ഉച്ചയൂണിനു നേരമായാൽ കൊച്ചി ഹൈക്കോർട്ടിന്റെ നാലാം ഗേറ്റിന് അരികിലുള്ള കോമ്പാറ ജങ്ഷനിൽ ഒരു മണം പരക്കും. മത്തി എന്ന വിളിപ്പേരുള്ള ചാള, മുളകു പുരട്ടി വറക്കുന്നതിന്റെ മണം. മണത്തിനു പുറകെ പോയാൽ ചെന്നെത്തുന്നതു തടിപ്പലക കൊണ്ടു ഭിത്തി തീർത്ത ഒരു കുഞ്ഞൻ കടയിലേക്ക്.
ഇതു മത്തിക്കട. 45 കൊല്ലം മുൻപ് വാസു തുടങ്ങിയ ഒരു ’തിണ്ണക്കട’യാണ് ഇന്ന് മത്തി രുചിയിൽ പ്രശസ്തിയിലെത്തി നിൽക്കുന്നത്. രണ്ടു മുറികളിലായി ആകെ 30 പേർക്ക് ഇരിക്കാനുള്ള സ്ഥലമേ ഉള്ളൂവെങ്കിലും മണി ഒന്നു കഴിഞ്ഞാൽ ഈ കടയ്ക്കുള്ളിലും പുറത്തുമെല്ലാം തിരക്കോടു തിരക്കു തന്നെ. ചുറ്റുവട്ടത്തുള്ള കോടതിയിലെ വക്കീലന്മാരും ട്രാഫിക് പോലീസ് സ്‌റ്റേഷനിലെ പോലീസുകാരും മുതൽ ദൂരെ നിന്നു രുചിമണം പിടിച്ചെത്തുന്ന ഭക്ഷണപ്രേമികളുമായി മൂന്നു മണിവരെ കട ഹൗസ്ഫുൾ.
വാസുവിന്റെ മകൻ അനിൽകുമാർ ആണിപ്പോൾ കട നടത്തുന്നത്. ’’അച്ഛന്റെ പേരിലാണ് ഇന്നും കട അറിയപ്പെടുന്നത്.’’ എണ്ണയിൽ മുങ്ങിക്കിടന്നു ഡാന്‍സ് കളിക്കുന്ന മത്തി അരിപ്പൊത്തവികൊണ്ടു മെല്ലേ ഇളക്കി വറുത്തു കോരുന്നതിനിടയിൽ അനിൽ കുമാർ പറഞ്ഞു.’’എണ്ണയിൽ മുക്കിപ്പൊരിച്ചാണ് മീൻ വറുക്കുന്നത്. അധികം കരുകരുപ്പാകാതെ പാകത്തിനു വേവിൽ കോരണം.’’ മീനിനൊപ്പമുള്ള ഈ പൊടി മാത്രം മതി ഒരു പ്ലേറ്റു ചോറുണ്ണാം. മീന്ൽ പുരട്ടി വച്ചിരിക്കുന്ന വറ്റൽ മുളകു ചതച്ചതാണ് ഈ പൊടിശ്രീമാൻ.
മത്തി വറുത്തത്
1.മത്തി – ഒരു കിലോ
2.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
മുളകുപൊടി – ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3.വറ്റൽമുളകു ചതച്ചത് – ഒരു വലിയ സ്പൂൺ
4.വെളിച്ചെണ്ണ – മുക്കിപ്പൊരിക്കാൻ
പാകം ചെയ്യുന്ന വിധം
∙മീൻ വെട്ടിക്കഴുകി വൃത്തിയാക്കി വയ്ക്കണം.
∙രണ്ടാമത്തെ ചേരുവ യോജിപ്പിച്ചതു മീനിൽ നന്നായി പുരട്ടിപ്പിടിപ്പിക്കണം. ഇതിലേക്കു വറ്റൽമുളകു ചതച്ചതും ചേർത്തു നന്നായി യോജിപ്പിക്കുക.
∙നന്നായി ചൂടായ വെളിച്ചെണ്ണയിലിട്ടു മുക്കിപ്പൊരിച്ചെടുക്കണം.