറിയ കുടം വെളു ത്തുള്ളി, ഒരു വലിയ സ്പൂൺ കുരുമുളക്, അര ചെറിയ സ്പൂൺ പെരുംജീരകം, രണ്ടു തണ്ടു കറിവേപ്പില എന്നിവ അര ചെറിയ സ്പൂൺ വിനാഗിരി ചേർത്തു നന്നായി അരച്ചെടുക്കണം. ഇതും ഒരു വലിയ സ്പൂൺ അരിപ്പൊടിയും മീനിൽ പുരട്ടി അരമണിക്കൂർ അടച്ചു ഫ്രിജിൽ വയ്ക്കുക. പാനിൽ വെളിച്ചെണ്ണ ചൂടാക്കി മീനും രണ്ടു തണ്ടു കറിവേപ്പിലയും ചേർത്തു വറുത്തു കോരുക.

ദീപ കെ. എം., ചവിട്ടുവരി, കോട്ടയം.

Natholi-salad

നത്തോലി അച്ചാർ

അരക്കിലോ നത്തോലി വൃത്തിയാക്കി അര ചെറിയ സ്പൂൺ മഞ്ഞൾപ്പൊടിയും ഒരു ചെറിയ സ്പൂൺ മുളകുപൊടിയും പാകത്തിന് ഉപ്പും ചേർത്തു പുരട്ടി അരമണിക്കൂർ വയ്ക്കുക. ഇത് എണ്ണയിൽ ഗോൾഡൻ നിറത്തിൽ വറുത്തെടുക്കണം. ചീനച്ചട്ടിയിൽ രണ്ടു വലിയ സ്പൂൺ എണ്ണ ചൂടാക്കി അര ചെറിയ സ്പൂൺ കടുക്, കാൽ ചെറിയ സ്പൂൺ ഉലുവ എന്നിവ പൊട്ടിക്കുക. ഇതിലേക്ക് ഒരു കഷണം ഇഞ്ചി, 10 അല്ലി വെളുത്തുള്ളി, നാലു പച്ചമുളക് ഇവ പൊടിയായി അരിഞ്ഞതു ചേർത്തു മൂപ്പിക്കണം. തീ കുറച്ചു വച്ച ശേഷം ഒരു വലിയ സ്പൂൺ മുളകുപൊടി ചേർത്തു മൂപ്പിക്കുക. ഇതിലേക്കു മീനും ചേർത്തു നന്നായി യോജിപ്പിച്ച് വാങ്ങുക. രണ്ടു വലിയ സ്പൂൺ വിനാഗിരി ചേർത്ത് ഉപ്പു പാകത്തിനാക്കി ചൂടാറിയ ശേഷം വിളമ്പാം.

ശാരദ പി., കുറുവങ്ങാട്, കോഴിക്കോട്.

കൊഴുവ–പുളിയില അട

തേങ്ങ ചുരണ്ടിയത് ഒരു കപ്പ്, വാളൻപുളിയുടെ തളിരില ഒരു കപ്പ്, 15 കാന്താരി, അര ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി, പാകത്തിനുപ്പ്, രണ്ടു തണ്ട് കറിവേപ്പില എന്നിവ അൽപം വെള്ളം ചേർത്തു നന്നായി അരയ്ക്കുക. ഈ  അരപ്പു 15 കൊഴുവയിൽ ചേർത്തു കുഴച്ചു വയ്ക്കുക. നാലു വാഴയില വട്ടത്തിൽ മുറിച്ചു വാട്ടി വയ്ക്കുക. ഒരു മൺചട്ടിയിൽ അൽപം വെളിച്ചെണ്ണ പുരട്ടി അതിൽ രണ്ടു നിരയായി വാഴയില വയ്ക്കുക. ഇതിൽ കൊഴുവ മിശ്രിതം വച്ചു കൈ കൊണ്ടു പരത്തി മുകളിൽ രണ്ടു ലെയർ വാഴയില കൊണ്ടു മൂടി അൽപനേരം നല്ല തീയി ൽ വയ്ക്കുക. പിന്നീടു തീ കുറച്ചു 15 മിനിറ്റ് മൂടി വയ്ക്കണം. ഇതു മറിച്ചിട്ട ശേഷം മൂടി വച്ചു വേവിക്കുക. വാങ്ങി വച്ച് അൽപസമയത്തിനു ശേഷം ചൂടോടെ ഉപയോ ഗിക്കാം.

ദിയ ജോതിസ്, അരശുംമൂട്, തിരുവനന്തപുരം.

കൊഴുവ വറുത്തരച്ചത്

അരക്കിലോ കൊഴുവ വൃത്തിയാക്കി വ യ്ക്കുക. ചീനച്ചട്ടിയിൽ രണ്ടു ചെറിയ സ്പൂൺ വെളിച്ചെണ്ണ ഒരു മുറി തേങ്ങ ചുരണ്ടിയത്, ആറു വറ്റൽമുളക്, മൂന്നു ചെറിയ സ്പൂൺ മല്ലി, ഒരു ചെറിയ സ്പൂൺ കുരുമുളകുപൊടി, അഞ്ച് അല്ലി വെളുത്തുള്ളി, രണ്ടു ചുവന്നുള്ളി, ഒരു തണ്ടു കറിവേപ്പില എന്നിവ ചേർത്തു നന്നായി ചുവന്നു വരും വരെ വറുക്കുക. ഇതു മിക്സിയിൽ മയത്തിൽ അരച്ചു വയ്ക്കണം. ഒരു ചെറുനാരങ്ങാ വലുപ്പം വാള ൻപുളി വെള്ളത്തില്‍ കുതിര്‍ത്തു പിഴിഞ്ഞു വയ്ക്കുക. അരപ്പും വാളൻപുളി പിഴിഞ്ഞതും പാകത്തിനു വെള്ളം ചേർത്ത് അടുപ്പിൽ വയ്ക്കണം. നന്നായി തിള യ്ക്കുമ്പോൾ കാൽ ചെറിയ സ്പൂൺ മ ഞ്ഞൾപ്പൊടി, പാകത്തിനുപ്പ്, കൊഴുവ എന്നിവ ചേർത്തു വേവിക്കുക. വെള്ളം കുറുകി എണ്ണ തെളിഞ്ഞു വരുമ്പോൾ ര ണ്ടു വലിയ സ്പൂൺ വെളിച്ചെണ്ണ ചേർത്തു വാങ്ങാം.

തങ്കമ്മ ഭാസ്കരൻ, അരിക്കുഴ, തൊടുപുഴ.

നത്തോലി മുളകൂഷ്യം

കാൽ കിലോ നത്തോലി വൃത്തിയാക്കി വയ്ക്കുക. ഇതിൽ ഒരു വലിയ സ്പൂൺ മുളകുപൊടി, അര ചെറിയ സ്പൂൺ മ ഞ്ഞൾപ്പൊടി, രണ്ടു പച്ചമുളക് അരിഞ്ഞത്, ഒരു ചെറിയ സ്പൂൺ ഇഞ്ചി അരിഞ്ഞത്, ചുവന്നുള്ളി പിളർന്നത് കാൽ കപ്പ്, രണ്ടു തണ്ടു കറിവേപ്പില എന്നിവ ചേർത്തു നന്നായി യോജിപ്പിച്ചു വയ്ക്കുക. ഒ രു ചെറുനാരങ്ങാ വലുപ്പം വാളൻപുളി പാകത്തിനു വെള്ളം ചേർത്തു കുതിർത്തു പിഴിഞ്ഞു വയ്ക്കണം. ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി നത്തോലി മിശ്രിതം വഴറ്റുക. ഇതിൽ പുളി പിഴിഞ്ഞ വെള്ളം ചേർത്തു തിളപ്പിക്കണം. വാങ്ങിയ ശേഷം അഞ്ച് അല്ലി വെളുത്തുള്ളി നന്നായി ചതച്ചത് അൽപം വെളിച്ചെണ്ണയിൽ ചാലിച്ചു കറിയിൽ ചേർത്തു വിളമ്പാം.

കാർത്തിക അണ്ടലൂർ, പാലയാട്, കണ്ണൂർ.

നത്തോലി മോലി

ചട്ടിയിൽ രണ്ടു വലിയ സ്പൂൺ വെളി ച്ചെണ്ണ ചൂടാക്കി 10 പച്ചമുളക് അരിഞ്ഞത്, ഇഞ്ചി അരിഞ്ഞത് ഒരു ചെറിയ സ്പൂൺ എന്നിവ വഴറ്റുക. ഇതില്‍ കാൽ ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി വഴറ്റി, ചുവന്നുള്ളി അരിഞ്ഞത് കാൽ കപ്പ്, പാകത്തിനുപ്പ് എന്നിവ ചേർത്തു വഴറ്റണം. ഒരു ചെറിയ തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത രണ്ടാംപാൽ ചേർത്തു തിളപ്പിക്കുക. ചാറു കുറുകുമ്പോൾ 500 ഗ്രാം നത്തോലി വൃത്തിയാക്കിയത്, ഒരു തക്കാളി അരിഞ്ഞത് എന്നിവ ചേർത്തു വേവിക്കണം. ഒന്നാംപാലും കറിവേപ്പിലയും ചേർത്ത് ഒന്നു തിളയ്ക്കുമ്പോൾ വാങ്ങാം.

കന്യ ടി. എസ്., നടക്കാവ്, കോഴിക്കോട്

പൊടിമീൻ പൊള്ളിച്ചത്

പാനിൽ രണ്ടു വലിയ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി രണ്ട് ഇടത്തരം സവാള പൊടിയായി അരിഞ്ഞതു ചേർത്തു നന്നായി വഴറ്റുക. പാകത്തിനുപ്പും ര ണ്ടു പച്ചമുളകു പൊടിയായി അരിഞ്ഞതും ആറ് അല്ലി വെളുത്തുള്ളിയും ഒരു ചെറിയ കഷണം ഇഞ്ചിയും അരച്ചതും ചേർത്തു വഴറ്റണം. ഇതിലേക്ക് ഒരു ചെറിയ സ്പൂൺ മുളകുപൊടി, കാൽ ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി, രണ്ടു തണ്ടു കറിവേപ്പില അരിഞ്ഞത് എന്നിവ ചേർത്തു വഴറ്റുക. മൂക്കുമ്പോൾ ഒരിടത്തരം തക്കാളി പൊടിയായി അരിഞ്ഞതു ചേർത്ത് എണ്ണ തെളിയും വരെ വഴറ്റണം. ഇതിലേക്ക് 250 ഗ്രാം പൊടിമീൻ വൃത്തിയാക്കിയതു ചേർത്ത് ഒരു മിനിറ്റ് ഇളക്കുക. ഉപ്പു പാകത്തിനാക്കി ആവശ്യമെങ്കിൽ അൽപം നാരങ്ങാനീരു ചേർത്തു വാങ്ങുക. ഇത് അഞ്ചു ഭാഗങ്ങളാക്കി ഓരോന്നും ഓരോ വാഴയിലക്കഷണത്തിൽ വച്ച്  അട പോലെ പരത്തുക. ഇല മടക്കി വയ്ക്കണം.  ചുവടുകട്ടിയുള്ള ചീനച്ചട്ടി ചൂടാക്കി അതിൽ രണ്ട് അട വീതം വച്ച് കട്ടിയുള്ള പാത്രം കൊണ്ട് അമർത്തി വയ്ക്കുക. ഒരു വശം മൂത്തു കഴിയുമ്പോൾ ഇല മറിച്ചിട്ടു വേവിക്കുക. ഇല കരിഞ്ഞു തുടങ്ങുമ്പോൾ വാങ്ങി ചൂടോടെ വിളമ്പാം.

കുഞ്ഞൂഞ്ഞമ്മ ജോർജ്, ചെങ്ങന്നൂർ.

Natholi-thoran
Tags:
  • Pachakam