കേരളത്തിന്റെ വടക്കേയറ്റത്തു നിന്നു പായസരുചിയുമായി ഭാർഗവിക്കുട്ടി ടീച്ചർ. കാസർകോട് കുമ്പള സ്കൂളിലെ പ്രവൃത്തിപരിചയ അധ്യാപിക ആയിരുന്ന ഭാർഗവിക്കുട്ടി റിട്ടയർ ചെയ്ത ശേഷമാണ് സദ്യയിലേക്കു കാലെടുത്തു വയ്ക്കുന്നത്. സ്കൂളിൽ കുട്ടികളെ കുറഞ്ഞ ചെലവിൽ പോഷകപ്രദമായ വിഭവങ്ങൾ തയാറാക്കാൻ പഠിപ്പിച്ച ടീച്ചർ റിട്ടയർ ചെയ്ത ശേഷം കുടുംബശ്രീയിലുള്ള സുഹൃത്തുക്കളെയും ചേർത്തു തുടങ്ങിയ സംരംഭം. കുമ്പളങ്ങ കൊണ്ടുള്ള പായസമാണ് ടീച്ചറിന്റെ സ്പെഷൽ.
കുമ്പളങ്ങ പായസം
1. കുമ്പളങ്ങ – ഒരു കിലോ
2. നെയ്യ് – മൂന്നു ചെറിയ സ്പൂൺ
3. പഞ്ചസാര – അരക്കിലോ
4. കൊഴുപ്പുള്ള പാൽ – രണ്ടു ലീറ്റർ
5. ഏലയ്ക്കാപ്പൊടി – ആറ്
പഞ്ചസാര – ഒരു ചെറിയ സ്പൂൺ
6. കൂവപ്പൊടി – ഒരു വലിയ സ്പൂൺ
7. തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത കട്ടിത്തേങ്ങാപ്പാൽ – ഒരു തേങ്ങയുടേത്
8. കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ അധികം മുത്തു പോകാത്ത കുമ്പളങ്ങ തൊലിയും അരിയും കളഞ്ഞു പൊടിയായി അരിയുക.
∙ ഇതില്‍ നികക്കെ വെള്ളമൊഴിച്ചു തിളപ്പിച്ച ശേഷം വെള്ളം ഊറ്റണം. വീണ്ടും തണുത്ത വെള്ളമൊഴിച്ച് ഊറ്റുക. വീണ്ടും തണുത്ത വെള്ളമൊഴിച്ചു നന്നായി കഴുകിയ ശേഷം നന്നായി പിഴിഞ്ഞെടുത്തു വെള്ളം വാലാൻ വയ്ക്കണം.
∙ ചുവടുകട്ടിയുള്ള പാത്രത്തിൽ രണ്ടു ചെറിയ സ്പൂണ്‍ നെയ്യ് ചൂടാക്കി പഞ്ചസാര ചേർത്തു വെള്ളം ചേർക്കാതെ അലിയിക്കണം. നിറം മാറരുത്. കാരമലൈസ്‍ ആയിപ്പോകാതെ നോക്കണം. കാരമലൈസ്ഡ് ആയ പായസമാണ് ആവശ്യമെങ്കിൽ ബ്രൗൺ നിറമാക്കിയെടുക്കാം.
∙ പഞ്ചസാര അലിഞ്ഞ ശേഷം പിഴിഞ്ഞു വച്ചിരിക്കുന്ന കുമ്പളങ്ങ ചേർത്തു ചെറുതീയിൽ വച്ചു വരട്ടണം.
∙ പാലിൽ നിന്ന് 200 മില്ലി പാൽ മാറ്റിവച്ചിട്ടു ബാക്കി പാൽ കുമ്പളങ്ങ മിശ്രിതത്തിൽ ചേർത്തു കൈയെടുക്കാതെ തുടരെയിളക്കണം. ഇതിലേക്ക് ഏലയ്ക്കാപ്പൊടി പഞ്ചസാര ചേർത്തു പൊടിച്ചതും ചേർക്കണം.
∙ ഈ സമയം കുമ്പളങ്ങയും പാലും രണ്ടായിത്തന്നെ ആയിരിക്കും ഇരിക്കുക. തുടരെയിളക്കിക്കൊണ്ടിരിക്കണം. ഇതിലേക്കു മാറ്റിവച്ചിരിക്കുന്ന പാലിൽ കൂവപ്പൊടി കലക്കിയതു ചേർത്തു തുടരെയിളക്കണം.
∙ ഒരു തിള വരുമ്പോൾ വാങ്ങി വയ്ക്കുക.
∙ ഇതിലേക്ക് തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത ഒന്നാം പാൽ ചേർത്തിളക്കി യോജിപ്പിക്കുക.
∙ ബാക്കി നെയ്യിൽ കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേർത്തു മൂപ്പിച്ചു പായസത്തിൽ ചേർക്കണം.
∙ പടവലങ്ങ ഉപയോഗിച്ചും ഇതേ രീതിയിൽ തന്നെ പായസം തയാറാക്കാം.
കടപ്പാട്- ഭാർഗവിക്കുട്ടി, കാസർകോട്