Wednesday 13 April 2022 04:27 PM IST

‘എന്റെ അമ്മച്ചി ഉണ്ടാക്കുന്ന അതേരുചി, നല്ല അസൽ കൈപ്പുണ്യമാണ് ലിന്റയ്ക്ക്’: പ്രിയതമയ്ക്ക് ജിത്തുവിന്റെ കോംപ്ലിമെന്റ്

Merly M. Eldho

Chief Sub Editor

jeethubbnnn556

ഈസ്റ്റർ ആഘോഷത്തിനുള്ള രുചിഭേദങ്ങളുമായി എത്തുകയാണ് ജീത്തു ജോസഫും ഭാര്യ ലിന്റയും മക്കളായ കാതറിനും കറ്റീനയും... വനിത 2021 ഈസ്റ്റർ സ്പെഷ്യലിലാണ് വീട്ടിലെ വേറിട്ട രുചി വൈവിധ്യങ്ങൾ ഈ സെലിബ്രിറ്റി കുടുംബം പരിചയപ്പെടുത്തിയത്...

ക്ലൈമാക്സിന്റെയും ആന്റിക്ലൈമാക്സിന്റെയും ട്വിസ്റ്റിെന്‍റയും കാര്യത്തിൽ ജീത്തു ജോസഫിനെ വെല്ലാൻ ആളില്ല. എന്നാല്‍ വ്യത്യസ്തത കൊണ്ടു പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്ന ജീത്തുവിനു വീട്ടിലെ ഊണുമേശയിലെത്തിയാൽ ‘നോ വെറൈറ്റി’.

‘‘ഈസ്റ്റർ ആയാലും ക്രിസ്മസ് ആയാലും സ്ഥിരം കുറച്ചു വിഭവങ്ങളുണ്ട് ജീത്തുവിന്. പാലപ്പവും മട്ടണ്‍ സ്റ്റ്യൂവും തുടങ്ങി ഫ്രൂട്ട് സാലഡിലോ പുഡിങ്ങിലോ അവസാനിക്കുന്ന ഒരു സെറ്റ് മെനു.’’ ജീത്തുവിന്റെ ഭാര്യ ലിന്റ ചിരിയോടെ പറഞ്ഞു. തൃപ്പുണിത്തുറ പുതിയകാവിലെ വീട്ടിലെ അടുക്കളയിൽ കോക്കനട്ട് മിൽക്ക് പുഡിങ് ഉണ്ടാക്കുന്ന തിരക്കിലാണ് ലിന്റ.

‘നോ വെറൈറ്റി’ക്കു തന്റേതായ കാരണങ്ങള്‍ ജീത്തുവിനും ഉണ്ട്. ‘‘ഞാൻ വീട്ടിലെ ഇളയ പുത്രനാണ്. ഈസ്റ്ററിന് ചേട്ടന്മാർ ഹോസ്റ്റലിൽ നിന്നു വരുന്നതു നോക്കിയിരിക്കും. അമ്മച്ചി ഉണ്ടാക്കുന്ന മോരുകറിയും തേങ്ങാക്കൊത്തിട്ട ബീഫ്ഫ്രൈയും വീട്ടിൽ വളർത്തുന്ന കോഴിയെ ഓടിച്ചിട്ടു പിടിച്ചുണ്ടാക്കുന്ന കോഴിക്കറിയുമൊക്കെ ആണ് അന്നത്തെ വിഭവങ്ങൾ. അതൊക്കെത്തന്നെയാണ് ഇന്നും എനിക്കു പ്രിയം. അമ്മച്ചി ഉണ്ടാക്കുന്ന അതേ രുചിയിൽ ലിന്റയും പാചകം ചെയ്യും. ഞ ങ്ങളുടെ രണ്ടുപേരുടെയും അമ്മമാർ പാലാക്കാരാണ്. അതുകൊണ്ട് അമ്മയുടെയും ലിന്റയുടെയും രീതികളും ഒന്നാണ്. നല്ല കൈപ്പുണ്യമുണ്ട് ലിന്റയ്ക്ക്.’’

ജീത്തുവിന്റെ കോംപ്ലിമെന്റ് മക്കളായ കാതറിനും കറ്റീനയും ശരിവച്ചു. ‘അമ്മയുണ്ടാക്കുന്ന ഡിസേർട്സ് ആണ് എനിക്കിഷ്ടം’ എന്നു കാതിയും ‘എന്റെ ഫേവറിറ്റ് ഡക് റോസ്റ്റ്’  എന്ന് കിറ്റുവും പറഞ്ഞപ്പോൾ ലിന്റ ഉ ണ്ടാക്കുന്ന പോർക്ക് വിന്താലുവിനാണ് ജീത്തു മാർക്ക് നൽകിയത്. ‘മോഹൻലാലും പൃഥ്വിരാജും വീട്ടില്‍ വന്നപ്പോള്‍ പോര്‍ക്ക് വിന്താലു വിളമ്പി ലിന്റ കൈയടി നേടിയതാണേ.’ എന്നൊരോര്‍മപ്പെടുത്തലും.

_BCD8302

എല്ലാ ഈസ്റ്ററിനും ജീത്തു സഹോദരങ്ങൾക്കൊപ്പം ഒരാളുടെ വീട്ടില്‍ ഒത്തു കൂടും. ‘‘ഒരു ചേട്ടത്തി താറാവു റോസ്റ്റ്, ഒരാൾ സ്റ്റ്യൂ, ഒരാൾ ഡിസേർട്ട് അങ്ങനെ ഓരോരുത്തരും ഓരോ വിഭവങ്ങള്‍ കൊണ്ടുവരും. ഈസ്റ്ററായാലും  വിഷുവായാലും ഒരു നേരമെങ്കിലും എനിക്കു ചോറ് നിർബന്ധമാണ്. നല്ല ബ്രൗൺ നിറത്തിലുള്ള ചോറാണ് പ്രിയം.

പുറത്തു ഷൂട്ടിനു പോകുമ്പോൾ വെള്ളഅരി കൊണ്ടുള്ള ചോറേ ലഭിക്കൂ. എനിക്കതിഷ്ടമല്ല. മറ്റു നിവൃത്തിയില്ലാത്തതു കൊണ്ട് വെള്ളച്ചോറില്‍ അൽപം തൈരും മസാല ചേർന്ന എന്തേലും കറിയും ചേർത്തു കഴിക്കും.’’

ഏതു ലൊക്കേഷനിലായാലും അവിടെനിന്നു വീട്ടിലേക്കു തിരിക്കും മുൻപ്, ലിന്റയെ വിളിച്ചു ജീത്തു തന്റെ ഫേവറിറ്റ് മെനു ഓർഡർ ചെയ്യും. ‘‘ചോറ്, മോരുകാച്ചിയത്, മാങ്ങാച്ചമ്മന്തി, പിന്നെ ബീഫ് ഉലർത്ത്.  ഇതിൽ മോരുകറി എല്ലാ ദിവസവും ഞങ്ങളുടെ ടേബിളിൽ കാണും. സാമ്പാറോ പരിപ്പോ എന്തു കറി വേണേെമങ്കിലും ഉണ്ടാക്കിക്കോളൂ,  പക്ഷേ, മോരു കാച്ചിയതും വേണം. എന്നാണു ഡിമാന്‍റ്. അങ്ങനെയങ്ങനെ ഞാനിപ്പോ മോരു കാച്ചിയതു മാത്രമേ ഉണ്ടാക്കാറുള്ളൂ.’’ ലിന്റ പറഞ്ഞു.

ഭക്ഷണത്തോടുള്ള ഇഷ്ടം കൊണ്ടു തന്നെ നോമ്പെടുക്കാൻ ജീത്തുവിന് മടിയാണ്. ‘‘ഒരിക്കൽ ഞാൻ 50 നോമ്പ് എടുത്തു. പക്ഷേ, 49–ാം ദിവസം നോമ്പു പൊട്ടി. ചേട്ടന്മാരെല്ലാം കൂടി എന്നെ ചതിച്ചതാണ്. അവര്‍ പറഞ്ഞു ‘എടാ മണി എട്ടര ആയില്ലേ. ഇപ്പോ േനാമ്പ് തീര്‍ന്നു, ഇനി എന്നാ നോമ്പ്’ എന്നൊക്കെ. ഞാനതിൽ വീണു. പക്ഷേ, കഴിച്ചു കഴിഞ്ഞപ്പോൾ എല്ലാരും കൂടി പ്ലേറ്റ് മാറ്റി. ‘ഞങ്ങളങ്ങനെ പറഞ്ഞെന്നു കരുതി  നീ കഴിക്കാൻ പാടില്ലായിരുന്നു’ എന്നായി അവര്‍.’  ഈസ്റ്റർ ഓർമകളിൽ ജീത്തു ചിരിച്ചു.

നന്നായി ആസ്വദിച്ചു ഭക്ഷണം കഴിക്കുമെങ്കിലും പാചകം ചെയ്യുന്നതിനെക്കുറിച്ചു ചോദിച്ചാല്‍ ജീത്തുവിന് ഒ ന്നേ പറയാനുള്ളൂ.. ‘‘പാചകം എനിക്കു താൽപര്യമില്ലാത്ത പണിയാണ്. പക്ഷേ, സുഹൃത്ത് മൃണാളിനൊപ്പം രുചിയാത്രകൾ നടത്താറുണ്ട്.  കോഴിക്കോട് അമ്മ േഹാട്ടലിലെ മീന്‍ വറുത്തതും ചേർത്തലയിലെ മധുച്ചേട്ടന്റെ കടയിലെ വിഭവങ്ങളുമൊക്കെ അത്തരം യാത്രകളിൽ ആസ്വദിച്ച രുചികളാണ്. പുറത്തുന്നു കഴിക്കാൻ അവസരം കിട്ടിയാൽ എനിക്ക് കൂടുതല്‍ ഇഷ്ടം അറബിക് ഭക്ഷണമാണ്. രണ്ടു ഷവർമ കിട്ടിയാൽ ഞാൻ ഡബിള്‍ ഹാപ്പി.’’

ഇഷ്ടമുള്ള ഭക്ഷണങ്ങളൊന്നും ഉപേക്ഷിക്കരുതെന്നും എല്ലാം കഴിക്കണമെന്നും ആണ് ജീത്തുവിന്റെ പക്ഷം. ‘‘എ ല്ലാം കഴിക്കണം, പക്ഷേ, കുറഞ്ഞ അളവിൽ. അതാണ് ഇ പ്പോഴത്തെ എന്റെ പോളിസി.’’

ഫ്രിജില്‍ വച്ചു സെറ്റ് ചെയ്ത പുഡിങ് ലിന്റ എടുത്തു. ജീത്തുവും കാതിയും കിറ്റുവും ബൗളുകളുമായി റെഡി. നല്ല വെളുത്ത കോക്കനട്ട് മില്‍ക്ക് പുഡിങ് ലിന്റ ബൗളുകളിലേക്കു വിളമ്പി.  മുകളിലേക്കു മേമ്പൊടിയായി കാരമലൈസ് ചെയ്ത തേങ്ങയും..

ബീഫ് കട്‌ലറ്റ്

Beef-cutlet-2

1. ബീഫ് – ഒരു കിലോ

2. കുരുമുളകുപൊടി – ഒരു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3. ഉരുളക്കിഴങ്ങ് – മൂന്ന്

4. വെളിച്ചെണ്ണ – പാകത്തിന്

5. സവാള – മൂന്ന്, പൊടിയായി അരിഞ്ഞത്

ഇഞ്ചി – ഒരു കഷണം, അരിഞ്ഞത്

പച്ചമുളക് – ആറ്,          അരിഞ്ഞത്

കറിവേപ്പില – ഒരു തണ്ട്

6. മുട്ട – രണ്ട്, അടിച്ചത്

7. റസ്ക് പൊടിച്ചത് – പാകത്തിന്

8. വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം െചയ്യുന്ന വിധം

∙ ബീഫ് വൃത്തിയാക്കി രണ്ടാമത്തെ ചേരുവ ചേർത്തു വേവി ച്ചു മിൻസ് ചെയ്തെടുക്കണം.

∙ ഉരുളക്കിഴങ്ങു പുഴുങ്ങിപ്പൊടിച്ചു വയ്ക്കണം.

∙ വെളിച്ചെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ ചേർത്തു ന ന്നായി വഴറ്റുക. നന്നായി വഴന്നു ബ്രൗൺ നിറമാകുമ്പോൾ മിൻസ് ചെയ്തു വച്ചിരിക്കുന്ന ബീഫ് ചേർത്തു നന്നായി വ ഴറ്റി വെള്ളം മുഴുവൻ വറ്റിക്കുക.

∙ ഇതിലേക്ക് ഉരുളക്കിഴങ്ങു പുഴുങ്ങിപ്പൊടിച്ചതും പാകത്തിനുപ്പും ചേർത്തു യോജിപ്പിച്ചു വാങ്ങുക. ചെറിയ ഉരുളകളാക്കി ഇഷ്ടമുള്ള ആകൃതിയിലാക്കി മുട്ട അടിച്ചതിൽ മുക്കി റസ്ക്പൊടിയിൽ പൊതിഞ്ഞു വയ്ക്കുക.

∙ തിളച്ച വെളിച്ചെണ്ണയിലിട്ടു വറുത്തു കോരണം.

പാലപ്പം

1. പച്ചരി – ഒരു കിലോ

2. തേങ്ങ – ഒന്ന്, ചുരണ്ടിയത്

3. കള്ള് – ഒരു ഗ്ലാസ്

4. ഉപ്പ് – പാകത്തിന്

 പഞ്ചസാര – രണ്ടു ചെറിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙പച്ചരി കുതിർത്ത ശേഷം മയത്തിൽ അരച്ചെടുക്കുക.

∙ അരച്ച പച്ചരിയിൽ നിന്നു രണ്ടു തവി മാവെടുത്ത് അൽപം വെള്ളം ചേർത്ത് അടുപ്പത്തു വച്ചു കുറുക്കിയെടുക്കണം. കപ്പി കാച്ചുക എന്നാണിതിനു പറയുന്നത്.

∙ തേങ്ങ കള്ളു ചേർത്തരച്ച ശേഷം പച്ചരി അരച്ചതും കപ്പി കാച്ചിയതും ചേർത്തു നന്നായി അരച്ചു യോജിപ്പിക്കുക.

∙ പാകത്തിനുപ്പും പഞ്ചസാരയും ചേർത്തു പുളിപ്പിക്കാനായിഒരു രാത്രി മുഴുവൻ വയ്ക്കുക.

∙ ഓരോ തവി വീതം മാവ്, പാലപ്പച്ചട്ടിയിൽ കോരിയൊഴിച്ചു ചുറ്റിച്ചു ലേസ് ഉള്ള അപ്പം ചുട്ടെടുക്കണം.

Mutton-stew-and-paalappam

മട്ടൺ സ്റ്റ്യൂ

1. മട്ടൺ – ഒരു കിലോ

2. ഉപ്പ് – പാകത്തിന്

വിനാഗിരി – ഒരു വലിയ സ്പൂൺ

3. തേങ്ങ – ഒന്ന്

4. വെളിച്ചെണ്ണ – പാകത്തിന്

5. സവാള – രണ്ട്, അരിഞ്ഞത്

പച്ചമുളക് – ആറ്. കീറിയത്

ഇഞ്ചി – ഒരു വലിയ കഷണം, അരിഞ്ഞത്

വെളുത്തുള്ളി – ഒരു കുടം, അരിഞ്ഞത്

കറിവേപ്പില – ഒരു തണ്ട്

6. ഗ്രാമ്പൂ – നാല്

കറുവാപ്പട്ട – രണ്ടു ചെറിയ കഷണം

ഏലയ്ക്ക – മൂന്ന്–നാല്

7. കാരറ്റ് – രണ്ട്, ചെറിയ ചതുരക്കഷണങ്ങളാക്കിയത്

ഉരുളക്കിഴങ്ങ് – മൂന്ന്, ചതുരക്കഷണങ്ങളാക്കിയത്

8. കുരുമുളകുപൊടി – ഒരു വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ മട്ടൺ ചെറിയ കഷണങ്ങളാക്കി രണ്ടാമത്തെ ചേരുവ ചേ ർത്തു പകുതി വേവില്‍ വേവിച്ചു വയ്ക്കണം.

∙ തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ് ഒന്നും രണ്ടും മൂന്നും പാൽ എടു ത്തു വയ്ക്കുക.

∙ വെളിച്ചെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റുക. വാടി വരുമ്പോൾ ആറാമത്തെ ചേരുവ ഒന്നു ചതച്ചതും ഉരുളക്കിഴങ്ങും കാരറ്റും ചേർത്തിളക്കണം.

∙ ഇതിലേക്കു മൂന്നാം പാൽ ചേർത്തു വേവിക്കുക.

∙ കഷണങ്ങൾ വെന്തു വരുമ്പോൾ തയാറാക്കി വച്ചിരിക്കുന്ന മട്ടണ്‍ ചേർത്തിളക്കി, രണ്ടാം പാലും ചേർത്തു വേവിക്കണം.

∙ കഷണങ്ങൾ വെന്തു പാകത്തിനു കുറുകി വരുമ്പോൾ ഒന്നാംപാൽ ചേർത്തിളക്കി കുരുമുളകുപൊടി വിതറി, തിളയ്ക്കും മുൻപു വാങ്ങുക.

മോരു കാച്ചിയത്

1. കട്ടത്തൈര് – ഒരു ലീറ്റർ

2. തേങ്ങ – ഒന്നിന്റെ പകുതി

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

ജീരകം – അര ചെറിയ സ്പൂൺ

വെളുത്തുള്ളി – നാല് അല്ലി

3. വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ

4. കടുക്, ഉലുവ – അര ചെറിയ സ്പൂൺ വീതം

5. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

പച്ചമുളക് – രണ്ട്, അരിഞ്ഞത്

6. ഉലുവാപ്പൊടി – അര െചറിയ സ്പൂൺ

7. വെളിച്ചെണ്ണ – ഒരു ചെറിയ സ്പൂൺ

8. ചുവന്നുള്ളി – അഞ്ച്, അരിഞ്ഞത്

വറ്റൽമുളക് – നാല്, കഷണങ്ങളാക്കിയത്

കറിവേപ്പില – രണ്ടു തണ്ട്

പാകം െചയ്യുന്ന വിധം

∙ തൈര് കട്ടയില്ലാതെ മെല്ലേ ഉടച്ചു വയ്ക്കണം.

∙ രണ്ടാമത്തെ ചേരുവ മയത്തിൽ വെണ്ണ പോലെ അരച്ചു വയ്ക്കണം.

∙ വെളിച്ചെണ്ണ ചൂടാക്കി കടുകും ഉലുവയും മൂപ്പിച്ച ശേഷം സവാളയും പച്ചമുളകും വഴറ്റണം.

∙ ഇതിലേക്ക് അരപ്പു ചേർത്തു നന്നായി വഴറ്റുക. അര പ്പ് ഉരുണ്ടു വരുന്ന പാകത്തിനാക്കി, ചെറുതീയിലാക്കി തൈര് ഉടച്ചതു ചേർത്തു കലക്കിയെടുക്കണം.

∙ ആവി വരുമ്പോൾ ഉലുവാപ്പാടി വിതറി വാങ്ങി, പാകത്തിനുപ്പു ചേർത്തു വയ്ക്കുക. വെളിച്ചെണ്ണയിൽ എട്ടാമത്തെ ചേരുവ മൂപ്പിച്ചു മോരിൽ ചേർത്തു വിളമ്പാം

ബീൻസ് തോരൻ

1. ബീൻസ് – അരക്കിലോ

Beans-thoran

2. തേങ്ങ – ഒന്നിന്റെ കാൽഭാഗം, ചുരണ്ടിയത്

പച്ചമുളക് – മൂന്ന്

മഞ്ഞൾപ്പൊടി – അൽപം

ചുവന്നുള്ളി – രണ്ട്–മൂന്ന്

3. വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ

4. കടുക് – അര ചെറിയ സ്പൂൺ

5. ചുവന്നുള്ളി – രണ്ട്, അരിഞ്ഞത്

കറിവേപ്പില – രണ്ടു തണ്ട്

പാകം െചയ്യുന്ന വിധം

∙ ബീൻസ് വൃത്തിയാക്കി നാരു കളഞ്ഞു കനം കുറച്ചരിഞ്ഞു വയ്ക്കണം.

∙ രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് ഒന്ന് ചതച്ചെടുക്കണം.

∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം ചുവന്നുള്ളിയും കറിവേപ്പിലയും ചേർത്തു മൂപ്പിക്കുക.

∙ ഇതിൽ ബീൻസ് ഉപ്പു ചേർത്തു വഴറ്റി, മുകളിൽ അരപ്പും വച്ചു തട്ടിപ്പൊത്തി മൂടി വച്ചു വേവിച്ചു വാങ്ങുക.

താറാവു റോസ്റ്റ്

1. താറാവ് – ഒന്ന്

2. ഉപ്പ് – പാകത്തിന്

മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

3. വെളിച്ചെണ്ണ – പാകത്തിന്

4. മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ

മുളകുപൊടി – അര ചെറിയ സ്പൂൺ

കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, ഗരംമസാലപ്പൊടി – ഓരോ ചെറിയ സ്പൂൺ

5. സവാള – മൂന്ന്, അരിഞ്ഞത്

Thaaraav-roast

പച്ചമുളക് – ആറ്, അരിഞ്ഞത്

ഇഞ്ചി – ഒരു വലിയ കഷണം, അരിഞ്ഞത്

വെളുത്തുള്ളി – ഒരു വലിയ കുടം, അരിഞ്ഞത്

കറിവേപ്പില – പാകത്തിന്

6. ഉരുളക്കിഴങ്ങ് – രണ്ട്, വട്ടത്തിൽ അരിഞ്ഞു വറുത്തത്

പാകം െചയ്യുന്ന വിധം

∙ താറാവു വൃത്തിയാക്കി കഷണങ്ങളാക്കി രണ്ടാമത്തെ ചേരുവ പുരട്ടി ഒരു മണിക്കൂർ വയ്ക്കണം. ഇത് അൽപം വെളിച്ചെണ്ണയിൽ, പകുതി വേവിൽ വറുത്തു കോരണം.

∙ നാലാമത്തെ ചേരുവ എണ്ണയില്ലാതെ വറുത്തു മയത്തിൽ അരച്ചു വയ്ക്കണം.

∙ ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റി ബ്രൗൺ നിറമാകുമ്പോൾ അരപ്പു ചേർത്തു വഴറ്റുക.

∙ നന്നായി മൂത്തു വരുമ്പോൾ വറു ത്തു വച്ചിരിക്കുന്ന താറാവു ചേർ ത്തു യോജിപ്പിച്ചു വേവിക്കണം.

∙ നന്നായി വെന്ത ശേഷം വാങ്ങി ഉരുളക്കിഴങ്ങു വറുത്തതു കൊണ്ട് അലങ്കരിച്ചു വിളമ്പാം.

പോർക്ക് വിന്താലു

1. പോർക്ക് – ഒരു കിലോ

2. ഉപ്പ്, മഞ്ഞൾപ്പൊടി – പാകത്തിന്

3. മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ

 മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

 കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

മുരിങ്ങത്തൊലി – ഒരു ചെറിയ കഷണം

കടുക് – ഒരു ചെറിയ സ്പൂൺ

Pork-vindaloo_0001

കറുവാപ്പട്ട – രണ്ടു വലിയ കഷണം

ഗ്രാമ്പൂ – നാല്

ഏലയ്ക്ക – മൂന്ന്–നാല്

4. വിനാഗിരി – ഒരു വലിയ സ്പൂൺ

5. വെളിച്ചെണ്ണ – പാകത്തിന്

6. സവാള – നാല്, അരിഞ്ഞത്

ഇഞ്ചി – ഒരു വലിയ കഷണം, അരിഞ്ഞത്

പച്ചമുളക് –നാല്, അരിഞ്ഞത്

വെളുത്തുള്ളി – ഒരു കുടം, അരിഞ്ഞത്

തക്കാളി –നാല്, അരിഞ്ഞത്

പാകം െചയ്യുന്ന വിധം

∙ പോർക്ക് പാകത്തിനു വലുപ്പത്തിലുള്ള കഷണങ്ങളാക്കി ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തു നന്നായി തിരുമ്മി യോ ജിപ്പിച്ച് അരമണിക്കൂർ വയ്ക്കുക. പോർക്ക് സോഫ്റ്റ് ആ കാനാണ് ഇങ്ങനെ വയ്ക്കുന്നത്.

∙ മൂന്നാമത്തെ ചേരുവ യോജിപ്പിച്ച് വിനാഗിരി ചേർത്തു മയ ത്തിൽ അരച്ചു വയ്ക്കണം. ഇതാണ് മസാല.

∙ പ്രഷര്‍ കുക്കറില്‍ വെളിച്ചെണ്ണ ചൂടാക്കി ആറാമത്തെ ചേ രുവ ചേർത്തു വഴറ്റുക. നന്നായി വഴന്ന ശേഷം മസാല ചേ ർത്തു വീണ്ടും വഴറ്റണം. മസാല ബ്രൗൺ നിറമായി, എണ്ണ തെളിഞ്ഞു വരുന്നതാണു പാകം.

∙ ഇതിലേക്കു പുരട്ടി വച്ചിരിക്കുന്ന പോർക്ക് ചേർത്തിളക്കി കുക്കർ അടച്ചു രണ്ടു വിസിൽ വരും വരെ വേവിക്കണം.

∙ പിന്നീട് കുക്കർ തുറന്ന് ഗ്രേവി കുറുകും വരെ വേവിച്ചു വെള്ളം വറ്റിച്ചെടുക്കണം.

∙ ഇരിക്കുന്തോറും ഈ വിന്താലുവിനു രുചി കൂടും. രണ്ടാമത്തെ ദിവസമാണ് ഇതിനു കൂടുതൽ രുചി. പോർക്ക് എടുക്കുമ്പോൾ ഇറച്ചിക്കഷണങ്ങളും നെയ്യുള്ള കഷണങ്ങളും തുല്യഅളവിൽ വേണം എടുക്കാൻ.

ഫ്രൂട്ട് സാലഡ്

Fruit-salad-and-coconut-milk-pudding

1. പൈനാപ്പിൾ – ഒന്ന്, പൊടിയായി അരിഞ്ഞത്

പഞ്ചസാര – നാലു വലിയ സ്പൂൺ

വെള്ളം – അര ഗ്ലാസ്

2. ആപ്പിൾ – രണ്ട്, തൊലി കളഞ്ഞു ചെറുതായി അരിഞ്ഞത്

ഓറഞ്ച് – രണ്ട്, കുരുവും പാടയും കളഞ്ഞത്

മാമ്പഴം – രണ്ട്, തൊലി കളഞ്ഞു ചെറുതായി അരിഞ്ഞത്

ഏത്തപ്പഴം – രണ്ട്, ചെറുതായി അരിഞ്ഞത്

ചെറി – നാല്–അഞ്ച്

കുരുവില്ലാത്ത മുന്തിരി – കുറച്ച്

3. കസ്റ്റഡ് പൗഡർ 

– മൂന്നു വലിയ സ്പൂൺ

4. പാൽ – ഒരു ലീറ്റർ

5. വനില എസ്സൻസ് – മൂന്നു ചെറിയ സ്പൂൺ

പഞ്ചസാര – പാകത്തിന്

മുട്ട – രണ്ട്, അടിച്ചത്

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് അടുപ്പത്തു വച്ചു വേവിച്ചു വാങ്ങുക. ചൂടാറിയ ശേഷം രണ്ടാമത്തെ ചേരുവ ചേർത്തിളക്കി യോജിപ്പിച്ചു വയ്ക്കണം.

∙ കസ്റ്റഡ് പൗഡർ അൽപം പാലിൽ കലക്കി ചുവടുകട്ടിയുള്ള പാത്രത്തിലാക്കണം. ഇതിലേക്കു ബാക്കി പാലും അ ഞ്ചാമത്തെ ചേരുവയും ചേർത്ത് അടുപ്പത്തു വച്ചു കൈയെടുക്കാതെ തുടരെയിളക്കുക.

∙ നന്നായി കുറുകി വരുമ്പോൾ വാങ്ങണം.

∙ ചൂടാറിയ ശേഷം തയാറാക്കി വച്ചിരിക്കുന്ന ഫ്രൂട്ട്സ് ചേർത്തിളക്കി ഫ്രി‍ഡ്ജിൽ വച്ചു തണുപ്പിച്ചു വിളമ്പാം.

കോക്കനട്ട് മിൽക്ക് പുഡിങ്

_BCD8694

1. ചൈനാഗ്രാസ് – 10 ഗ്രാം

2. പാൽ – അര ലീറ്റർ

പഞ്ചസാര – പാകത്തിന്

കണ്ടൻസ്ഡ് മിൽക്ക് – അര ടിൻ

3. കട്ടിത്തേങ്ങാപ്പാൽ – രണ്ടു കപ്പ്

4. തേങ്ങ ചുരണ്ടിയത് – മൂന്നു വലിയ സ്പൂൺ

പഞ്ചസാര – മൂന്നു വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ ചൈനാഗ്രാസ് ചെറുതായി നുറുക്കി നികക്കെ വെള്ളമൊഴിച്ച് അടുപ്പത്തു വച്ച് ഉരുക്കണം.

∙ രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് അടുപ്പത്തു വച്ചു തുടരെയിളക്കി കുറുക്കണം. നന്നായി തിളയ്ക്കുമ്പോൾ ഉരുകിയ ചൈനാഗ്രാസ് (ചൈനാഗ്രാസിനും പാലിനും ഒരേ ചൂടായിരിക്കണം) പാൽ മിശ്രിതത്തിലേക്ക് അരിച്ചൊഴിച്ചു നന്നായി ഇളക്കി യോജിപ്പിക്കുക.

∙ അടുപ്പത്തു നിന്നു വാങ്ങി ചൂടാറിത്തുടങ്ങുമ്പോൾ തേങ്ങാപ്പാൽ ചേർത്തിളക്കി വാങ്ങി സെറ്റ് ചെയ്യാൻ വയ്ക്കണം. (ചൂടോടെ ചേർത്താൽ പിരിഞ്ഞു പോകാൻ സാധ്യതയുണ്ട്. ചൂടാറിപ്പോയാൽ സെറ്റ് ആയി പോകാനും ഇടയുണ്ട്.)

∙ ടോപ്പിങ് തയാറാക്കാൻ നാലാമത്തെ ചേരുവ നോൺസ്റ്റിക് പാനിലാക്കി അടുപ്പത്തു വയ്ക്കുക. ഇടയ്ക്കിടെ ഇളക്കിക്കൊടുക്കണം.

∙ പഞ്ചസാര കാരമലൈസ്ഡ് ആയി ബ്രൗൺ നിറമാകുമ്പോൾ വാങ്ങുക.

∙ പുഡിങ് സെറ്റാകുമ്പോൾ മുകളിൽ കാരമലൈസ് ചെയ്ത തേങ്ങ വിതറി വിളമ്പാം.

തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ: സരുൺ മാത്യു. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: കലേഷ് കെ. എസ്. എക്സിക്യൂട്ടീവ് ഷെഫ്, ക്രൗൺ പ്ലാസ, കൊച്ചി

Tags:
  • Pachakam