Saturday 10 September 2022 04:08 PM IST

മധുരാ നഗരം തമിഴ്നാടന്‍ രുചികളില്‍ ആറാടുകയാണ്; പൂമണം ആസ്വദിച്ച്, രുചി നുകര്‍ന്ന് ഒരു യാത്ര...

Vijeesh Gopinath

Senior Sub Editor

_DSC5227 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

മധുരയിൽ നിന്നുള്ള മടക്കട്രെയിനിലിരിക്കുമ്പോൾ കിട്ടാതെ പോയ രുചിയുമ്മകളുടെ കണക്കെടുത്തു നോക്കി. പരുത്തിപ്പാൽ കുടിക്കാൻ പറ്റിയില്ലല്ലോ, മുതലിയാര്‍ ഇഡ്ഡലിക്കടയിലും പോയില്ല. ഒാംലറ്റ് വെറൈറ്റിയും പിടിക്കാൻ കഴിഞ്ഞില്ല. പലതവണ കഴിച്ചു രുചി പിടിച്ചു പോയ തലപ്പാക്കട്ടി ബിരിയാണിയും ഉണ്ടായിരുന്നു, അതും െതാട്ടില്ല. പറഞ്ഞിട്ടു കാര്യമല്ല. വയർ ഒന്നല്ലേയുള്ളൂ. എല്ലാത്തിനും ഒരു പരിധിയില്ലേഡേയ്...‌

കഥകളിൽ കേട്ട മധുരയ്ക്ക് ഭക്തിയുടെ ഭസ്മഗന്ധമായിരുന്നു. ആകാശത്തിന് പ്രാർഥനയുടെ കുങ്കുമ നിറവും. വൈഗ നദിക്കരിയിൽ, െഎശ്വര്യ ഗോപുരമായി മധുരമീനാക്ഷി. ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ ക്ഷേത്ര നഗരികളിലൊന്ന്. ആകാശം മുട്ടുന്ന ഗോപുരങ്ങളും ആയിരം കാൽമണ്ഡപവും എണ്ണിയാൽ തീരാത്ത ശിൽപഭംഗികളും. പിന്നെ, കാപ്പിമണമുള്ള പുലരിയും സാമ്പാർമണമുള്ള ഉച്ചകളും  തൈരുസാദത്തിന്റെ  പുളിരസവും  നെയ്ദോശക്കുപ്പായത്തിലൊളിച്ചിരിക്കുന്ന മസാലക്കൂട്ടും...

പക്ഷേ, ഇതൊന്നുമല്ലാത്ത മറ്റൊരു മധുരയുണ്ട്. ഭക്ത ർക്കു മാത്രമല്ല ഭക്ഷണപ്രിയർക്കും ഒരുപോലെ അനുഗ്രഹം പകരുന്ന മധുര. നാട്ടിൻപുറത്തെ കുട്ടി ഹോസ്റ്റലിലെത്തുമ്പോൾ ആറാടുന്ന പോലെ ‘രുചി വിസ്മയ’ത്തിന് കടുകു വറക്കുന്ന തെരുവുകൾ. നോൺ വിഭവങ്ങൾക്ക് ലൈക് കൊടുക്കുന്നവർ ധൈര്യമായി പട്ടിണി കിടന്നിട്ടു കഴിക്കാനിറങ്ങുന്ന സ്വാദിന്റെ കൊട്ടാരങ്ങളായ കുഞ്ഞു കടകൾ.

തേനിയില്‍ നിന്നു പുറപ്പെട്ട തീവണ്ടി മധുരയിലെത്തുമ്പോൾ രാത്രി ‘പായ വിരിച്ചു’ കഴിഞ്ഞു. ഉറങ്ങാൻ പോകു ന്ന കുഞ്ഞിനെ പോലെ പാതി മയക്കത്തിലാണ് നഗരം. ആ ൾത്തിരക്കു മാഞ്ഞ്  ക്ഷേത്രത്തിലേക്കുള്ള വഴികൾ. വഴി യരികിൽ കീറപ്പുതപ്പിനുള്ളിൽ ഉറക്കത്തെ കെട്ടിപ്പിടിച്ചു കിടക്കുന്നവർ.

രാവിലെ തുടങ്ങാം, ഫൂഡ് ട്രക്കിങ്. കഴിക്കാൻ മോഹമുള്ള െഎറ്റംസ് എണ്ണമെടുത്തു നോക്കി. പത്തു വിരലും കടന്നു പോയി. ഒറ്റ ദിവസത്തിനുള്ളിൽ കഴിച്ചു തീർക്കാൻ ട്വന്റി ട്വന്റി ക്രിക്കറ്റിന്റെ മൂഡിൽ ഇറങ്ങേണ്ടി വരും. അതിനിടയിൽ വയറു നിറഞ്ഞ് റൺ ഔട്ട് ആകല്ലേയെന്ന പ്രാർഥനയോടെ കിടന്നുറങ്ങി.

മധുര മധുര മീനാക്ഷീ അനുഗ്രഹിക്കൂ...  

വഴിയരികിലെ മഞ്ഞവെളിച്ചം മാഞ്ഞു തുടങ്ങുന്നേയുള്ളൂ. മധുരയിലെത്തിയാൽ നാവിലാദ്യം തൊടേണ്ടത് പ്രസാദ മ ധുരമാണ്. ദേവിയെ കണ്ടു വണങ്ങി രുചിയാത്ര തുടങ്ങാം.

മധുരയിലെ എല്ലാ വഴികളും ഒഴുകുന്നത് ക്ഷേത്ര മുറ്റത്തേക്കാണ്. ആകാശത്തെ താങ്ങി നിർത്തിയ ഗോപുരമാണ് ആദ്യം കണ്‍മുന്നിൽ വന്നത്. ശിൽപ കവിതകൾ കണ്ട് ക്ഷേത്രത്തിനുള്ളിലേക്കു നടന്നു. അരികിൽ ‘പൊൻതാമരക്കുളം.’ ജലശയ്യയിലേക്ക് ഇറങ്ങി ചെല്ലുന്ന പടികൾ.

തിരക്കിലൂടെ നടന്ന് ദേവിക്ക് മുന്നിൽ കൈകൾ കൂപ്പി  നിന്നു. മനസ്സിൽ തൊടാൻ ഒരു നുള്ളു കുങ്കുമം കിട്ടി. പുറത്തേക്കിറങ്ങിയപ്പോൾ പ്രസാദമായി  ലഡുവും െപാങ്കലും. മധുരയിലെ ആദ്യ രുചി മധുരം. പാലും നെയ്യും നിറഞ്ഞ ലഡുവിന്റെ മധുരത്തിനിടയിൽ ഒരു കുഞ്ഞു കൽക്കണ്ടം കടിച്ചു. മനസ്സിൽ സൂക്ഷിക്കാൻ കിട്ടിയ മധുരത്തുണ്ട്.

ഇനി ക്ഷേത്രത്തിനു പുറത്തെ എരിവിന്റെ ലോകത്തേക്ക് കടക്കാം. മധുരയുെട രുചിപ്പെരുമ വിദേശത്തു വരെ എത്തിച്ച മുരുകന്‍ ഇഡ്ഡലിക്കടയായിരുന്നു ലക്ഷ്യം. അ ന്‍പതു വര്‍ഷം മുന്‍പ് കാപ്പിയും സ്നാക്സും വില്‍ക്കാന്‍ മധുരയില്‍ ഒറ്റമുറിയില്‍ തുടങ്ങിയ മുരുകന്‍ േകാഫി നിലയമാണ് പിന്നീട് ഇഡ്ഡലിക്കടയായി ആവി പറത്തിയത്. സിംഗപ്പൂരിലും യുകെയിലും വരെ ഇഡ്ഡലി വിളമ്പുന്ന ശൃം ഖലയായി അതു വളര്‍ന്നു.

ഈ ലോകത്തെ ഏറ്റവും തല്ലിപ്പൊളി ഫൂഡ് ഇഡ്ഡലിയെന്നും അതല്ല, ഏറ്റവും മികച്ച പ്രാതല്‍വിഭവമാണെന്നും വാദിക്കുന്നവരുണ്ട്. ആദ്യത്തെ വാദത്തിനാണ് ലൈക്. ഇ ലയിലായാലും പ്ലേറ്റിലായാലും ഒരു വികാരവും ഇല്ലാതെ വെളുക്കനെ ചിരിച്ചൊരു കിടപ്പാണ്. ചിലപ്പോൾ നെഞ്ചിനുള്ളിൽ കല്ല് വച്ച പോലെ, മറ്റു ചിലപ്പോൾ‌ തൊട്ടാൽ‌ വിരലിൽ‌ ഒട്ടി ഒപ്പം പോരും. ഇനി ഇഡ്ഡലി നന്നായിട്ടും കാര്യമില്ല, ഒപ്പമെത്തുന്ന സാമ്പാറിന്റെ മുഖം കരിഞ്ഞാൽ, ചമ്മന്തിയൊന്ന് ‘വെള്ളത്തിലായാൽ’ അതോടെ തീർന്നു. മറ്റുള്ളവന്റെ കാലിലേക്ക് സ്വന്തം ജീവിതത്തെ തട്ടിക്കളിക്കാനിട്ടു കൊടുക്കുന്ന പാവത്താനല്ലേ, സത്യത്തിൽ ഇഡ്ഡലി.  

പക്ഷേ, മുരുകൻസിലെ സീൻ വേറെയാണ്. ഇഡ്ഡലിയിൽ ഇവിടെ ‘മേക്കപ്പിട്ടതും’ ‘നാചുറൽ ബ്യൂട്ടിയും’ ഉണ്ട്. അതായത് നല്ലെണ്ണയില്‍ കുഴച്ച ചട്നിപ്പൊടി പുരട്ടിയ ‘പൊടി ഇഡ്ഡലി’യും വെളുവെളുത്ത സാദാ ഇഡ്ഡലിയും. ഒപ്പം നാലു നിറത്തിലുള്ള ചട്നിക്കൂട്ടുകാരും.   

രണ്ട് ഇഡ്ഡലി എങ്ങും എത്തിയില്ല, വിശപ്പു ബാക്കിയാണ്. ഒരു ഊത്തപ്പം കൂടി വന്നെങ്കിലും ‘ആവി’യായി പോയി... ആവേശം വേണ്ട, ഇനിയും പോകാനുണ്ട് ഒരുപാടു ദൂരം.

ആർട്ടിക്കിൾ പൂർണ്ണമായും വായിക്കാം..

Tags:
  • Pachakam