ഗ്യാസ് സ്റ്റൗ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പാചകവാതകം ലാഭിക്കാം.
1.ഗ്യാസ് സ്റ്റൗവിന്റെ ബർണർ വൃത്തിയാക്കുക. ഗ്യാസ് നീല കളറിൽ തന്നെ കത്തുകയാണ് എന്ന് ഉറപ്പുവരുത്തുക. ചുവന്ന കളറിൽ കത്തുകയാണ് എങ്കിൽ അത് ഗ്യാസിന്റെ ഉപയോഗം വർധിപ്പിക്കും. അങ്ങനെ എങ്കിൽ സർവീസ് ചെയ്ത ശേഷം സ്റ്റൗവ് ഉപയോഗിക്കുക.
2.ഗ്യാസ് സ്റ്റൗവിലെ ചെറിയ ബർണർ ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക. വലിയ ബർണർ കൂടുതൽ ഗ്യാസ് ഉപയോഗിക്കുകയും വേഗം ഗ്യാസ് തീർന്നു പോകുന്നതിനും കാരണമാകും.
3.വലിയ പാത്രങ്ങൾക്കു മാത്രം വലിയ ബർണർ ഉപയോഗിക്കുക. കൂടാതെ ചോറോ മറ്റു കറികളോ വയ്ക്കുക ആണെങ്കിൽ തിളച്ചു കഴിഞ്ഞാൽ താഴ്ത്തി വയ്കുകയോ ചെറിയ ബർണറിലേക്കു മാറ്റുകയോ ചെയുന്നതും ഗ്യാസിന്റെ ഉപയോഗം കുറയ്ക്കുവാൻ സഹായിക്കും.
4.ഭക്ഷണം പാകം ചെയ്യാൻ വയ്ക്കുന്ന പാത്രങ്ങളിൽ വെള്ളമുണ്ട് എങ്കിൽ തുടച്ചതിനുശേഷം മാത്രം ഗ്യാസിൽ വയ്ക്കുക. ഇത് പാത്രം വേഗം ചൂടാവുന്നതിനു സഹായിക്കുകയും അങ്ങനെ ഗ്യാസിന്റെ ഉപയോഗം കുറയ്ക്കുകയും ചെയ്യും.
5.മൺചട്ടികൾ ഗ്യാസിൽ വയ്ക്കുമ്പോൾ വെള്ളം തുടച്ചു ഉണങ്ങിയതിനുശേഷം മാത്രം വയ്ക്കുക. ചട്ടി ചൂടാകുവാൻ കൂടുതൽ സമയമെടുക്കും. ഇങ്ങനെ ചെയ്യുമ്പോൾ ചട്ടി പെട്ടെന്നു ചൂടാകും.
6.ചോറ് വയ്ക്കുമ്പോൾ അരി 15 മിനിറ്റ് വെള്ളത്തിൽ കുതിർത്ത ശേഷം വയ്ക്കുക. ചോറു പെട്ടെന്ന് വെന്തു കിട്ടാൻ ഇത് സഹായിക്കും. മട്ടയരി ആണെങ്കിൽ കുക്കറിൽ വച്ചു വാർത്താൽ വളരെയധികം ഗ്യാസ് ലാഭിക്കാനും സാധിക്കും.
7.വെള്ളം തിളയ്ക്കുവാൻ വയ്ക്കുമ്പോൾ അടച്ചു വയ്ക്കുക, പെട്ടെന്നു തിളയ്ക്കും.
8.ചുക്കോ ജീരകമോ ഇട്ട വെള്ളം കൂടുതൽ വയ്ക്കണം എന്നുണ്ട് എങ്കിൽ കുറച്ചു വെള്ളം ചുക്കിട്ടോ ജീരകം ഇട്ടോ തിളപ്പിച്ച ശേഷം ബാക്കി വെള്ളം ഇലക്ട്രിക് കെറ്റിലിൽ തിളപ്പിച്ചു ഇതിലേക്കു ചേർക്കാവുന്നതാണ്. രുചിയും കിട്ടും ഗ്യാസിന്റെ ഉപയോഗം കുറയുകയും ചെയ്യും.
9.പുട്ട് ഉണ്ടാക്കുമ്പോൾ കുക്കറിൽ ആണ് എങ്കിൽ ആ കുക്കറിൽ വെള്ളത്തിനൊപ്പം പരിപ്പ് കൂടി ഇട്ടു കൊടുക്കുക. പുട്ട് ആകുന്നതിനൊപ്പം പരിപ്പും വെന്തു കിട്ടും. പുട്ടിനൊപ്പം പരിപ്പ് വെന്തത് പോര എങ്കിൽ ഒരു വിസിൽ കൂടി വരുത്തിയാൽ മതിയാകും. പരിപ്പിനു പകരം മുട്ടയോ, പഴമോ കറിയ്ക്കുള്ള കഷ്ണങ്ങളോ ഇങ്ങനെ വേവിച്ചെടുക്കാം. അങ്ങനെയും ഗ്യാസ് ലാഭിക്കാം.
10.കറികളോ തോരനോ വയ്ക്കുമ്പോൾ അതിന് വേണ്ട ചേരുവകൾ എല്ലാം തയാറാക്കിയ ശേഷം മാത്രം ഗ്യാസ് സ്റ്റൗ ഓൺ ചെയ്യുക. ഗ്യാസ് കത്തിച്ച ശേഷം ചേരുവകൾ അന്വേഷിച്ചു നടക്കുമ്പോൾ ഗ്യാസ് ആവശ്യമില്ലാതെ താഴ്ത്തി വയ്ക്കേണ്ടി വരുകയോ തീ കെടുത്തേണ്ടി വരുകയോ ചെയ്യും. അങ്ങനെയും ഗ്യാസിന്റെ ഉപയോഗം വർധിക്കും.
11.പരിപ്പ് വർഗ്ഗങ്ങൾ പാകം ചെയ്യുമ്പോൾ വെള്ളത്തിൽ ഇട്ടു കുതിർത്ത ശേഷം പാകം ചെയ്യാം. തുവര പരിപ്പ്, ചെറുപയർ പരിപ്പ്, കടല പരിപ്പ് തുടങ്ങിയവ പാകം ചെയ്യുന്നതിന് 15 അല്ലെങ്കിൽ30 മിനിറ്റ് മുൻപ് വെള്ളത്തിൽ ഇട്ടാൽ മതി. ഇങ്ങനെ ചെയ്യുമ്പോൾ മിതമായ ചൂടിൽ 2 വിസിൽ വരുമ്പോഴേയ്ക്കും പാകമായിട്ടുണ്ടാകും.
കടല വർഗ്ഗത്തിൽ പെട്ടവ തലേ ദിവസം വെള്ളത്തിൽ ഇട്ട ശേഷം പാകം ചെയ്യാം. ഇവ പ്രഷർ കുക്കറിൽ പാകം ചെയ്യുമ്പോൾ മിതമായ ചൂടിൽ വച്ചു പാകം ചെയ്താൽ പെട്ടെന്നു വെന്തു കിട്ടും.
12.പച്ചക്കറികളും മറ്റും വേവിക്കുമ്പോഴും അടച്ചു വച്ചു വേവിക്കുക, പോഷകം നഷ്‍ടപ്പെടാതെ പെട്ടെന്ന് വെന്തു കിട്ടും.