Friday 25 September 2020 03:15 PM IST

അബദ്ധം പറ്റാതെയിനി പാചകം ചെയ്യാം ; രസകരമായ ഫൂഡ്ചാനലുമായി ഷാൻ ജിയോ

Rakhy Raz

Sub Editor

ss

യു ട്യൂബ് നോക്കിയാൽ ഇന്ന് ഏത് വിഭവത്തിന്റെയും പാചകക്കുറിപ്പ് കിട്ടും. പക്ഷേ ഷാൻ ജിയോക്ക് ആരാധകരേറുന്നതിന്റെ കാരണം ഷാൻ ജിയോയുടെ റെസിപ്പി നോക്കി പാചകം ചെയ്താൽ തെറ്റു പറ്റില്ല എന്നതാണ്. കാരണം അബദ്ധം പറ്റാനിടയുള്ള കാര്യങ്ങളെല്ലാം പറഞ്ഞുകൊണ്ടാണ് ഷാൻ പാചക വിഡിയോകൾ സെറ്റ് ചെയ്യുന്നത്.

ഫുഡ് വെറുതേ കളയാനാകില്ല ബ്രോ..

‘‘ഭക്ഷണം തയാറാക്കുന്നതിലെ അബദ്ധ സാധ്യതകളെല്ലാം പറഞ്ഞുകൊണ്ട് വിഡിയോ തയാറാക്കുക അത്ര എളുപ്പമൊന്നുമല്ല. പക്ഷേ നമ്മുടെ ഒരു പാചകക്കുറിപ്പ് ഫോളോ ചെയ്ത് ആളുകൾക്ക് തെറ്റ് പറ്റുന്നതിനെക്കുറിച്ച് ഒന്ന് ആലോചിച്ചു നോക്കൂ. എത്രമാത്രം ഭക്ഷണവും സമയവും മനുഷ്യ പ്രയത്നവും ആണ് വേസ്റ്റ് ആകുന്നത്. ആ ചിന്തയാണ് വരാവുന്ന തെറ്റുകൾ എന്തൊക്കെ എന്നു കൂടി പറഞ്ഞു കൊടുത്തുകൊണ്ട് വിഡിയോ ചെയ്യാൻ തീരുമാനിച്ചതിനു പിന്നിൽ.

പോയിന്റ്സ് കൃത്യമായി വരാനും പാചകക്കുറിപ്പ് പെർഫെക്റ്റ് ആകാനും വേണ്ടി പലവട്ടം വിഡിയോ റീ ഷൂട്ട് ചെയ്യാൻ ഷാനിന് മടിയില്ല. ആ ആത്മാർത്ഥതയോടുള്ള സ്നേഹം ഷാനിന്റെ ഒരു കോടിയോളം വരുന്ന വ്യൂവേഴ്സിന്റെ കമന്റുകളിൽ നിന്നറിയാം.

വിലപ്പെട്ട സമയം പാഴാക്കാത്ത വിശദീകരണം

ഷാനിന്റെ മറ്റൊരു പ്രത്യേകത പാചക വിഡിയോകൾ പരമാവധി കുറഞ്ഞ സമയത്തിൽ തീർക്കുമെന്നതാണ്. അനാവശ്യമായ ഒരു വിശേഷം പറച്ചിലുകൾക്കായും സമയം പാഴാക്കാറില്ല. വേണ്ടത് കൃത്യമായും വ്യക്തമായും പറയുകയും ചെയ്യും. അതും ആവശ്യമായ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടു തന്നെ.

‘‘പാചകം ചെയ്യാൻ പ്ലാൻ ചെയ്യുമ്പോഴായിരിക്കും ഒരാൾ പലപ്പോഴും യു ട്യൂബ് വിഡിയോ സെർച്ച് ചെയ്യുന്നത്. ചിലർ കിട്ടുന്ന ഒരു ഞായറാഴ്ചയായിരിക്കാം അതിനായി ചെലവാക്കുന്നത്. അവർക്ക് കുറഞ്ഞ സമയത്തിൽ റെസിപ്പി ലഭിക്കണം. ആവശ്യമെങ്കിൽ രണ്ട് തവണ കണ്ടാൽ പോലും വലിയ സമയനഷ്ടം ഉണ്ടാകരുത് എന്ന ചിന്തയുണ്ട് എനിക്ക്. അതിനാലാണ് വിഡിയോ പരമാവധി ചുരുക്കി ചെയ്യാൻ ശ്രദ്ധിക്കുന്നത്. പക്ഷേ വിഡിയോ കാണുന്നവർ ശ്രദ്ധയോടെ കാണേണ്ടി വരും. മറ്റു കാര്യങ്ങളിൽ കൂടി ശ്രദ്ധിച്ചാൽ പറ്റില്ല കേട്ടോ’’ ഷാൻ പറയുന്നു.

സാമ്പാറുണ്ടാക്കാനും പഠിക്കണ്ടേ..

ചിലർ ഷാനോട് കമന്റിലൂടെ ചോദിക്കും. ‘എന്തിനാണ് സാമ്പാറുണ്ടാക്കാനൊക്കെ പഠിപ്പിക്കുന്നത്?’ നല്ലൊരു സാമ്പാറുണ്ടാക്കുക അത്ര നിസാരമല്ല, എന്നാണ് ഷാനിന്റെ മറുപടി.

ആദ്യമായി പാചകം ചെയ്യുന്ന ഒരു യുവാവിനും യുവതിക്കും സാമ്പാറുണ്ടാക്കാൻ അറിയണമെന്നില്ല. അവർക്കായാണ് സാമ്പാറ്, രസം, അവിയൽ കടലക്കറി, ഉള്ളി ചമ്മന്തി പോലുള്ള റസിപ്പികൾ. നാടൻ പലഹാരങ്ങളുണ്ടാക്കാൻ പലർക്കും ആഗ്രഹമുള്ളതിനാൽ പരിപ്പു വടയും, ഉഴുന്നു വടയും, പഴംപൊരിയും വരെ ഷാനിന്റെ ലിസ്റ്റിലുണ്ട്. ഗ്രാൻഡ് പാചകം ഉദ്ദേശിക്കുന്നവർക്ക് റസ്റ്റൊറന്റ് സ്റ്റൈൽ ബിരിയാണിയോ, ഫ്രൈഡ് റൈസോ, പൊറോട്ടയോ പരീക്ഷിക്കാം. നോൺ വെജ് പ്രിയമുള്ളവർക്ക് കിടിലൻ ബീഫ് പെപ്പർ റോസ്റ്റ്, ചില്ലി ചിക്കൻ എന്നിവ സൂപ്പർ രുചിയിൽ ഉണ്ടാക്കാൻ ഷാൻ പഠിപ്പിച്ചു തരും. മയൊനൈസ് പോലുള്ള വീട്ടിലുണ്ടാക്കാൻ കഴിയില്ല എന്നു തോന്നുന്ന വിഭവങ്ങളും ഷാനിന്റെ രുചി ലോകത്തു നിന്നും എടുക്കാം.

സിംപിളായി പറഞ്ഞാൽ എല്ലാം സിംപിളല്ലേ

‘ഏതു വിഭവം പാചകം ചെയ്യുന്നവർക്കും ഇതൊരു കട്ട പണിയാണല്ലോ എന്ന് തോന്നിയാൽ മൂഡ് പോകാം. ‘സിംപിളായി പറഞ്ഞാൽ എല്ലാം സിംപിളല്ലേ’ എന്നാണ് ഷാനിന്റെ ചോദ്യം. വളരെ ലളിതമായ ഭാഷയിൽ പറയുന്നതിനാൽ ഏതു പ്രായക്കാർക്കും ഇഷ്ടമാണ് ഷാനിന്റെ പാചക വിഡിയോകൾ.

ഐടി പ്രൊഫഷണലായ ഷാൻ ജിയോക്ക് ഭക്ഷണമുണ്ടാക്കാനുള്ള കമ്പം തുടങ്ങിയത് കോളജ് ലൈഫ് കാലത്താണ്. ആദ്യം പാചകക്കുറിപ്പുകളുമായി ബ്ലോഗ് എഴുതിത്തുടങ്ങി. യു ട്യൂബിൽ വിഡിയോ ഇടുന്നത് മറ്റുള്ളവർക്ക് സഹായകമാകും എന്നു തോന്നിത്തുടങ്ങിയത് എട്ടു മാസം മുൻപാണ്. സ്വന്തം ഐടി കമ്പനിയുടെ തിരക്കുകൾക്കിടയിലും തന്റെ ഇഷ്ടമായ ഭക്ഷണമുണ്ടാക്കലിനും അത് മറ്റുള്ളവരുമായി പങ്കു വയ്ക്കുന്നതിനും സമയം കണ്ടെത്തി ഷാൻ. അതിനു പ്രതിഫലമെന്നോണം എട്ടു മാസം കൊണ്ടു തന്നെ ഒരു കോടി വ്യൂവേഴ്സിനെ സ്വന്തമായി.

ശരിക്കുള്ള റെസിപ്പി എന്നൊന്നില്ല

പൊറോട്ട ഗോതമ്പു പൊടി കൊണ്ട് ഉണ്ടാക്കുന്നതല്ലേ നല്ലത്, അവിയൽ ഇങ്ങനെയല്ല ശരിക്കും വയ്ക്കേണ്ടത്, മയോണൈസിൽ മുട്ടയുടെ വെള്ള മാത്രം ചേർത്താൽ പോരേ ? എന്നൊക്കെ പറയുക്കുന്നവരേട് ഷാനിന് ഒന്നേ പറയാനുള്ളു. മൈദ കൊണ്ടുണ്ടാക്കിയ പൊറോട്ടയുടെ കൊതിപ്പിക്കുന്ന രുചി ഗോതമ്പ് പൊറോട്ടയ്ക്ക് കിട്ടില്ല, നാട് മാറുമ്പോൾ രുചിയും മാറും. എറണാകുളത്തെ സാമ്പാറല്ല, തൃശൂരെ സാമ്പാറ്, തിരുവനന്തപുരത്തെ മീൻകറിയല്ല, കോട്ടയം മീൻകറി, മയോണൈസിന്റെ നാടായ ഫ്രാൻസിലെ ഒറിജിനൽ മയൊണൈസല്ല കേരളത്തിനു വേണ്ടത്. . ‘‘മലയാളികൾക്ക് ഇഷ്ടപ്പെടുന്ന, ഭൂരിഭാഗം പേർക്കും ഇഷ്ടപ്പെടുന്ന രുചികരമായ റെസിപ്പിയാണ് ഞാൻ വിഡിയോ ചെയ്യാനായി തെരഞ്ഞെടുക്കുന്നത്. അത് നന്നായി പഠിച്ച് കൃത്യമായി ഉണ്ടാക്കി മാത്രം വിഡിയോ ഇടും.’’

ഇതു തന്നെയാണ് നമ്മുടെ ഷാൻ ബ്രോയുടെ റെസിപ്പികൾക്ക് ആരാധകരേറാനുള്ള കാരണം. ഇതു വരെ നിങ്ങളിത് കണ്ടിട്ടില്ലെങ്കിൽ സെർച്ച് ചെയ്തോളൂ ഷാൻ ജിയോയെ. ഉടൻ കേൾക്കാം, ദിസ് ഈസ് ഷാൻ ജിയോ, വെൽക്കം ടു ദ് വിഡിയോ.. പിന്നെ വായിൽ കപ്പലോടും, തീർച്ച.

Tags:
  • Pachakam