Friday 30 June 2023 02:38 PM IST

‘എല്ലും മുള്ളും നീക്കി ചെറിയ കഷണങ്ങളാക്കി ചിക്കനും മീനും കൊടുത്തുവിടാം’; ആരോഗ്യകരവുമായ വിഭവങ്ങൾ ലഞ്ച് ബോക്സിലേക്കായി ഒരുക്കാം

Merly M. Eldho

Chief Sub Editor

lunch-box5578

വാഴയില വാട്ടിയെടുത്ത്, ചൂടുചോറിട്ട്, ഉരുളക്കിഴങ്ങ് ഉപ്പേരിയും ചമ്മന്തിയും തൈരും മുട്ട പൊരിച്ചതും മുകളിൽ നിരത്തി, അമ്മ കെട്ടിത്തന്നിരുന്ന പൊതിച്ചോറ് നമ്മുടെയെല്ലാം ഓർമച്ചെപ്പിലെ മുത്തുകളാണ്. കാലം മാറി കഥകളും രുചികളും മാറി. ഇന്നത്തെ കുട്ടികൾക്കു വേണ്ടതു വ്യത്യസ്തത നിറഞ്ഞ രുചികരമായ ലഞ്ച് വിഭവങ്ങളാണ്. അൽപം പ്ലാനിങ് നടത്തിയാൽ വ്യത്യസ്തവും രുചികരവും ഒപ്പം ആരോഗ്യകരവുമായ വിഭവങ്ങൾ ലഞ്ച് ബോക്സിലേക്കായി ഒരുക്കാം. 

∙ ഭക്ഷണം ചൂടു നഷ്ടപ്പെടാതെ വയ്ക്കാവുന്ന ലഞ്ച്ബോക്സുകളും ബാഗുകളും വിപണിയിൽ ലഭ്യമാണ്. അത്തരം പാത്രങ്ങളിൽ ലഞ്ച് കൊടുത്തു വിട്ടാൽ ഉച്ചനേരത്ത് അവ ചൂടോടെ കഴിക്കാം.

∙ ഒരാഴ്ചത്തേക്കുള്ള ല‍ഞ്ച് ബോക്സ് വിഭവങ്ങള്‍ മുൻകൂട്ടി പ്ലാൻ ചെയ്യുക. കുട്ടിയെക്കൂടി ഉൾപ്പെടുത്തി വേണം പ്ലാനിങ്. കുട്ടിക്ക് ഇഷ്ടമില്ലാത്ത പച്ചക്കറികളോ വിഭവങ്ങളോ ലഞ്ച്ബോക്സിൽ വച്ചു കൊടുത്തയച്ചാൽ അവർ അതു കളയാനുള്ള സാധ്യതയേറും. വീട്ടിൽ കഴിക്കുന്നതു പോലെ ചോറും കറിയും തന്നെ സ്കൂളിലും കൊണ്ടുപോകണമെന്നു വാശിപിടിക്കേണ്ട. ഫ്രൈഡ് റൈസ്, റോൾസ്, നൂഡിൽസ് തുടങ്ങി കുട്ടികൾക്ക് ഇഷ്ടമുള്ള വിഭവങ്ങൾ തിരഞ്ഞെടുക്കുക.

∙ വിഭവം ഏതായാലും അതിൽ ധാരാളം പച്ചക്കറികള്‍ ഉൾപ്പെടുത്തുക. പച്ചക്കറികൾ പൊടിയായി അരിഞ്ഞും അരച്ചും ചേർത്താൽ കുട്ടികൾ അറിയാതെ തന്നെ അവ അകത്താക്കും.

∙ പച്ചക്കറികൾ സ്റ്റാർ, ബട്ടർഫ്ളൈ തുടങ്ങി രസകരമായ ആകൃതികളിൽ മുറിച്ചു വയ്ക്കുന്നതും നന്ന്.

∙ കുടിക്കാൻ വെള്ളം കൊടുക്കുന്നതിനൊപ്പം മോര്, നാരങ്ങാവെള്ളം, ഫ്രൂട് ജ്യൂസ് എന്നിവയും കൊടുത്തു വിടാം.

∙ ചിക്കൻ, മീൻ തുടങ്ങിയവ കൊടുത്തു വിടുന്നുണ്ടെങ്കിൽ‌ അവ എല്ലും മുള്ളും നീക്കം ചെയ്തു ചെറിയ കഷണങ്ങളാക്കി വയ്ക്കാൻ ശ്രദ്ധിക്കുക. 

∙ രണ്ടോ മൂന്നോ തരം ഫ്രൂട്സ് കഷണങ്ങളാക്കിയത് ടൂത്പിക്കിൽ കോർത്ത് ഒരു കുഞ്ഞു ബോക്സിലാക്കി വച്ചിരുന്നാൽ വിശപ്പടക്കാൻ എളുപ്പമാർഗമായി.

Tags:
  • Pachakam